KSDLIVENEWS

Real news for everyone

താമരശ്ശേരി ചുരത്തിൽ കാറിന് മുകളിലേക്ക് മരം വീണു; കുട്ടിയ്ക്കുൾപ്പെടെ പരിക്ക്, വൻ ഗതാഗതക്കുരുക്ക്

SHARE THIS ON

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ഓടിക്കൊണ്ടിരുന്ന കാറിനു മുകളിലേക്ക് മരം വീണ് അപകടം. ആറാം വളവിൽ വ്യാഴാഴ്ച രാവിലെയോടെയാണ് സംഭവം. വാഹനത്തിലുണ്ടായിരുന്ന യാത്രക്കാരെ ഉടൻ സമീപത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. കാറിലുണ്ടായിരുന്ന ഒരു കുട്ടിക്കും പരിക്കേറ്റിട്ടുണ്ട്. ആരുടെയും പരിക്ക് ഗുരുതരമല്ല.

ടാക്‌സി ഇന്നോവ കാറാണ് അപകടത്തിൽപ്പെട്ടത്. വാഹനത്തിന്റെ മൂന്നാംനിര സീറ്റിന് മുകളിലേക്ക് മരം വീണതിനാലാണ് വലിയ ദുരന്തം ഒഴിവായത്. വാഹനത്തിന്റെ പിൻഭാഗം പൂർണമായും തകർന്നു. അപകടത്തെത്തുടർന്ന് തടസ്സപ്പെട്ട ഗതാഗതം ഏറെനേരത്തെ പരിശ്രമത്തിനൊടുവിലാണ് പുനഃസ്ഥാപിച്ചത്.

കൽപ്പറ്റയിൽ നിന്നെത്തിയ അഗ്‌നിരക്ഷാസേന, ചുരത്തിലെ സന്നദ്ധപ്രവർത്തകർ, ഹൈവേ പോലീസ്, യാത്രക്കാർ എന്നിവർ സംയുക്തമായി നടത്തിയ പ്രവൃത്തിക്കൊടുവിലാണ് റോഡിലെ തടസ്സം നീക്കിയത്. വീണ മരം മുറിച്ചുമാറ്റുകയും അപകടത്തിൽപ്പെട്ട കാർ സംഭവസ്ഥലത്തുനിന്ന് മാറ്റുകയും ചെയ്തു.

അപകടത്തെത്തുടർന്ന് ദീർഘനേരം ഗതാഗതക്കുരുക്ക് ഉണ്ടായതിനാൽ ഇപ്പോഴും ചുരത്തിൽ വാഹനങ്ങളുടെ നീണ്ടനിരയാണുള്ളത്. കുടുങ്ങിക്കിടന്ന വാഹനങ്ങൾ ഒഴിഞ്ഞുമാറുന്നതിനനുസരിച്ച് ചുരത്തിലെ ഗതാഗതം വൈകാതെ സാധാരണ നിലയിലാകും. അതേസമയം, കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ചുരത്തിൽ പെയ്യുന്ന കനത്ത മഴ ഇപ്പോഴും തുടരുകയാണ്. ബുധനാഴ്ച അർധരാത്രിയിലും ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!