KSDLIVENEWS

Real news for everyone

കോവിഡ് പ്രതിരോധം; യു.എസിന്റെ ആദ്യഘട്ട സഹായം ഡല്‍ഹിയില്‍ പറന്നിറങ്ങി

SHARE THIS ON

ന്യൂഡൽഹി: കോവിഡ് രണ്ടാം തരംഗത്തിൽ പ്രതിസന്ധിയിലായ ഇന്ത്യക്കുള്ള യുഎസിന്റെ മെഡിക്കൽ സഹായവുമായി ആദ്യ വിമാനം ഡൽഹിയിലെത്തി. വെള്ളിയാഴ്ച ഒരു പ്രത്യേക വിമാനം കൂടി സഹായവുമായി ഇന്ത്യയിലെത്തും. കൂടുതൽ വിമാനങ്ങൾ അടുത്ത ആഴ്ച തന്നെ എത്തുമെന്ന് അധികൃതർ അറിയിച്ചു.

ഓക്സിജൻ കോൺസെൻട്രേറ്റുകൾ, ഓക്സിജൻ ജനറേഷൻ യൂണിറ്റുകൾ, പിപിഇ-വാക്സിൻ നിർമാണത്തിനാവശ്യമായ വസ്തുക്കൾ, ദ്രുത പരിശോധന കിറ്റുകൾ തുടങ്ങിയവയാണ് യുഎസിൽ നിന്ന് അവരുടെ വ്യോമസേന വിമാനത്തിൽ വെള്ളിയാഴ്ച രാവിലെ ഡൽഹിയിലെത്തിയത്.

’70 വർഷത്തിലേറെയുള്ള ബന്ധമാണ് ഇന്ത്യയുമായുള്ളത്. കോവിഡിനെതിരായ പോരാടുന്ന ഘട്ടത്തിൽ അമേരിക്ക ഇന്ത്യക്കൊപ്പം നിൽക്കുന്നു’ഇന്ത്യയിലെ യുഎസ് എംബസി ട്വീറ്റ് ചെയ്തു.

കോവിഡിന്റെ രണ്ടാംതരംഗത്തെ നേരിടാൻ ഇന്ത്യക്ക് സഹായം വാഗ്ദാനം ചെയ്ത് യുഎസ് അടക്കം നാൽപ്പതിലേറെ രാജ്യങ്ങൾ എത്തിയിട്ടുണ്ട്. വിവിധ രാജ്യങ്ങളിൽനിന്നായി 550 ഓക്സിജൻ ജനറേറ്റർ പ്ലാന്റുകളും 4000 ഓക്സിജൻ കോൺസെൻട്രേറ്ററുകളും 10000 ഓക്സിജൻ സിലിൻഡറുകളും ഇന്ത്യ പ്രതീക്ഷിക്കുന്നതായി വിദേശകാര്യ സെക്രട്ടറി ഹർഷ് വർധൻ ശൃംഗ്ള വ്യാഴാഴ്ച പത്രസമ്മേളനത്തിൽ പറഞ്ഞു.

അമേരിക്ക, റഷ്യ, ബ്രിട്ടൻ, ഫ്രാൻസ്, ജർമനി, ജപ്പാൻ, ഗൾഫ് രാജ്യങ്ങൾ, അയൽരാജ്യങ്ങളായ ബംഗ്ലാദേശ്, ഭൂട്ടാൻ, ചൈന തുടങ്ങിയവയാണ് ഇന്ത്യയെ സഹായിക്കാനെത്തിയിരിക്കുന്നത്. റഷ്യയിൽനിന്ന് രണ്ടു വിമാനങ്ങളിൽ ഓക്സിജൻ ഉത്പാദന സാമഗ്രികളും വെന്റിലേറ്ററുകളും കഴിഞ്ഞ ദിവസം എത്തി. യു.എ.ഇ.യിൽനിന്നുള്ള സഹായങ്ങളുമെത്തി. അയർലൻഡ്, ഫ്രാൻസ് എന്നിവിടങ്ങളിൽനിന്നുള്ള സഹായങ്ങളുമായി അടുത്തദിവസങ്ങളിൽ വിമാനങ്ങളെത്തും. ഓക്സിജനും അതുത്പാദിപ്പിക്കാനുള്ള ഉപകരണങ്ങൾക്കുമാണ് സഹായങ്ങളിൽ ഇന്ത്യ മുൻതൂക്കം നൽകുന്നത്.

ഈജിപ്തിൽനിന്ന് നാലുലക്ഷം യൂണിറ്റ് റെംഡെസിവിർ വാങ്ങാൻ ആലോചിക്കുന്നുണ്ട്. യു.എ.ഇ, ബംഗ്ലാദേശ്, ഉസ്ബെക്സ്താൻ എന്നിവിടങ്ങളിൽനിന്നും ഈ മരുന്ന് എത്തിക്കാൻ നോക്കുന്നുണ്ട്. കോവിഡ് വാക്സിൻ പുറത്തുനിന്നു വാങ്ങാനും ആലോചനയുണ്ട്. ഇന്ത്യൻ കമ്പനികൾ, അന്താരാഷ്ട്ര കമ്പനികൾ, പ്രവാസി ഇന്ത്യക്കാരുടെ കമ്പനികൾ, പ്രവാസി ഇന്ത്യൻ സമൂഹം എന്നിവ വഴിയും സഹായമെത്തുന്നുണ്ടെന്ന് ശൃംഗ്ള പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!