പോസിറ്റീവാകുന്നവരുടെ എണ്ണം 7000 വരെയെത്താം, 1101 ഓക്സിജൻ ബെഡ് ഒരുക്കാൻ തീരുമാനം

കാഞ്ഞങ്ങാട് ∙ ജില്ലയിൽ പുതിയതായി റിപ്പോർട്ട് ചെയ്ത കോവിഡ് മഹാരാഷ്ട്ര വകഭേദത്തിന്റെ പകർച്ച കൂടിയാൽ രോഗികൾക്ക് ഓക്സിജൻ സൗകര്യത്തോടു കൂടിയ വിദഗ്ധ ചികിത്സ വേണ്ടി വരും. അതിതീവ്ര വ്യാപന ശേഷിയാണ് ഈ വൈറസിന്. അങ്ങനെ വന്നാൽ ജില്ലയിൽ പ്രതിദിനം കോവിഡ് പോസിറ്റീവാകുന്നവരുടെ എണ്ണം 7000 വരെയെത്താം എന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്കു കൂട്ടൽ. നിലവിൽ യുകെ വകഭേദമാണ് ജില്ലയിൽ കൂടുതലായി റിപ്പോർട്ട് ചെയ്തത്. ദക്ഷിണാഫ്രിക്ക വകഭേദങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഓക്സിജൻ കിടക്കകൾ ജില്ലയിൽ 160 മാത്രം ജില്ലയിലെ നിലവിലെ സാഹചര്യത്തിൽ ഓക്സിജൻ നൽകാനുള്ള സൗകര്യം വളരെ പരിമിതമാണ്. സർക്കാർ മേഖലയിൽ 160 ഓക്സിജൻ കിടക്കകൾ മാത്രമാണ് ഉള്ളത്. ഉക്കിനടുക്ക മെഡിക്കൽ കോളജ്, ടാറ്റാ ആശുപത്രി എന്നിവിടങ്ങളിലായി 74, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ 40, കാസർകോട് ജനറൽ ആശുപത്രിയിൽ 36 , ഗുരുവനം ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ 10 എന്നിങ്ങനെയാണ് ഓക്സിജൻ സൗകര്യത്തോട് കൂടിയ കിടക്കകളുള്ളത്. ജില്ലയിൽ 59 വെന്റിലേറ്ററുകൾ, 114 ഐസിയു ബെഡ്, 1101 ഓക്സിജൻ ബെഡ്, 589 സാധാരണ ബെഡ് എന്നിവ ഒരുക്കാൻ കലക്ടർ ഡി.സജിത്ത്ബാബുവിന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ ദുരന്തനിവാരണ സമിതിയോഗം തീരുമാനിച്ചിട്ടുണ്ട്. ചട്ടഞ്ചാലിൽ ജില്ലാ പഞ്ചായത്ത് ഓക്സിജൻ പ്ലാന്റ് സ്ഥാപിക്കും കാസർകോട്∙ ചട്ടഞ്ചാൽ വ്യവസായ പാർക്കിൽ ഓക്സിജൻ പ്ലാന്റ് സ്ഥാപിക്കാൻ ജില്ലാ പഞ്ചായത്ത് യോഗം തീരുമാനിച്ചു. ത്രിതല പഞ്ചായത്തുകളും നഗരസഭകളും ചേർന്നാണ് പ്ലാന്റ് സ്ഥാപിക്കുന്നത്. 50 ലക്ഷം രൂപയും ഭൂമിയും ജില്ലാ പഞ്ചായത്ത് അനുവദിക്കും. 3 ലക്ഷം രൂപ വീതം പഞ്ചായത്തുകളും 5 ലക്ഷം രൂപ വീതം ബ്ലോക്ക് പഞ്ചായത്തുകളും നഗരസഭകളും വകയിരുത്തും. ഇതിൽ ജില്ലാ ആസൂത്രണ സമിതി അന്തിമ തീരുമാനം അറിയിക്കും. യോഗത്തിൽ പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. നിർദിഷ്ട സ്ഥലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, കലക്ടർ ഡി.സജിത്ത് ബാബു, കാസർകോട് വികസന പാക്കേജ് സ്പെഷൽ ഓഫിസർ ഇ.പി. രാജ്മോഹൻ, ഫിനാൻസ് ഓഫിസർ കെ.സതീശൻ, വ്യവസായ കേന്ദ്രം മാനേജർ സജിത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദർശിച്ചു. അതിർത്തി ജില്ലയെന്ന പ്രത്യേകതയും തെക്കിൽ ടാറ്റ കോവിഡ് ആശുപത്രി, കാസർകോട് മെഡിക്കൽ കോളജ് എന്നിവയുടെ സാന്നിധ്യവും ഭാവിയിൽ മരുന്ന് ഫാക്ടറികളടക്കം ആരോഗ്യ രംഗത്തുണ്ടാകുന്ന നിക്ഷേപ സാധ്യതകളും വ്യാവസായിക ആവശ്യത്തിനുള്ള ഓക്സിജൻ ലഭ്യതയും മുന്നിൽ കണ്ടാണ് വ്യവസായ പാർക്കിൽ പ്ലാന്റ് സ്ഥാപിക്കാൻ ജില്ലയുടെ ഭരണ നേതൃത്വം കൈകോർക്കുന്നത്. പ്ലാന്റിന്റെ നിർമാണം എന്ന് പൂർത്തിയാകുമെന്ന കാര്യത്തിൽ വ്യക്തതയില്ല.

