KSDLIVENEWS

Real news for everyone

സംസ്ഥാനത്തെ സർക്കാർ പനി ക്ലിനിക്കുകളെല്ലാം കോവിഡ് ക്ലിനിക്കുകളാക്കണം, ഈമാസം കോവിഡ് ചികിത്സ മാത്രം- സർക്കാർ ഉത്തരവ്

SHARE THIS ON

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് സർക്കാർ ആശുപത്രികൾ ഈ മാസം കോവിഡ് ചികിത്സയിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് സർക്കാർ നിർദ്ദേശം നൽകി. എല്ലാ പനി ക്ലിനിക്കുകളും കോവിഡ് ക്ലിനിക്കുകളാക്കി മാറ്റണം. താലൂക്ക് ആശുപത്രികളിൽ ഓക്സിജൻ കിടക്കകളും അഞ്ച് വെന്റിലേറ്ററുകളും സജ്ജമാക്കാനും ആരോഗ്യവകുപ്പ് അടിയന്തര നിർദ്ദേശം നൽകി.

കോവിഡ് രോഗികളുടെ എണ്ണം ഇനിയും കുത്തനെ ഉയർന്നേക്കാമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ചികിത്സ സംവിധാനങ്ങൾ ശക്തിപ്പെടുത്താൻ അടിയന്തര നടപടിക്ക് സർക്കാർ നിർദ്ദേശം നൽകിയത്. കോവിഡ് ക്ലിനിക്കുകളാക്കി മാറ്റുന്ന സർക്കാർ ആശുപത്രികൾ, റഫറൽ പ്രോട്ടോകോൾ അനുസരിച്ചാണ് പ്രവർത്തിക്കേണ്ടത്. ഇവിടെ കോവിഡ് പരിശോധനയ്ക്കും സൗകര്യമൊരുക്കണം.

ഈ മാസം 31 വരെ സർക്കാർ ആശുപത്രികൾ കോവിഡ് ചികിത്സയിൽ ശ്രദ്ധകേന്ദ്രീകരിക്കണമെന്നതാണ് മറ്റൊരു നിർദ്ദേശം. അടിയന്തര ചികിത്സ ആവശ്യമായവർക്ക് മാത്രമായി ഇത്തരം ആശുപത്രികളിൽ സേവനവും ചികിത്സയും പരിമിതപ്പെടുത്തണം.

കിടപ്പുരോഗികൾക്ക് കോവിഡ് ബാധിച്ചാൽ വീടുകളിൽ ഓക്സിജൻ കോൺസെന്ററേറ്ററുകൾ സജ്ജമാക്കണമെന്നതാണ് മറ്റൊരു നിർദ്ദേശം വാർഡ് തല സമിതികളാണ് ഇതിനുള്ള സംവിധാനമൊരുക്കേണ്ടത്. കൂടാതെ സ്വകാര്യ ആശുപത്രികൾ കോവിഡ് ഒപി തുടങ്ങണമെന്നും ഓക്സിജൻ കിടക്കകളും ഐസിയുവും കുറഞ്ഞത് 50 ശതമാനമായി വർദ്ധിപ്പിക്കാനും സർക്കാർ നിർദേശിച്ചിട്ടുണ്ട്.

ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഗൗൺ, ഗ്ലൗസ്, എൻ95 മാസ്ക്, ഫേസ് ഷീൽഡ് എന്നിവ ധരിച്ച് അന്താരാഷ്ട്ര തലത്തിൽ അംഗീകരിച്ച പ്രോട്ടോക്കോളുകൾ പാലിച്ചാകണം കോവിഡ് രോഗികളെ ചികിത്സിക്കേണ്ടതെന്നാണ് സർക്കാർ നിർദ്ദേശിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!