കെ.സുധാകരനും വി.ഡി. സതീശനും വേണ്ടി മുറവിളി; എ.ഐ.സി.സി.യിലേക്ക് സന്ദേശ പ്രവാഹം

ന്യൂഡൽഹി: കെ.സുധാകരനും വി.ഡി. സതീശനും വേണ്ടി എ.ഐ.സി.സി.യിലേക്ക് സന്ദേശ പ്രവാഹം. കെ.സുധാകരനെ കെ.പി.സി.സി അധ്യക്ഷനും വി.ഡി. സതീശനെ പ്രതിപക്ഷനേതാവുമാക്കണമെന്നാണ് ആവശ്യം. കെ.സി. വേണുഗോപാലിനെതിരേയും കെ.പി.സി.സി. അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെതിരേയും പരാതിയും പ്രവഹിക്കുകയാണ്.
കേരളത്തിൽ രാഷ്ട്രീയ കാര്യസമിതി ചേരാനിരിക്കെയാണ് എ.ഐ.സി.സി.യിലേക്ക് സന്ദേശ പ്രവാഹം ഉണ്ടായിരിക്കുന്നത്. കെ.സുധാകരനും വി.ഡി. സതീശനും വേണ്ടി ആയിരക്കണക്കിന് ഇ-മെയിൽ സന്ദേശങ്ങൾ ലഭിക്കുന്നു എന്നാണ് എ.ഐ.സി.സി. വൃത്തങ്ങൾ നൽകുന്ന സൂചന. ഇൻബോക്സ് നിറഞ്ഞു കവിയുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നാണ് ഹൈക്കമാൻഡ് വൃത്തങ്ങൾ പറയുന്നത്.
ഇംഗ്ലീഷിന് പുറമേ, ഹിന്ദിയിലും സന്ദേശങ്ങൾ എത്തുന്നുണ്ട്. ചില നേതാക്കൾ ചുളുവിൽ കേരളത്തിൽ മുഖ്യമന്ത്രിയാകാൻ ശ്രമം നടത്തുന്നു എന്നാണ് ചില ദേശീയ നേതാക്കളെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ട് സന്ദേശങ്ങൾ വരുന്നത്. കെ.പി.സിസി. അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെതിരേയും കനത്ത പരാതി എത്തുന്നുണ്ട്. കേരളത്തിൽ നേതൃത്വം മാത്രമാണുള്ളതെന്നും താഴേത്തട്ടിൽ പാർട്ടി ഇല്ലെന്നുമാണ് അതിലൊന്ന്.
കൂടാതെ ഗ്രൂപ്പുകൾ പാർട്ടിയുടെ അന്ത്യം കുറിക്കുമെന്നും ഗ്രൂപ്പ് മാനേജർമാരാണ് കേരളത്തിലെ പാർട്ടിയുടെ പ്രശ്നങ്ങൾക്ക് പിന്നിലെന്നും ചിലർ പരാതിയിൽ പറയുന്നുണ്ട്. ഇതിനിടെ എ.ഐ.സി.സി. പ്രതിനിധികൾ വൈകാതെ കേരളത്തിലേക്ക് യാത്രതിരിക്കും.

