പെട്രോൾ, ഡീസൽ വിലയിൽ ഇന്ന് മാറ്റമില്ല; തിരുവനന്തപുരത്ത് ഡീസലിന് 90 രൂപ കടന്നു

തിരുവനന്തപുരം: രാജ്യത്ത് ഇന്ന് പെട്രോൾ, ഡീസൽ വിലയില്‍ മാറ്റമില്ല. ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന് 93.04 രൂപയും ഡീസലിന് 83.80 രൂപയുമാണ്. പെട്രോളിന് 19 പൈസയും ഡീസലിന് 29 പൈസയും വെള്ളിയാഴ്ച എണ്ണ കമ്പനികൾ വർധിപ്പിച്ചിരുന്നു. ഇന്നലത്തെ വർധനവോടെ മുംബൈയിൽ പെട്രോൾ വില 100നോട് അടുത്തു. ഒരു ലിറ്റർ പെട്രോളിന് മുംബൈയിൽ 99.34 രൂപയാണ്. ഡീസലിന് 91.01 രൂപയും.
മധ്യപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ പെട്രോൾ വില ഇതിനോടകം 100 രൂപ പിന്നിട്ടു. രാജ്യത്ത് ഏറ്റവും അധികം ഇന്ധനവില നിലവിലുള്ളത് രാജസ്ഥാനിലെ ശ്രീ ഗംഗാനഗറിലാണ്. ഇവിടെ ഒരു ലിറ്റർ പെട്രോളിന് 104 രൂപയും ഡീസലിന് 96.62 രൂപയുമാണ്. രത്നഗിരി, പർഭാരി, ഔറംഗാബാഗ്, ഇൻഡോർ, ഭോപ്പാൽ, ഗ്വാളിയോർ, ജയ്സാൽമർ, ബൻസ്വാര എന്നീ നഗരങ്ങളിൽ ദിവസങ്ങൾക്ക് മുൻപേ പെട്രോൾ വില 100 രൂപ കടന്നിരുന്നു.
തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നശേഷം മെയ് 4 മുതലാണ് എണ്ണ കമ്പനികൾ പ്രതിദിന വില വർധന പുനരാരംഭിച്ചത്. ഈ മാസം ഇതുവരെ 11 തവണയാണ് വില വർധനവുണ്ടായത്. പെട്രോൾ ലിറ്ററിന് ആകെ 2.69 രൂപയും ഡീസലിന് 3.07 രൂപയുമാണ് ഇതുവരെ വർധിച്ചത്. രാജ്യത്തെ മറ്റ് പ്രധാന നഗരങ്ങളിലെ ഇന്ധന വില (പെട്രോൾ/ ഡീസൽ ലിറ്ററിന്): ചെന്നെ- 94.71/ 88.62, കൊൽക്കത്ത- 93.11/ 86.64, നോയിഡ- 90.61/ 84.04, ഗുരുഗ്രാമം- 90.66/ 83.94.
ഭാരത് പെട്രോളിയം കോർപറേഷൻ, ഇന്ത്യൻ ഓയിൽ കോർപറേഷൻ, ഹിന്ദുസ്ഥാൻ പെട്രോളിയം തുടങ്ങിയ പൊതുമേഖല എണ്ണ കമ്പനികൾ ഓരോ ദിവസവും രാവിലെ ആറിനാണ് ചില്ലറ വിൽപന പുതുക്കുന്നത്. രാജ്യാന്തര വിപണിയിലെ എണ്ണ വിലയും ഡോളർ- രൂപ വിനിമയ നിരക്കും കണക്കാക്കിയാണ് ഓരോ ദിവസവും വിൽപന വില നിശ്ചയിക്കുന്നത്. എന്നാൽ പ്രാദേശിക നികുതികളും ചരക്കുകൂലിയും അനുസരിച്ച് ഓരോ നഗരത്തിലും വിലയിൽ വ്യത്യാസപ്പെട്ടിരിക്കും.
Also Read- Gold Price Today| മൂന്നാം ദിവസവും സ്വർണവിലയില്‍ മാറ്റമില്ല
കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിലെല്ലാം തന്നെ ഇന്ധന വില സർവകാല റെക്കോർഡിലാണ്. തിരുവനന്തപുരത്ത് ഡീസൽ വില ഇന്നലെ 90 കടന്നു. ഇന്ധന വില കുത്തനെ ഉയർന്നതിന്റെ ഫലമായി രാജ്യത്ത് പണപ്പെരുപ്പ നിരക്ക് ഉയർന്നേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം. ഡീസൽ വില ഉയരുന്നതിന്റെ ചരക്ക് സേവന നിരക്ക് ഉയരുന്നതിനും കാരണമാകും. ഇത് എഫ്എംസിജി, പഴം, പച്ചക്കറി, ഇരുമ്പ്, ഉരുക്ക് തുടങ്ങിയവയുടെ വില വർധനവിനും ഇതു കാരണമാകും.
സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ പെട്രോൾ / ഡീസൽ വില (ലിറ്ററിന്)
അലപ്പുഴ – 93.57 / 88.72
എറണാകുളം :- 93.19 / 88.36
ഇടുക്കി +- 93.62/ 88.76
കണ്ണൂർ :- 93.95 / 88.81
കാസർഗോഡ് :- 93.95/ 89.10
കൊല്ലം :- 94.40/ 89.50
കോട്ടയം- : 93.79/ 88.92
കോഴിക്കോട് :- 93.52 / 88.70
മലപ്പുറം :- 93.78/ 88.94
പാലക്കാട് :- 94.22/ 89.33
പത്തനംതിട്ട :- 94.21/ 89.31
തൃശ്ശൂർ :- 93.57/ 88.72
തിരുവനന്തപുരം :- 95.02/ 90.08
വയനാട് -: 94.47 / 89.53
അതേസമയം, രാജ്യാന്തര വിപണിയിൽ തുടർച്ചയായ മൂന്നു ദിവസം വില താഴ്ന്നുനിന്നശേഷം ഇന്ന് എണ്ണ വില വർധിച്ചു. യുഎസ് വെസ്റ്റ് ടെക്സാസ് ഇന്റർമീഡിയറ്റ് ക്രൂഡോയിൽ വില ബാരലിന് 1.64 വർധിച്ച് 63.58 ഡോളറിനാണ് വ്യാപാരം നടക്കുന്നത്. ബ്രെന്റ് ക്രൂഡോയിൽ വില ബാരലിന് 1.33 വർധനയുമായി 66.44 ഡോളറായി. കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് പല സംസ്ഥാനങ്ങളും ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ ലോകത്തെ മൂന്നാമത്തെ എണ്ണ ഇറക്കുമതി രാജ്യമായ ഇന്ത്യയിൽ എണ്ണയുടെ ആവശ്യകത കുറഞ്ഞിട്ടുണ്ട്.

