മുങ്ങിയത് മൂവായിരത്തിലേറെ കോവിഡ് രോഗികൾ; ബെംഗളൂരുവിൽ പ്രതിസന്ധി

ബെംഗളൂരു∙ നഗരത്തിൽ കോവിഡ് സ്ഥിരീകരിച്ച മൂവായിരത്തിലേറെ പേരെ കണ്ടെത്താൻ പൊലീസിനു കഴിഞ്ഞിട്ടില്ലെന്നു റവന്യു മന്ത്രി ആർ.അശോക. ആർടിപിസിആർ ഫലമറിഞ്ഞയുടൻ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ‘മുങ്ങുന്ന’ ഇത്തരം ആളുകളാണ് കോവിഡ് വ്യാപനത്തിനു പിന്നിലെന്നും അദ്ദേഹം പറഞ്ഞു.
സർക്കാർ സൗജന്യമായി നൽകുന്ന മരുന്നുകൾ ലഭിക്കണമെങ്കിൽ ഹോം ക്വാറന്റീനിൽ കഴിഞ്ഞേ മതിയാകൂ. എന്നാൽ ഇത്തരം ആളുകൾ ഗുരുതരാവസ്ഥയിലെത്തും വരെ കാത്തുനിന്നിട്ട് ആശുപത്രികളിലെ ഐസിയു കിടക്കകൾക്കായി മുറവിളി കൂട്ടുന്ന അവസ്ഥയാണു നിലവിലേതെന്നും അദ്ദേഹം പറഞ്ഞു.
അടച്ചിടൽ കാലയളവിൽ യാത്രയ്ക്ക് പ്രത്യേക പാസ് വേണ്ട
അടച്ചിടലിനെ തുടർന്നുള്ള യാത്രയ്ക്ക് പ്രത്യേക പാസ് അനുവദിക്കില്ലെന്നും, തിരിച്ചറിയൽ കാർഡുകളും മറ്റും ഇതിനായി പ്രയോജനപ്പെടുത്തണമെന്നും പൊലീസ്. അവശ്യസേവന രംഗങ്ങളിൽ പ്രവർത്തിക്കുന്നവർക്കും അനുവദനീയമായ വ്യവസായശാല, കർഷക തൊഴിലാളികൾ, ഹോം ഡെലിവറി, ചരക്കു നീക്കം തുടങ്ങിയവയ്ക്കാണ് മേയ് 12 വരെ യാത്രാനുമതിയുളളത്.
അടിയന്തര മെഡിക്കൽ ആവശ്യങ്ങൾക്കും യാത്ര ചെയ്യാം. ഇത്തരം ആളുകൾ യാത്രയുടെ ഉദ്ദേശ്യം വെളിപ്പെടുത്തുന്ന രേഖകളോ, ഐഡി കാർഡുകളോ, കമ്പനികൾ നൽകുന്ന കത്തോ അടച്ചിടൽ അവസാനിക്കുന്ന മേയ് 12 വരെ കൈവശം വയ്ക്കേണ്ടതുണ്ടെന്നും അധികൃതർ ഓർമിപ്പിച്ചു.
മദ്യവിൽപനശാലകൾ രാവിലെ 10 വരെ
മദ്യശാലകളും മൈക്രോ ബ്രൂവറികളും രാവിലെ 6 മുതൽ 10 വരെ മാത്രമേ തുറക്കാൻ പാടുള്ളൂ. ഇവിടങ്ങളിൽ നിന്നു പാഴ്സലുകൾ മാത്രമേ അനുവദിക്കാവൂ എന്നും എക്സൈസ് വകുപ്പ് അറിയിച്ചു. എംആർപി മദ്യ വിൽപന ഒൗട്ട്ലെറ്റുകളിലെ ജീവനക്കാർ കയ്യുറകളും മാസ്ക്കും ധരിക്കണം. കടകൾക്കുള്ളിൽ സുരക്ഷാ അകലം പാലിക്കാനുള്ള നടപടികളും സ്വീകരിക്കണം. അവശ്യസാധനങ്ങൾ ലഭിക്കുന്ന കടകൾക്കു പുറമേ എപിഎംസി മാർക്കറ്റുകളും നിർമാണ സാധനങ്ങൾ ലഭിക്കുന്ന കടകളും രാവിലെ 10 വരെ തുറക്കാം.
സർക്കാരുമായി സഹകരിക്കണമെന്ന് യെഡിയൂരപ്പ
അടച്ചിടൽ മാർഗനിർദേശം പാലിച്ച് പരമാവധി ആളുകൾ വീട്ടിലിരുന്ന്, കോവിഡിനെ വരുതിയിലാക്കാൻ സർക്കാരുമായി സഹകരിക്കണമെന്ന് മുഖ്യമന്ത്രി യെഡിയൂരപ്പ. അടിയന്തര കാര്യങ്ങൾക്കു മാത്രമേ പുറത്തിറങ്ങാവൂ. 27നു രാത്രി 9 മുതൽ അടച്ചിടൽ നിയന്ത്രണങ്ങൾ നിലവിൽ വന്നതോടെ റോഡുകളും മറ്റും ഒഴിഞ്ഞ നിലയിലാണുള്ളത്.
50% സർക്കാർ ജീവനക്കാർക്കും വീട്ടിലിരുന്നു ജോലി ചെയ്യാൻ അനുമതി നൽകിയിട്ടുണ്ട്. ആരോഗ്യ കുടുംബക്ഷേമം, മെഡിക്കൽ വിദ്യാഭ്യാസം, ആഭ്യന്തരം, റവന്യു വകുപ്പുകളിലെ ജീവനക്കാർ മാത്രമേ കൃത്യമായി ഓഫിസുകളിൽ എത്തേണ്ടതുള്ളൂ. ഭിന്നശേഷിക്കാരും ഗർഭിണികളും ജോലിക്ക് ഹാജരാകേണ്ടതില്ല
English Summary: Around 3,000 people who have been tested positive for Covid-19 have gone missing in Bengaluru

