വോട്ടെണ്ണാൻ കാസർകോട് ജില്ല; ഫലം തൽസമയം അറിയാം, ടേബിളുകൾ ഒരുക്കുന്നത് ഇങ്ങനെ

കാസർകോട് ∙ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ മേയ് 2ന് ജില്ലയിലെ 5 കേന്ദ്രങ്ങളിലായി നടക്കും. രാവിലെ 8നു വോട്ടെണ്ണൽ ആരംഭിക്കും. കുമ്പള ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ, കാസർകോട് ഗവ. കോളജ്, ഉദുമ-പെരിയ ഗവ. പോളിടെക്നിക് കോളജ്, കാഞ്ഞങ്ങാട്-നെഹ്‌റു കോളജ്, പടന്നക്കാട്, തൃക്കരിപ്പൂർ ഗവ. പോളിടെക്നിക് കോളജ് എന്നിവിടങ്ങളാണ് വോട്ടെണ്ണൽ കേന്ദ്രങ്ങൾ. രാവിലെ 8നു പോസ്റ്റൽ ബാലറ്റുകൾ എണ്ണാൻ തുടങ്ങും. ആദ്യം ഇടിപിബിഎസ് പോസ്റ്റൽ ബാലറ്റുകൾ എണ്ണും. 8.30ന് ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിലെ വോട്ടെണ്ണൽ തുടങ്ങും. വോട്ടെണ്ണൽ ദിവസം രാവിലെ 7.59 വരെ തപാലിൽ ലഭിക്കുന്ന പോസ്റ്റൽ ബാലറ്റുകൾ മാത്രമാണു സ്വീകരിക്കുന്നതെന്നും ഇത് സംബന്ധിച്ച് തപാൽ വകുപ്പിനു നിർദേശം നൽകിയതായും കലക്ടർ ഡി.സജിത് ബാബു അറിയിച്ചു. ∙ ടേബിളുകൾ ഒരുക്കുന്നത് ഇങ്ങനെ ഓരോ കേന്ദ്രത്തിലും ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിലെ വോട്ടെണ്ണാൻ 4 ഹാൾ വീതം ഉണ്ടാകും. ഓരോ ഹാളിലും 5 ടേബിൾ വീതമായി ആകെ 20 ടേബിൾ ഉണ്ടാകും. പോസ്റ്റൽ ബാലറ്റ് എണ്ണാൻ ഓരോ ഹാൾ വീതം ഉണ്ടാകും. പോസ്റ്റൽ ബാലറ്റിന് മഞ്ചേശ്വരം, കാസർകോട് മണ്ഡലത്തിൽ 5 വീതവും ഉദുമ, കാഞ്ഞങ്ങാട് മണ്ഡലങ്ങളിൽ 10 വീതവും തൃക്കരിപ്പൂരിൽ 18 ടേബിളുമാണ് ഒരുക്കുന്നത്.മഞ്ചേശ്വരം മണ്ഡലത്തിൽ 336 പോളിങ് ബൂത്തുകളുണ്ട്. വോട്ടണ്ണലിന് 17 റൗണ്ട് ഉണ്ടാവും. കാസർകോട് 296 ബൂത്തുകളിൽ പതിനഞ്ചും ഉദുമയിൽ 316 ബൂത്തുകളിൽ 16 റൗണ്ടും കാഞ്ഞങ്ങാട് 336 ബൂത്തുകൾക്കായി പതിനേഴും തൃക്കരിപ്പൂർ 307 ബൂത്തുകളിലായി 16 റൗണ്ടുമാണ് ഒരുക്കുന്നത്. ഒരു റൗണ്ടിൽ 20 ബൂത്തുകളാണ് എണ്ണുക. ∙ സ്ട്രോങ് മുറി 7.45നു തുറക്കും രാവിലെ 7.45ന് സ്ഥാനാർഥികളുടെയും ഏജന്റുമാരുടെയും സാന്നിധ്യത്തിൽ സ്‌ട്രോങ് മുറി തുറക്കും. അവരുടെ സാന്നിധ്യത്തിൽ ഇവിഎം, പോസ്റ്റൽ ബാലറ്റുകൾ എന്നിവ വരണാധികാരിയുടെ ടേബിളിൽ എത്തിക്കും. വരണാധികാരിയുടെ ചുമതലയിലാണ് വോട്ടെണ്ണൽ നടക്കുക. ഒരു ഹാളിൽ വരണാധികാരിയും മറ്റു 4 ഹാളുകളിൽ സഹവരണാധികാരികളും ഉണ്ടാകും. ∙ ഫലം തൽസമയം ഓരോ റൗണ്ട് വോട്ടെണ്ണലിന്റെ ഫലവും വരണാധികാരി കമ്മിഷന്റെ എൻകോർ സോഫ്റ്റ്‌വെയറിൽ അപ്‌ലോഡ് ചെയ്യും. ഈ വിവരങ്ങൾ ക്രോഡീകരിച്ച് കമ്മിഷന്റെ വെബ്സൈറ്റിൽ നേരിട്ട് ഫലം അപ്‌ലോഡ് ചെയ്യും. https://results.eci.gov.in/ എന്ന ഇലക്ഷൻ റിസൽട്ട്‌സ് പോർട്ടലിലാണ് ട്രെൻഡുകളും ഫലവും തൽസമയം ലഭ്യമാവുക. വോട്ടർ ഹെൽപ്‌ലൈൻ (Voter Helpline) മൊബൈൽ ആപ്പിലും ഫലം ലഭിക്കും. ∙ 885 ജീവനക്കാർ യമസഭാ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് ജില്ലയിലെ 5 നിയോജക മണ്ഡലങ്ങളിലേക്കായി 885 ജീവനക്കാരെ നിയമിച്ചു. 295 വീതം കൗണ്ടിങ് സൂപ്പർവൈസർമാർ, കൗണ്ടിങ് അസിസ്റ്റന്റുമാർ, മൈക്രോ ഒബ്സർവർമാർ എന്നിങ്ങനെയാണ് നിശ്ചയിച്ചത്. മേയ് 2നു രാവിലെ 5നു നടത്തുന്ന റാൻഡമൈസേഷനിലൂടെയാണ് ഇവർ ഏത് ടേബിളിൽ ആണ് ഡ്യൂട്ടി ചെയ്യുക എന്ന് തീരുമാനിക്കുക. കൗണ്ടിങ് ഓഫിസർമാർ കയ്യുറയും മാസ്‌കും ഫേസ്ഷീൽഡും ധരിക്കും. കൗണ്ടിങ് ഹാളിൽ എത്തുന്ന സ്ഥാനാർഥികളും കൗണ്ടിങ് ഏജന്റുമാരും മാസ്‌കും സാനിറ്റൈസറും ഉപയോഗിക്കണം. ആഹ്ലാദ പ്രകടനങ്ങൾ പൂർണമായും ഒഴിവാക്കണം. വോട്ടെണ്ണൽ ഹാളിൽ മൊബൈൽ ഫോൺ ഉപയോഗം അനുവദിക്കില്ല.

