സ്വകാര്യ ആശുപത്രികള് പിടിവാശി കാട്ടരുത്; സര്ക്കാര് നിശ്ചയിച്ച നിരക്കേ ഈടാക്കാവൂ എന്ന് ഹൈക്കോടതി

കൊച്ചി: കോവിഡ് ചികിത്സയ്ക്ക് അമിത നിരക്ക് ഈടാക്കുന്ന സ്വകാര്യ ആശുപത്രികളെ നിയന്ത്രിക്കുന്നതിന് സർക്കാർ ഇറക്കിയ വിജ്ഞാപനം അനുസരിക്കണമെന്ന് ഹൈക്കോടതി. രജിസ്ട്രേഷൻ, കിടക്ക, നേഴ്സിങ് ചാർജ് തുടങ്ങിയവ അടക്കമുള്ളവ ഉൾപ്പെടെ 2645 രൂപ മാത്രമേ ജനറൽ വാർഡുകളിൽ ഈടാക്കാവൂ എന്നായിരുന്നു സർക്കാരിന്റെ വിജ്ഞാപനം. ജനങ്ങളെ കൊള്ളയടിക്കുകയാണ് പല സ്വകാര്യ ആശുപത്രികളും ചെയ്യുന്നതെന്നും അത് അനുവദിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. വലിയ ക്രമക്കേടുകൾ പല സ്വകാര്യ ആശുപത്രികളിലും കാണുന്നുണ്ട്. ഒരു വാർഡിൽ ആകെ രണ്ട് പിപിഇ കിറ്റുകൾ ഉപയോഗിക്കുമ്പോൾ ഓരോ രോഗിയിൽനിന്നും രണ്ട് കിറ്റുകളുടെ വില ഈടാക്കുന്നു. ഇത് പാടില്ല. ഉപയോഗിക്കുന്ന രണ്ട് കിറ്റുകളുടെ ആനുപാതികമായ തുക മാത്രമേ ഓരോ രോഗിയിൽനിന്നും ഈടാക്കാൻ പാടുള്ളൂ എന്ന് കോടതി നിർദേശിച്ചു. ഒരു കഞ്ഞിക്ക് മാത്രം 1350 രൂപ വരെ വാങ്ങുന്ന സ്ഥിതി പല സ്വകാര്യ ആശുപത്രികളിലും ഉണ്ട്. പാരസെറ്റാമോളിന് മാത്രം 25 മുതൽ 45 രൂപവരെ വാങ്ങിയ ആശുപത്രികളുണ്ട്. ഇത് പരിശോധിച്ച് ബോധ്യപ്പെട്ട കാര്യമാണെന്നും കോടതി പറഞ്ഞു. സാധാരണക്കാരിൽ സാധാരണക്കാരായ ജനങ്ങളാണ് ഈ സാഹചര്യത്തിൽ വലിയ പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നത്. ആരോഗ്യ മേഖല നൂറു ശതമാനം സജ്ജരായി ഇപ്പോൾ നീങ്ങുകയാണ്, അത് അഭിനന്ദനാർഹമാണ്. എന്നാൽ ഈ സാഹചര്യത്തിൽ ജനങ്ങൾക്കൊപ്പം നിൽക്കേണ്ട നിങ്ങൾ ന്യായീകരിക്കാനാകാത്ത തുക രോഗികളിൽനിന്ന് വാങ്ങുന്നത് വലിയ തെറ്റുതന്നെയാണ്. 1000 രൂപ ദിവസക്കൂലിയുള്ള ആൾക്ക് രണ്ടര ലക്ഷം രൂപയുടെ ബില്ല് നൽകുന്നത് നീതീകരിക്കാനാവുന്ന കാര്യമല്ലെന്നും കോടതി വ്യക്തമാക്കി. രാജ്യത്ത് നിലനിൽക്കുന്ന കോവിഡ് മഹാമാരിയുടെ പ്രത്യേക സാഹചര്യത്തിൽ സ്വകാര്യ ആശുപത്രികൾ പിടിവാശി കാണിക്കരുതെന്നും ഇത് ലാഭമുണ്ടാക്കാനുള്ള സമയമല്ലെന്നും കോടതി പറഞ്ഞു. ജനങ്ങൾക്കൊപ്പം നിൽക്കേണ്ട സമയമാണിത്. രണ്ടുമൂന്ന് മാസമെങ്കിലും ഇതിനോട് സഹകരിച്ചേ പറ്റൂ. ഉത്തരവ് എല്ലാ സ്വകാര്യ ആശുപത്രികൾക്കും എഫ്എൽടിസികൾക്കും ബാധകമാണെന്നും കോടതി പറഞ്ഞു. രണ്ടാഴ്ചയ്ക്കു ശേഷം കേസ് വീണ്ടും പരിഗണിക്കുമെന്നും കോടതി പറഞ്ഞു. സംസ്ഥാനത്ത് സ്വകാര്യ ആശുപത്രികളിലെ ചികിത്സാ നിരക്ക് നിജപ്പെടുത്തിക്കൊണ്ട് വിജ്ഞാപനം ഇറക്കിയിട്ടുള്ളതായി സർക്കാർ ഇന്ന് കോടതിയിൽ വ്യക്തമാക്കിയിരുന്നു. രജിസ്ട്രേഷൻ, കിടക്ക, നേഴ്സിങ് ചാർജ് തുടങ്ങിയവ അടക്കമുള്ളവ ഉൾപ്പെടെ 2645 രൂപ മാത്രമേ ജനറൽ വാർഡുകളിൽ ഈടാക്കാവൂ എന്നാണ് വിജ്ഞാപനം. സർക്കാർ ഇത്തരമൊരു വിജ്ഞാപനം ഇറക്കിയതിനെ കോടതി പ്രശംസിച്ചു. ഇത് സ്വാഗതാർഹമാണെന്നും കോടതി പറഞ്ഞു. ജനറൽ വാർഡിൽ രണ്ട് പിപിഇ കിറ്റ് മാത്രമേ ഒരു രോഗിക്ക് ഉപയോഗിക്കാവൂ എന്നും ഐസിയുവിൽ ആണെങ്കിൽ അഞ്ച് പിപിഇ കിറ്റുകൾ വരെ ആകാമെന്നും സർക്കാരിന്റെ വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നുണ്ട്. ഇവയുടെ പരമാവധി വിൽപന വിലയിൽ കൂടുതൽ നിരക്ക് ഈടാക്കാൻ പാടില്ലെന്നും വിജ്ഞാപനത്തിലുണ്ട്. സിടി സ്കാൻ അടക്കമുള്ള പരിശോധനകൾക്ക് അധിക ചാർജ് ഈടാക്കാം. ഏതെങ്കിലും കാരണവശാൽ അധിക നിരക്ക് ഈടാക്കുന്നതായി കണ്ടെത്തിയാൽ ഡിഎംഒ അടക്കമുള്ള ഉന്നതാധികാരികൾക്ക് നേരിട്ടോ ഇ-മെയിൽ വഴിയോ പരാതി നൽകാം. അമിതമായി ഈടാക്കിയതിന്റെ പത്തിരട്ടി പിഴയായി ആശുപത്രിയിൽനിന്ന് ഈടാക്കുമെന്നും സർക്കാർ വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്

