തമിഴ്നാട്,പശ്ചിമബംഗാൾ തിരഞ്ഞെടുപ്പ്: ഇതുവരെ പിടികൂടിയത് 1000 കോടിയിലധികം രൂപ -തിരഞ്ഞെടുപ്പ് കമ്മിഷൻ

ന്യൂഡൽഹി: വ്യാഴാഴ്ച നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തമിഴ്നാട്, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളിൽനിന്ന് ഇതിനോടകം 1,000 കോടിയിലധികം രൂപ പിടിച്ചെടുത്തതായി തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. ബുധനാഴ്ചയാണ് കമ്മിഷൻ ഇക്കാര്യം അറിയിച്ചത്.
2026 ഫെബ്രുവരി 26-ന് ഇലക്ഷൻ സീഷർ മാനേജ്മെന്റ് സിസ്റ്റം (ESMS) നടപ്പിലാക്കിയതിന് പിന്നാലെയാണ് കമ്മിഷന്റെ ഈ നീക്കം. കമ്മിഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം, പശ്ചിമബംഗാളിൽ നിന്ന് 472.89 കോടി രൂപയുടെ പണവും മദ്യവും വിലയേറിയ ലോഹങ്ങളും മയക്കുമരുന്നുകളും പിടിച്ചെടുത്തു. തമിഴ്നാട്ടിൽ നിന്ന് 599.24 കോടി രൂപയുടെ വസ്തുക്കളും പിടിച്ചെടുത്തു. നിരീക്ഷണസംഘങ്ങൾ വാഹന പരിശോധനയ്ക്കിടെ 543 കോടി രൂപയുടെ പണം പിടിച്ചെടുത്തു.
നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിനിടയിൽ സാധാരണ പൗരന്മാർക്ക് ബുദ്ധിമുട്ടോ ശല്യമോ ഉണ്ടാകുന്നില്ലെന്ന് എൻഫോഴ്സ്മെന്റ് അധികൃതർ ഉറപ്പാക്കണമെന്ന് കമ്മിഷൻ പ്രത്യേകം അറിയിച്ചു. ഇതുമായി ബന്ധപ്പെട്ടുള്ള പരാതികൾ പരിഹരിക്കുന്നതിനായി ജില്ലാ പരാതി കമ്മിറ്റികൾ രൂപവത്കരിച്ചിട്ടുണ്ടെന്നും കമ്മിഷൻ കൂട്ടിച്ചേർത്തു.
തമിഴ്നാട്ടിൽ ഒറ്റ ഘട്ടമായാണ് വോട്ടെടുപ്പ്. ബംഗാളിൽ തിരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളായി നടക്കും. ബംഗാളിൽ രണ്ടാം ഘട്ട വോട്ടെടുപ്പ് ഏപ്രിൽ 29-ന് നടക്കും. മേയ് നാലിനാണ് ഇവിടങ്ങളിലും േകരളത്തിലടക്കവും വോട്ടെണ്ണൽ.

