വിവിധ സംസ്ഥാനങ്ങളില്‍ ഇന്നു മുതല്‍ നിയന്ത്രണങ്ങളില്‍ അയവ്

ന്യൂഡല്‍ഹി: കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ വിവിധ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇന്നു മുതല്‍ അയവ് വരുന്നു. ചില സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ ഏറെയും എടുത്തുകളയാന്‍ ഒരുങ്ങുകയാണ്. എന്നാല്‍, മറ്റൊരു കോവിഡ് തരംഗത്തിന്റെ സാധ്യത കൂടി നിലനില്‍ക്കുന്നതിനാല്‍ വളരെ കരുതലോടെ ഘട്ടംഘട്ടമായാണ് ചില സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങളില്‍ അയവു വരുത്തുന്നത്.
വിവിധ സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കുന്നതിങ്ങനെ:
- തമിഴ്നാട്: കോവിഡ് രോഗികളുടെ എണ്ണം കൂടുതലുള്ള 11 ജില്ലകള്‍ ഒഴികെയുള്ളയിടങ്ങളിലാണ് തമിഴ്നാട്ടില്‍ ഇളവുകള്‍. കോയമ്ബത്തൂര്‍, നീലഗിരി, തിരുപൂര്, ഈറോഡ്, സേലം, കാരൂര്‍, നാമക്കല്‍, തഞ്ചാവൂര്‍, തിരുവാരൂര്‍, നാഗപട്ടണം, മയിലാടുതുറൈ എന്നീ ജില്ലകളിലാണ് നിയന്ത്രണങ്ങള്‍ തുടരുക. മറ്റു ജില്ലകളില്‍ അവശ്യ വസ്തു വ്യാപാരങ്ങള്‍ രാവിലെ 6 മുതല്‍ വൈകുന്നേരം 5 വരെ പ്രവര്‍ത്തിക്കാം. ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍, വയര്‍, സ്വിച്ച് തുടങ്ങിയവ വില്‍ക്കുന്ന കടകള്‍ക്കും തുറക്കാം. തീപ്പെട്ടി കമ്ബനികള്‍ക്ക് പകുതി ജീവനക്കാരുമായി പ്രവര്‍ത്തിക്കാം. സര്‍ക്കാര്‍ ഒാഫീസുകള്‍ 30 ശതമാനം ജീവനക്കാരുമായി പ്രവര്‍ത്തിക്കും.
ഇലക്ട്രീഷ്യ, പ്ലംബര്‍, മരപ്പണിക്കാര്‍ തുടങ്ങിയവര്‍ക്ക് രാവിലെ 6 മുതല്‍ വൈകുന്നേരം 5 വരെ ജോലി ചെയ്യാം.
- മഹാരാഷ്ട്ര: അഞ്ചു ഘട്ടങ്ങളിലായാണ് മഹാരാഷ്ട്ര നിയന്ത്രണങ്ങള്‍ അയവു വരുത്തുന്നത്. 36 ല്‍ 18 ജില്ലകളിലും ഇന്നു(തിങ്കള്‍) മുതല്‍ നിയന്ത്രണങ്ങള്‍ ഒഴിവാകും. ഔറംഗാബാദ്, ബന്ദാര, ബുല്‍ധാന, ചന്ദ്രപുര്‍, ധുലെ, ഗഡ്ചിറോളി, ഗോണ്ഡിയ, ജല്‍ഗോണ്‍, ജല്‍ന, ലാത്തൂര്‍, നാഗ്പൂര്‍, നന്ദേഡ്, നാഷിക്, പര്‍ഭാനി, താനെ, വാഷിം, വാര്‍ധ, യവത്മല്‍ എന്നീ ജില്ലകളിലാണ് ഇന്നു മുതല്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കുന്നത്. ഈ ജില്ലകളില്‍ എല്ലാ പ്രവര്‍ത്തനങ്ങളും കടകേമ്ബാളങ്ങളും ഇനി സാധാരണ പോലെ പ്രവര്‍ത്തിക്കും.
- ഡല്‍ഹി: പകുതി സീറ്റുകളുമായി മെട്രോ ട്രെയിന്‍ സര്‍വീസ് പ്രവര്‍ത്തിക്കും. മാളുകളും ആഴ്ചചന്തകളൊഴികെയുള്ള മറ്റു മാര്‍ക്കറ്റുകളും ഉൗഴമനുസരിച്ച് ഒന്നിടവിട്ട ദിവസങ്ങളില്‍ തുറക്കും. കടകളുടെ നമ്ബര്‍ അനുസരിച്ചാണ് ഉൗഴം നിശ്ചയിക്കുക. രാവിലെ പത്തു മുതല്‍ രാത്രി എട്ടു വരെയായിരുക്കും പ്രവര്‍ത്തന സമയം.
റസിഡന്‍ഷ്യല്‍ േകാപ്ലക്സുകളിലുള്ള എല്ലാ കടകളും എല്ലാ ദിവസങ്ങളിലും തുറക്കാം. സ്വകാര്യ സ്ഥാപനങ്ങളുടെ ഒാഫീസുകള്‍ക്ക് പകുതിയാളുകളുമായി പ്രവര്‍ത്തിക്കാം. സര്‍ക്കാര്‍ ഒാഫീസുകളില്‍ ഉയര്‍ന്ന ചുമതലയുള്ള ഗ്രൂപ്പ് ഏ ജീവനക്കാര്‍ എല്ലാവരും മറ്റു ജീവനക്കാരില്‍ പകുതിയാളുകളും ഒാഫീസില്‍ എത്തണം.
- ഉത്തര്‍പ്രദേശ്: കോവിഡ് രോഗികളുടെ എണ്ണം 600 ല്‍ താഴെയായ 71 ജില്ലകളിലാണ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്നത്. ലഖ്നോ, ഗോരഖ്പൂര്‍, സഹാരന്‍പൂര്‍, മീററ്റ് എന്നീ ജില്ലകളില്‍ കര്‍ഫ്യൂ തുടരും. ഇവിടങ്ങളിലെ രോഗികളുടെ എണ്ണം 600 ന് മുകളിലാണ്. കണ്ടയിന്മെന്റ് സോണുകള്‍ക്ക് പുറത്തുള്ള കടകളും മാര്‍ക്കറ്റുകളും ആഴ്ചയില്‍ അഞ്ചു ദിവസം പ്രവര്‍ത്തിക്കും. വരാണസി, മുസഫര്‍നഗര്‍, ഗൂതം ബുദ്ധ് നഗര്‍, ഗാസിയാബാദ് എന്നിവിടങ്ങളിലാണ് കണ്ടയിന്മെന്റ് സോണുകളുള്ളത്.
- ഹരിയാന: റസ്റ്ററന്റുകളും ബാറുകളും മാളുകളും പകുതിയാളുകളെ പ്രവേശിപ്പിച്ച് പ്രവര്‍ത്തിക്കാം. രാവിലെ 10 മുതല്‍ രാത്രി 8 വയൊണ് പ്രവര്‍ത്തന സമയം. രാത്രി പത്തുവരെ ഹോട്ടലുകളില്‍ നിന്നുള്ള ഡോര്‍ ഡെലിവറി അനുവദിക്കും. ഊഴമനുസരിച്ച് ഒന്നിടവിട്ട ദിവസങ്ങളില്‍ കടകള്‍ക്ക് രാവിലെ 9 മുതല്‍ വൈകുന്നേരം 6 വരെ പ്രവര്‍ത്തിക്കാം. വൈകുന്നേരം 6 വരെ പ്രവര്‍ത്തിക്കാന്‍ അനുമതി ഉണ്ടായിരുന്ന മാളുകള്‍ക്ക് ഇനി 8 മണി വരെ പ്രവര്‍ത്തിക്കാം.
മതകേന്ദ്രങ്ങളില്‍ ഒരു സമയം 21 ആളുകളെ പ്രവേശിപ്പിക്കാം. വീടുകള്‍ക്കും കോടതികള്‍ക്കും പുറത്ത് വിവാഹചടങ്ങുകള്‍ നടത്താനും ഇന്നു മുതല്‍ അനുമതിയുണ്ട്. വിവാഹം ഒഴികെയുള്ള ചടങ്ങുകളില്‍ (ശവസംസ്കാരം പോലുള്ള) പരമാവധി 50 ആളുകള്‍ക്ക് പങ്കെടുക്കാം. 50 ല്‍ അധികം ആളുകള്‍ പെങ്കടുക്കുന്ന ചടങ്ങുകള്‍ക്ക് ഡെപ്യൂട്ടി കമീഷണറുടെ മുന്‍കൂര്‍ അനുമതി തേടണം.
- ഉത്തരാഖണ്ഡ്: ജൂണ്‍ ഒമ്ബത് മുതല്‍ 14 വരെ അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് രാവിലെ 8 മുതല്‍ ഉച്ചക്ക് 1 മണി വരെ പ്രവര്‍ത്തിക്കാം. മറ്റു കടകള്‍ക്ക് ആഴ്ചയില്‍ രണ്ട് ദിവസം തുറക്കാം. മദ്യക്കടകള്‍ക്ക് ആഴ്ചയില്‍ മൂന്ന് ദിവസം തുറക്കാം.

