നിർദാക്ഷിണ്യം കൊന്നൊടുക്കി ഇസ്രയേൽ രക്തപ്പുഴ ഒഴുക്കുന്നു; നരകമായിക്കൊണ്ടിരിക്കുന്ന ഗാസ; ഇന്നും അക്രമം കരയിലും, ആകാശത്തിലും

പശ്ചിമേഷ്യയെ വീണ്ടും കലാപഭൂമിയാക്കിക്കൊണ്ട് ഇസ്രായേൽ-പലസ്തീൻ സംഘർഷം രൂക്ഷമായിരിക്കുന്നു. പതിറ്റാണ്ടുകളുടെ മുറിവുകൾ വീണ്ടും തുറക്കപ്പെടുകയാണ്. ഇരുപതുലക്ഷത്തിലേറെ പലസ്തീൻകാർ പാർക്കുന്ന ഗാസയുടെ നിയന്ത്രണം കൈയാളുന്ന ഹമാസും ഇസ്രായേൽ സേനയും തമ്മിലാണ് ഏറ്റുമുട്ടൽ. കിഴക്കൻ ജറുസലേമിലെ അൽ അഖ്സ പള്ളിയിലേക്കുള്ള പ്രധാനകവാടം അടച്ച് റംസാൻകാലത്തെ പലസ്തീൻകാരുടെ ഒത്തുകൂടൽ ഇസ്രായേൽ തടഞ്ഞതാണ് സംഘർഷത്തിന്റെ തുടക്കം. ഇതിനകം നൂറ്റിയെഴുപതിലേറെ പലസ്തീൻകാർ ഇസ്രായേലിന്റെ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു. അതിൽ 41-ഉം കുട്ടികൾ. മലയാളിയായ സൗമ്യയുൾപ്പെടെ 10 പേർ ഹമാസിന്റെ ആക്രമണത്തിൽ ഇസ്രായേലിലും കൊല്ലപ്പെട്ടു. ഇതുവരെയുള്ള സമാധാന ശ്രമങ്ങളെല്ലാം പാഴായി. സംഘർഷം വെസ്റ്റ് ബാങ്കിലേക്കും വ്യാപിച്ചു. ഗാസ അതിർത്തിയിൽ യുദ്ധസന്നാഹത്തിലാണ് ഇസ്രായേൽ. തിരിച്ചടിക്കാൻ ഒരുങ്ങി ഹമാസും.
ഇസ്രായേലിന്റെ പ്രകോപനം
ഏപ്രിൽ പകുതിയോടെ ഉരുണ്ടുകൂടിയ പ്രശ്നങ്ങളാണ് മേയ് പത്തിന് തുറന്ന ഏറ്റുമുട്ടിലിന് തുടക്കമിട്ടത്. പലസ്തീൻകാരുടെ ആരാധനാലയമായ അൽ അഖ്സ പള്ളിയിലേക്കുള്ള പ്രധാനകവാടം അകാരണമായി ഇസ്രായേൽ പോലീസ് അടച്ചു. ഇത് വലിയ പ്രകോപനമുണ്ടാക്കി. പ്രതിഷേധത്തിനു പിന്നാലെ തുറന്നുകൊടുത്തെങ്കിലും സംഘർഷം അയഞ്ഞില്ല. പിന്നാലെ കിഴക്കൻ ജറുസലേമിനടുത്തുള്ള ശൈഖ് ജാറയിൽ തലമുറകളായിക്കഴിയുന്ന പലസ്തീൻ കുടുംബങ്ങളെ ഒഴിപ്പിക്കാൻ ഇസ്രായേൽ ശ്രമിച്ചു. സംഘർഷം മൂർച്ഛിച്ചു. എന്നിട്ടും കിഴക്കൻ ജറുസലേം പിടിച്ചെടുത്തതിന്റെ സ്മരണയ്ക്കായുള്ള വാർഷക ജറുസലേം ദിന പതാകജാഥയുമായി ഇസ്രായേൽ മുന്നോട്ടുപോയി. ഇതാണ് തുറന്ന ഏറ്റുമുട്ടിലിലേക്കു നയിച്ചത്. അൽ അഖ്സ പള്ളിവളപ്പ് സംഘർഷവേദിയായി. കിഴക്കൻ ജറുസലേമിൽനിന്നു പിൻമാറാൻ ഇസ്രായേലിന് അന്ത്യശാസനം കൊടുത്തിരുന്ന ഹമാസ് റോക്കറ്റയച്ചു. ഇസ്രായേൽ തിരിച്ചടിച്ചു.
2014-ൽ ഹമാസും ഇസ്രായേൽസേനയും തമ്മിൽ നടന്ന സംഘർഷത്തിനുശേഷം പിന്നീട് ഇപ്പോഴാണ് ഇത്ര രൂക്ഷമായ ഏറ്റുമുട്ടൽ. അന്ന് ഏഴാഴ്ച നീണ്ട ഏറ്റുമുട്ടൽ ഒടുങ്ങിയപ്പോൾ 2,300 ജീവനുകൾ നഷ്ടമായി. പതിവുപോലെ അതിൽ മഹാഭൂരിപക്ഷവും പലസ്തീൻകാരായിരുന്നു. ഇപ്പോഴത്തെ സംഘർഷം നാലുദിവസം പിന്നിട്ടപ്പോൾത്തന്നെ ഹാമസിന്റേതെന്നു പറയുന്ന 13 നിലക്കെട്ടിടം ഇസ്രായേലി യുദ്ധവിമാനങ്ങൾ തവിടുപൊടിയാക്കി. ഹമാസിന്റെ ഇന്റലിജൻസ് ആസ്ഥാനവും ഉന്നത കമാൻഡർമാരുടേതെന്നു പറയുന്ന നാലു കെട്ടിടങ്ങളും തകർത്തു. കമാൻഡർമാരെ വധിച്ചു. അൽ ജസീറയും എ.പി.യുമുൾപ്പെടെയുള്ള അന്താരാഷ്ട്രമാധ്യമങ്ങളുടെ ഓഫീസ് സ്ഥിതിചെയ്തിരുന്ന 12 നിലയുള്ള കെട്ടിടം ഹമാസിന്റെ ഓഫീസുണ്ടെന്നു പറഞ്ഞ് ബോംബിട്ടു തകർത്തു.
ഗാസയിലെ ഹമാസിന്റെ 1000 കേന്ദ്രങ്ങളിൽ ബോംബിട്ടുവെന്നാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ അവകാശവാദം. ഹമാസിനെ നിശ്ശബ്ദമാക്കുംവരെ വെടിനിർത്തലില്ലെന്നാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം.
സ്വയം പ്രതിരോധിക്കാൻ ഇസ്രായേലിന് അവകാശമുണ്ടെന്ന ന്യായംപറഞ്ഞ് ഏറ്റുമുട്ടൽ തുടരാൻ അവർക്ക് മൗനാനുവാദം കൊടുത്തിരിക്കുകയാണ് അമേരിക്ക. ദിവസങ്ങളോളം പോരാടാനുള്ള ആയുധശേഷിയുണ്ടെന്ന് ഹമാസും പറയുന്നു.
സംഘർഷത്തിന്റെ തുടർച്ചയെന്നോണം ജൂതരും അറബികളും ഒരുമിച്ചുപാർക്കുന്ന ഇസ്രായേലി നഗരങ്ങളിൽ വർഗീയകലാപങ്ങളും നടക്കുന്നു. കലാപം മൂർച്ഛിച്ചതോടെ ലോഡ് നഗരത്തിൽ 1966-നുശേഷം ആദ്യമായി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
സ്വന്തം മണ്ണിനായി
പെട്ടെന്നുണ്ടായ ഏറ്റുമുട്ടലല്ല ഇതെന്ന് ഇസ്രായേൽ പലസ്തീൻ സംഘർഷങ്ങളുടെ ചരിത്രം വ്യക്തമാക്കുന്നു. ജറുസലേമാണ് ഈ സംഘർഷത്തിന്റെ കേന്ദ്രബിന്ദു. ജൂതരും അറബികളും ക്രിസ്ത്യാനികളും പുണ്യഭൂമിയായി കരുതുന്നയിടം. ബൈബിൾ പ്രകാരം ജൂതർക്ക് അത് യഹോവ വാഗ്ദാനം ചെയ്ത നാടാണ്. റോമൻ ചക്രവർത്തി ടൈറ്റസ് സീസറുടെ പടയോട്ടകാലത്ത് എ.ഡി.70-ൽ ജറുസലേം കൊള്ളയടിക്കപ്പെട്ടു. മഹാഭൂരിപക്ഷം ജൂതർക്കും നാടുവിടേണ്ടിവന്നു. വാഗ്ദത്തഭൂമിയിലേക്കു തിരിച്ചുവരുന്നതുംകാത്ത് ലോകത്തിന്റെ പലഭാഗങ്ങളിൽ അവർ കഴിഞ്ഞു.
പിന്നീട് ജറുസലേമും പലസ്തീനുമുൾപ്പെടെ പശ്ചിമേഷ്യ മുഴുവൻ ഒട്ടോമൻ സാമ്രാജ്യത്തിനു കീഴിലായി. 1517 മുതൽ ഒന്നാം ലോകമഹായുദ്ധം വരെ ഒട്ടോമൻ ഭരണമായിരുന്നു. ആ ഭരണം അവസാനിപ്പിക്കാൻ അറബികളെ കൂട്ടുപിടിച്ച ബ്രിട്ടൻ, അവർക്ക് സ്വന്തം രാജ്യം വാഗ്ദാനം ചെയ്തു. പാലിക്കാനുള്ളതായിരുന്നില്ല, യുദ്ധതന്ത്രം മാത്രമായിരുന്നു ആ വാഗ്ദാനം. യുദ്ധം അവസാനിച്ചു. പലസ്തീന്റെ ഭാഗമായിരുന്ന ജറുസലേമിന്റെ നിയന്ത്രണം ബ്രിട്ടന്റെ കൈയിലായി. അറബികൾക്ക് സ്വന്തം രാജ്യം നൽകാനല്ല, ലോകത്തിന്റെ വിവിധഭാഗങ്ങളിൽ ചിതറിക്കിടന്നിരുന്ന ജൂതരെ പലസ്തീനിലേക്കു തിരികെക്കൊണ്ടുവരാനുള്ള വഴിയാണ് ബ്രിട്ടൻ നോക്കിയത്. ‘ജൂതജനതയ്ക്ക് സ്വന്തം രാജ്യം’ എന്ന ഉദ്ദേശ്യത്തോടെ അവർ ബാൽഫർ വിളമ്പരമിറക്കി.
പലസ്തീൻ ജനസംഖ്യയുടെ പത്തുശതമാനത്തിൽ താഴെയേ ഉണ്ടായിരുന്നു അന്ന് ജൂതർ. യൂറോപ്പിൽനിന്ന് ജൂതർക്ക് ഇവിടേക്ക് കുടിയേറാൻ എല്ലാ സഹായവും ചെയ്തുകൊടുത്തു ബ്രിട്ടൻ. 1935 ആയപ്പോൾ പലസ്തീനിലെ ജൂതർ ആകെ ജനസംഖ്യയുടെ 27 ശതമാനമായി ഉയർന്നു. സ്വഭാവികമായും കലാപങ്ങളുണ്ടായി. ഇക്കാലത്താണ് ജർമനിയിൽ ഹിറ്റ്ലറുടെ നേതൃത്വത്തിൽ ജൂതപീഡനം നടന്നത്. നാസികൾ ജൂതരെ കൊന്നൊടുക്കി. രക്ഷപ്പെട്ടവർ കൂട്ടത്തോടെ പലസ്തീനിലെത്തി. ലോകത്തെ പലരാജ്യങ്ങളും സഹതാപത്തോടെ ജൂതരെ സഹായിച്ചു. കൂടുതൽ ജൂതരെത്തുംതോറും തലമുറകളായി അവിടെക്കഴിഞ്ഞിരുന്ന അറബികൾ പലസ്തീനിൽനിന്ന് കുടിയിറക്കപ്പെട്ടുകൊണ്ടിരുന്നു. അവർക്കുവേണ്ടി കാര്യമായ ശബ്ദങ്ങളുയർന്നില്ല.
1945-ൽ അറബ് ലീഗുണ്ടായി. പലസ്തീന്റെ മണ്ണിൽ മറ്റൊരുരാജ്യമുണ്ടാക്കുന്നതിനെ അവർ എതിർത്തു. ബ്രിട്ടൻ അവിടെനിന്നു പിൻവാങ്ങി. ഒടുങ്ങാത്ത ജൂത-അറബ് വിദ്വേഷത്തിനു വിത്തുപാകി ജൂതർക്കായി ഇസ്രായേൽ എന്ന രാജ്യം പലസ്തീൻ മണ്ണിലുണ്ടാക്കിയിട്ടായിരുന്നു ആ ഒഴിഞ്ഞുപോക്ക്. ആ ഭാഗംവെപ്പിനെ 1947 നവംബറിൽ യു.എൻ. പൊതുസഭ അംഗീകരിച്ചു. പലസ്തീൻ മോചനം സാധ്യമാക്കാൻ 1964-ൽ പലസ്തീൻ ലിബറേഷൻ ഓർഗനൈസേഷനും ഇതേ ഉദ്ദേശ്യത്തോടെ 1987-ൽ ഹമാസും രൂപംകൊണ്ടു. പലസ്തീൻ ലിബറേഷൻ ഓർഗനൈസേഷനിലെ വലിയ കക്ഷിയായ ഫത്തയുടെ നേതൃത്വത്തിലുള്ള പലസ്തീനിയൻ അതോറിറ്റിക്കാണ് പലസ്തീന്റെ നേതൃത്വം. വെസ്റ്റ് ബാങ്കാണ് ആസ്ഥാനം. മഹ്മൂദ് അബ്ബാസാണ് നേതാവ്.
പലസ്തീൻ ജനതയ്ക്കൊപ്പമല്ല, പുതുതായി രൂപംകൊണ്ട ഇസ്രായേലിനൊപ്പമാണ് അമേരിക്കയും പാശ്ചാത്യശക്തികളും നിലകൊണ്ടത്. അവയുടെ സഹായത്തോടെ ഇസ്രായേൽ ലോകശക്തികളിൽ ഒന്നായി മാറി. പലസ്തീൻ രാഷ്ട്രംപോലുമല്ലാതായി. സ്വന്തം മണ്ണു തിരികെക്കിട്ടാനാണ് പലസ്തീൻ ജനതയുടെ പോരാട്ടം. അവിടെ അവശേഷിക്കുന്ന അറബികളെ ആട്ടിപ്പായിക്കാൻ ഇസ്രായേലും ശ്രമിക്കുന്നു.
1948-ലെ ആദ്യ അറബ്-ഇസ്രായേൽ യുദ്ധത്തിൽ ജറുസലേമിന്റെ പടിഞ്ഞാറുഭാഗം ഇസ്രായേൽ പിടിച്ചെടുത്തു. 19 വർഷത്തിനുശേഷം കിഴക്കൻ ജറുസലേമിലും അധിനിവേശം നടത്തി. കിഴക്കൻ ജറുസലേമാണ് ഭാവി പലസ്തീൻ രാഷ്ട്രത്തിന്റെ തലസ്ഥാനമായി പലസ്തീൻ ജനത കരുതുന്നത്. അവരെ പരിഹസിക്കുംവിധം ജറുസലേമിന്റെ പരമാധികാരം അവകാശപ്പെടുകയാണ് ഇസ്രായേൽ. ഇസ്രായേലിന്റെ അപ്രമാദിത്വം യു.എസ്. മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അംഗീകരിച്ചുകൊടുത്തു. വെസ്റ്റ് ബാങ്കിലെ ജൂത അധിനിവേശത്തെയും അംഗീകരിച്ചു. അതുകൂടിയാണ് പുതിയ ഏറ്റുമുട്ടലിലേക്കു നയിച്ചത്.
അധികാരവും മുഖ്യം
നെതന്യാഹുവിനും ഹമാസിനും അവരവരുടെ അധികാരം ഉറപ്പിച്ചുകിട്ടുന്നതിനുള്ള ഏറ്റുമുട്ടലാണിത്. അതുകൊണ്ടാണ് പരിഹാരത്തിന് ഇരുകൂട്ടർക്കും താത്പര്യമില്ലാത്തത് എന്ന വലിയിരുത്തലുണ്ട്. ഈജിപ്തും ഖത്തറും ഐക്യരാഷ്ട്രസഭയും നടത്തിയ സമാധാനശ്രമം ഫലം കണ്ടില്ല. ബ്രിട്ടന്റെയും ഫ്രാൻസിന്റെയും റഷ്യയുടെയും ഇന്ത്യയുൾപ്പെടെയുള്ള മറ്റു രാജ്യങ്ങളുടെയും അഭ്യർഥനയ്ക്ക് ഇരുഭാഗവും ചെവികൊടുക്കുന്നില്ല. തമ്മിൽത്തല്ലി ഇരുപക്ഷത്തിനും മടുക്കുമ്പോൾ സ്വയം അവസാനിച്ചുകൊള്ളുമെന്ന അയഞ്ഞ മനസ്ഥിതിയാണ് അമേരിക്കയ്ക്ക്. അതുകൊണ്ടാണ് നയതന്ത്രത്തിന് സാധ്യതകാണുംവരെ എന്നു പറഞ്ഞ് ഐക്യരാഷ്ടരസഭാ രക്ഷാസമതിയോഗം അവർ മാറ്റിവെച്ചത്.
ഇസ്രായേലിലെ നഗരങ്ങൾ നരകമാക്കുമെന്നാണ് ഹമാസിന്റെ ഭീഷണി. പക്ഷേ, അത്യാധുനിക ആയുധങ്ങളുമായുള്ള ഇസ്രായേലിന്റെ തിരിച്ചടിയിൽ ഗാസയാണ് നരകമാകുന്നത്. 2007-ൽ ഹാമാസിന്റെ നിയന്ത്രണത്തിലായതിൽപ്പിന്നെ ഇസ്രയേലിന്റെയും ഈജിപ്തിന്റെയും ഉപരോധങ്ങളിൽ നരകിക്കുകയാണ് ഗാസ. ഗാസയുടെ നിയന്ത്രണത്തിനപ്പുറം പലസ്തീൻ ജനതയുടെ നേതൃത്വമാണ് ഹമാസ് ആഗ്രഹിക്കുന്നത്. 15 കൊല്ലത്തിനുശേഷം ഈ മാസം നടക്കേണ്ടിയിരുന്ന പലസ്തീൻ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഫത്തയെ തോൽപ്പിച്ച് നേട്ടമുണ്ടാക്കാമെന്ന് ഹമാസ് കരുതിയിരുന്നു. അധികാരമൊഴിയാൻ താത്പര്യമില്ലാത്ത അബ്ബാസ് ഇതു മുന്നിൽക്കണ്ടാണ് തിരഞ്ഞെടുപ്പ് അനിശ്ചിതമായി നീട്ടിയതെന്നാണ് വിലയിരുത്തൽ. ബാലറ്റിലൂടെ നടക്കാതെപോയ ആ നേതൃമോഹം സാധിച്ചെടുക്കാനുള്ള അവസരമായിട്ടാണ് ഈ പോരാട്ടത്തെ ഹമാസ് കാണുന്നത്.
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവാകട്ടെ രണ്ടുകൊല്ലത്തിനിടെ നാലു തിരഞ്ഞെടുപ്പ് നേരിട്ടു. അവിയിലൊന്നിലും വ്യക്തമായ ഭൂരിപക്ഷമില്ലാഞ്ഞതിനാൽ സ്ഥിരതയുള്ള സർക്കാരുണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. മാത്രമല്ല അഴിമതിക്കേസും നേരിടുകയാണ് നെതന്യാഹു. ഇപ്പോഴത്തെ സംഘർഷം അദ്ദേഹത്തിന്റെ രാഷ്ട്രീയഭാവിക്ക് നിർണായകമാണ്. ഹമാസിനു തിരിച്ചടി നൽകി കരുത്തനെന്നു വീണ്ടും തെളിയിച്ച് അധികാരത്തിൽ തുടരുകയാണ് നെതന്യാഹുവിന്റെ ലക്ഷ്യം.
മുൻഗാമികളിൽനിന്നു വ്യത്യസ്തമായി ഇസ്രായേൽ-പലസ്തീൻ പ്രശ്നത്തിന് വലിയ പ്രാധാന്യം കൊടുത്തിരുന്നില്ല ജോ ബൈഡൻ. ചൈനയായിരുന്നു അദ്ദേഹത്തിന്റെ മുന്നിലെ വിലയ പ്രശ്നം. ഈ സംഘർഷത്തോടെ ബൈഡന് പശ്ചമേഷ്യാപ്രശ്നത്തിൽ ഇടപെടാതിരിക്കാൻ വയ്യെന്നായിരിക്കുന്നു. പ്രശ്നപരിഹാരത്തിൽ ഐക്യരാഷ്ട്രസഭാ രക്ഷാസമിതി ഞായാറാഴ്ച അടിയന്തരയോഗം ചേരുകയാണ്. പശ്ചിമേഷ്യയിൽ കണ്ണുവെച്ചിരിക്കുന്ന ചൈന സംഘർഷത്തിന് അവയവുവരുത്താനായി വാദിക്കുമെന്നതിൽ തർക്കമില്ല. റഷ്യയാകട്ടെ സമാധാനത്തിനായി അഭ്യർഥിച്ചുകഴിഞ്ഞു. അതിനാൽ രക്ഷാസമിതിയിലെ അമേരിക്കയുടെ നിലപാടാകും നിർണായകം.

