KSDLIVENEWS

Real news for everyone

പൊടിയിൽ കുളിച്ചുള്ള യാത്രയ്ക്ക് ശമനമാകും : ചർളടുക്കം-ചെർക്കള റോഡ് ടാറിങ് തുടങ്ങി

SHARE THIS ON

ചെർക്കള: ചെർക്കള-കല്ലടുക്ക അന്തസ്സംസ്ഥാന പാതയിൽ ചർളടുക്കംമുതൽ കെട്ടുംകല്ലുവരെ പൊടിയിൽ കുളിച്ചുള്ള യാത്രാദുരിതത്തിന് ശമനമാകും. കരിങ്കൽച്ചീളുകൾ നിരത്തി ആഴ്ചകൾ പിന്നിട്ടിട്ടും ടാറിടൽ തുടങ്ങാത്തതിനെ തുടർന്ന് യാത്രക്കാർ ബുദ്ധിമുട്ടുന്നതിനെപ്പറ്റി 19-ന് ‘മാതൃഭൂമി’ വാർത്ത നൽകിയിരുന്നു. ഇതേത്തുടർന്ന് ചൊവ്വാഴ്ച ചർളടുക്കയിൽനിന്ന് ടാറിടൽ തുടങ്ങി.

പ്രതിദിനം നൂറുകണക്കിന് വാഹനങ്ങൾ പോകുന്ന ചെർക്കള-കല്ലടുക്കം അന്തസ്സംസ്ഥാന പാതയിൽ ചെർക്കളമുതൽ ചർളടുക്കംവരെയുള്ള ഏഴുകിലോമീറ്ററിലെ നിർമാണമാണ് ഇഴഞ്ഞുനീങ്ങിയത്.

പാത നവീകരണം കഴിഞ്ഞ ഡിസംബറിൽ പൂർത്തിയാകുമെന്ന് മന്ത്രി നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ മാസങ്ങൾ പിന്നിട്ടിട്ടും പണിയിൽ കാര്യമായ പുരോഗതി ഉണ്ടായില്ല.

2018 ഒക്ടോബറിലാണ് ചെർക്കള-ഉക്കിനടുക്ക റോഡുപണി തുടങ്ങിയത്. 12 മാസമായിരുന്നു നിർമാണ കാലാവധി. 2019 ഒക്ടോബറിൽ പൂർത്തീകരിക്കേണ്ടതായിരുന്നു. പലകാരണങ്ങളാൽ പണി ഇഴഞ്ഞുനീങ്ങിയതിനാൽ നിർമാണ കാലാവധി ഇപ്പോൾ 2021 മേയ് 31 വരെ ദീർഘിപ്പിച്ചിട്ടുണ്ട്. ചർളടുക്കംമുതൽ എടനീർവരെയുള്ള ഭാഗത്ത്‌ നിലവിലുണ്ടായിരുന്ന റോഡ് കിളച്ചുമാറ്റി കരിങ്കൽച്ചീളുകൾ നിരത്തിയിരുന്നു. കെട്ടുംകല്ലുവരെയുള്ള റോഡ് കിളച്ച് മാറ്റിയിട്ടുണ്ട്. വലിയ വാഹനങ്ങൾ പോകുമ്പോൾ കരിങ്കൽച്ചീളുകൾ തെറിച്ചും പൊടി ഉയർന്നും പാതയോരത്തുകൂടി നടന്നുപോലും പോകാൻ കഴിയാത്ത അവസ്ഥയാണ്. പൊടിശല്യം ഒഴിവാക്കുന്നതിനായി നെല്ലിക്കട്ട ടൗണിലും മറ്റും ടാങ്കറിൽ വെള്ളം കൊണ്ടുവന്ന് നനയ്ക്കുന്നുണ്ടെങ്കിലും വേനൽ കടുത്തുതുടങ്ങിയതോടെ പൊടിക്ക് കുറവില്ലെന്നാണ് പരിസരത്തെ വ്യാപാരികൾ പറയുന്നത്. കരിങ്കൽച്ചീളുകൾ നിരത്തിയ ഭാഗത്ത് ടാർ ചെയ്താൽ യാത്രക്കാർക്ക് ഏറെ ആശ്വാസമാകും.

ചർളടുക്കംമുതൽ എതിർതോട് വരെയുള്ള രണ്ടരക്കിലോമീറ്ററിൽ മെക്കാഡം ടാറിടുന്നതിന്റെ ആദ്യഭാഗം ഒരാഴ്ചകൊണ്ട് പൂർത്തിയാക്കും. ഇടക്കാലത്ത് ഇഴഞ്ഞുനീങ്ങിയ നവീകരണത്തിന് ഇപ്പോൾ വേഗം വർധിച്ചിട്ടുണ്ടെന്നും മേയ് മാസത്തിൽ തന്നെ പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എൻജീനീയർ കെ. മഗേഷ് പറഞ്ഞു.

ചെർക്കളമുതൽ ഉക്കിനടുക്കവരെയുള്ള 19 കിലോമീറ്ററിൽ നവീകരണത്തിനായി 39.76 കോടി രൂപയാണ് അനുവദിച്ചത്. ഏഴുമുതൽ ഒമ്പതുമീറ്റർവരെ വീതിയിലാണ് മെക്കാഡം ടാറിടുന്നത്. ഉക്കിനടുക്കമുതൽ ചർളടുക്കംവരെയുള്ള നവീകരണം 90 ശതമാനവും പൂർത്തിയായിട്ടുണ്ട്.

ഇടക്കാലത്ത് നിലച്ച റോഡ് നവീകരണം നാട്ടുകാരുടെ തുടർച്ചയായ സമരത്തെ തുടർന്നാണ് പുനരാംരംഭിച്ചത്.

ഉക്കിനടുക്കമുതൽ കർണാടക അതിർത്തിയായ അടുക്കസ്ഥലവരെയുള്ള 10 കിലോമീറ്ററിൽ 27 കോടി രൂപ ചെലവിലുളള നവീകരണം പൂർത്തിയായിട്ടുണ്ട്. ദീർഘകാലത്തെ ജനകീയ മുറവിളിക്കൊടുവിൽ കിഫ്ബിയിൽ ഉൾപ്പെടുത്തിയാണ് പ്രവൃത്തികൾക്ക് തുക അനുവദിച്ചത്. ബെംഗളൂരിലേക്കുള്ള യാത്രയ്ക്ക് ഇതുവഴി 50 കിലോമീറ്ററോളം കുറഞ്ഞ് കിട്ടും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!