ബാർജ് ദുരന്തം: മരിച്ചവരില്‍ മൂന്ന് മലയാളികള്‍ കൂടി; 35 പേർക്കായി തിരച്ചിൽ തുടരുന്നു

മുംബൈ:ടൗട്ടേ ചുഴലിക്കാറ്റിൽപ്പെട്ട് അറബിക്കടലിൽ മുങ്ങിപ്പോയ ബാർജിലുണ്ടായിരുന്നവരിൽ അഞ്ച് മലയാളികളുൾപ്പെടെ 51 പേർ മരിച്ചതായി സ്ഥിരീകരിച്ചു. മരിച്ച മൂന്നു മലയാളികളെക്കൂടി തിരിച്ചറിഞ്ഞു. വയനാട് വടുവൻചാൽ ചിത്രഗിരി മേലേവെള്ളേരി സുമേഷ് (30), തൃശ്ശൂർ വടക്കാഞ്ചേരി പുതുരുത്തി നെയ്യൻപടിയിൽ മുനപ്പി വീട്ടിൽ അർജുൻ (38), കൊല്ലം പുത്തൻതുരുത്ത് ഡാനി ഡെയിലിൽ ആൻറണി എഡ്വിൻ (27) എന്നിവരാണ് മരിച്ചത്.
35 പേർക്കായി തിരച്ചിൽ തുടരുകയാണ്. മുങ്ങിപ്പോയ പി-305 ബാർജിലുണ്ടായിരുന്ന 24 പേരെയും അപകടത്തിൽപ്പെട്ട ഗാൽ കണ്ടസ്ട്രക്ടർ എന്ന ബാർജിനെ കെട്ടിവലിക്കാൻ പോയ ടഗ് ബോട്ടിലുണ്ടായിരുന്ന 11 പേരെയും കണ്ടെത്താനായിട്ടില്ല.
ആളപായത്തിന് കാരണമാകുംവിധം കൃത്യവിലോപം കാണിച്ചതിന് ബാർജിന്റെ ക്യാപ്റ്റൻ ബൽവിന്ദർ സിങ്ങിനെതിരേ മുംബൈ പോലീസ് കേസെടുത്തിട്ടുണ്ട്. ബൽവിന്ദർ സിങ്ങിനായി തിരച്ചിൽ തുടരുകയാണ്. ചുഴലിക്കാറ്റ് മുന്നറിയിപ്പു ലഭിച്ചയുടൻ തീരത്തടുക്കാൻ ക്യാപ്റ്റന്‍ നിർദേശം നൽകിയിരുന്നെന്നും പാലിക്കാതിരുന്നതാണ് ദുരന്തത്തിന് വഴിവെച്ചതെന്നും ബാർജിന്റെ ഉടമകളായ ആഫ്കോൺസ് പറയുന്നു. കരയ്ക്കടുക്കാമെന്ന നിർദേശം അവഗണിക്കുകയായിരുന്നെന്ന് ബാർജിന്റെ ചീഫ് എൻജിനിയർ നാവിക സേന കരയ്ക്കെത്തിച്ച റഹ്മാൻ ശൈഖും പറഞ്ഞിട്ടുണ്ട്.
ബോസ്റ്റഡ് കൺട്രോൾ ആൻഡ് ഇലക്ട്രിക്കൽസിലെ ജീവനക്കാരനായിരുന്നു സുമേഷ്. ദൃശ്യയാണ് ഭാര്യ. അച്ഛൻ: സുധാകരൻ. അമ്മ: ദേവയാനി.
ഒ.എൻ.ജി.സി.യുടെ ബാർജിൽ സേഫ്റ്റി ഓഫീസറായിരുന്നു അർജുൻ. ഭാര്യ ആലപ്പുഴ സ്വദേശി ആരതി കൊൽക്കത്തയിൽ റെയിൽവേ സംരക്ഷണസേനയിൽ ഉദ്യോഗസ്ഥയാണ്. അച്ഛൻ: തങ്കപ്പൻ. അമ്മ: ചന്ദ്രിക.
മത്സ്യത്തൊഴിലാളിയായ എഡ്വിന്റെയും വിമലയുടെയും മകനാണ് ആന്റണി എഡ്വിൻ. മുംബൈയിലെ അഫ്കോൺ ഇൻഫ്രാസ്ട്രക്ചർ കമ്പനിയിൽ സൂപ്പർവൈസറായിരുന്നു. സഹോദരങ്ങൾ: ചാൾസ്, ഡാനി.
മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 35 ലക്ഷം മുതൽ 75 ലക്ഷം രൂപ വരെ നഷ്ടപരിഹാരമായി നൽകുമെന്ന് ആഫ്കോൺസ് അറിയിച്ചു.

