ആശുപത്രി കാവൽക്കാരനെ താക്കോൽ കൊണ്ട് മുഖത്ത് കുത്തിപ്പരുക്കേൽപ്പിച്ചെന്ന് പരാതി

കാസർകോട് ∙ ജനറൽ ആശുപത്രിയിലെ കാവൽക്കാരനെ താക്കോൽ കൊണ്ട് മുഖത്ത് കുത്തിപ്പരുക്കേൽപ്പിച്ചു. പരുക്കേറ്റ നീലേശ്വരം സ്വദേശി ശ്രീധരൻ (51) ചികിത്സ തേടി. പ്രസവ വാർഡിൽ പോകാനായി സ്ത്രീയോടൊപ്പം എത്തിയ ഒരാളെ തടഞ്ഞപ്പോഴാണ് താക്കോൽ കൊണ്ട് കുത്തി പരുക്കേൽപ്പിച്ചത്. സ്ത്രീയെ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കിയപ്പോൾ കടത്തി വിട്ടു. എന്നാൽ ഇവരോടൊപ്പം എത്തിയ യുവാവ് പോകാൻ ശ്രമിച്ചപ്പോൾ കാവൽക്കാരൻ തടയുന്നതിനിടെ അക്രമിക്കുകയായിരുന്നു. കാവൽക്കാരന്റെ മുഖത്ത് നിന്നു ചോര വന്നപ്പോൾ അക്രമി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ അവിടെയുണ്ടായിരുന്നവർ പിടികൂടി പൊലീസീൽ ഏൽപ്പിക്കുകയായിരുന്നു. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സന്ദർശകരെ ആശുപത്രിയിലേക്ക് പ്രവേശിപ്പിക്കുന്നതിനു നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് ആശുപത്രി സ്റ്റാഫ് കൗൺസിലിന്റെ നേതൃത്വത്തിൽ പൊതുയോഗവും നടത്തി. ആശുപത്രിയിൽ പൊലീസുകാരെ ഡ്യൂട്ടി നിയോഗിക്കണമെന്നും ഇത്തരം അതിക്രമങ്ങൾ കോവിഡ് കാലത്ത് ജീവനക്കാരുടെ മനോവീര്യം തകർക്കുകയാണെന്നും യോഗം അഭിപ്രായപ്പെട്ടു. സെക്രട്ടറി കെ. ശൈലന്ദ്രൻ , സ്റ്റാഫ് കൗൺസിൽ പ്രസിഡന്റ് ഡോ.കെ.മഹേഷ്, ഡോ.സുനിൽ ചന്ദ്രൻ, ഡോ.ബി.നാരായണ നായ്ക്ക് , സ്റ്റാഫ് നഴ്സ് പി.വി.അനീഷ്, കെ.രവീന്ദ്രൻ, എം.കുഞ്ഞിക്കണ്ണൻ എന്നിവർ പ്രസംഗിച്ചു.

