നിശബ്ദമാകാനാകില്ല; കണക്ക് വേണം: മോദി നയം പൊളിച്ചെഴുതി ജസ്റ്റിസ് ചന്ദ്രചൂഢ്

കോവിഡ് രണ്ടാം തരംഗം രൂക്ഷമായപ്പോള്‍ സുപ്രീം കോടതി നടത്തിയ ഇടപെടലുകള്‍ നീതിന്യായ വ്യവസ്ഥയോടുള്ള വിശ്വാസം പൊതുജനങ്ങളില്‍ വര്‍ധിപ്പിക്കുകയാണ്. കേന്ദ്രസര്‍ക്കാരിന്റെ ഗുരുതരവീഴ്ചകള്‍ ചൂണ്ടിക്കാട്ടുകയും തിരുത്തണമെന്ന് വ്യക്തമായി പറയുകയും ചെയ്തതോടെ കേന്ദ്രത്തിനു പല തീരുമാനങ്ങളും തിരുത്തേണ്ടി വന്നു.
35,000 കോടി ചെലവിട്ടതെങ്ങനെ?; കേന്ദ്ര സർക്കാരിനോട് കോടതിയുടെ 3 ചോദ്യങ്ങൾ
ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചാണ് നിര്‍ണായക ഇടപെടലുകള്‍ നടത്തിയത്. 18 വയസ്സിനു മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും വാക്‌സീന്‍ സൗജന്യമായി നല്‍കുമെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. പ്രധാനമന്ത്രിക്കു നന്ദി പറയുന്നതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ ജസ്റ്റിസ് ചന്ദ്രചൂഢിനായിരുന്നു സമൂഹ മാധ്യമങ്ങളിലൂടെ നന്ദി അറിയിച്ചത്. ജുഡീഷ്യറിയില്‍ നിരവധി പ്രശ്‌നങ്ങളുണ്ടെന്നറിയിച്ച് സുപ്രീം കോടതി ജഡ്ജിമാര്‍ തന്നെ മുന്‍പ് രംഗത്തെത്തിയിരുന്നു.
സമീപകാലത്തുണ്ടായ പല വിധികളും നിര്‍ഭാഗ്യകരമെന്നും വിശേഷിപ്പിക്കപ്പെട്ടതിനെത്തുടർന്ന് ആളുകള്‍ക്ക് കോടതികളിലുള്ള വിശ്വാസത്തിന് ഇളക്കം തട്ടിത്തുടങ്ങിയ സാഹചര്യത്തിലാണ് പരമോന്നത കോടതിയുടെ പുതിയ ഇടപെടല്‍ ഏറെ പ്രതീക്ഷ നല്‍കുന്നത്. ഡി.വൈ. ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചാണ് നിര്‍ണായകമായ പല ഉത്തരവുകളും പുറപ്പെടുവിച്ചതും.
ഡി.വൈ. ചന്ദ്രചൂഡ്
മൂന്ന് ചോദ്യം; മുട്ടുമടക്കി മോദി
സൗജന്യമായി കോവിഡ് വാക്സീൻ എന്നതായിരുന്നു അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബിജെപിയുടെ പ്രധാന വാഗ്ദാനം. എന്നാല്‍ പിന്നീട്, 18 നും 45നും ഇടയില്‍ പ്രായമുള്ളവര്‍ക്കുള്ള വാക്‌സീന്‍ വിതരണം സംസ്ഥാനങ്ങളെ ഏല്‍പ്പിച്ച് കേന്ദ്രം കയ്യൊഴിഞ്ഞു. മാത്രമല്ല കേന്ദ്രത്തിനു ലഭിക്കുന്നതിനേക്കാള്‍ ഇരട്ടിയിലധികം വില കൊടുത്ത് സംസ്ഥാനങ്ങള്‍ വാക്‌സീന്‍ വാങ്ങേണ്ട സാഹചര്യവും ഉടലെടുത്തു. ഈ അവസരത്തിലാണ് ഡി.വൈ. ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ച് ഇടപെട്ടത്.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ നീക്കിവച്ച 35,000 കോടി രൂപയുടെ കണക്ക് ബോധിപ്പിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. വാക്‌സീനുകള്‍ വാങ്ങിയതിന്റെ കണക്ക് ഉള്‍പ്പെടെ കുത്തിവയ്പുമായി ബന്ധപ്പെട്ട സകല വിവരങ്ങളും ഹാജരാക്കാനും കോടതി നിര്‍ദേശിച്ചു. 45 വയസ്സിനു താഴെയുള്ളവര്‍ക്കു സൗജന്യ വാക്‌സീന്‍ നല്‍കില്ലെന്ന കേന്ദ്ര നയം പ്രഥമദൃഷ്ട്യാ ഏകപക്ഷീയവും യുക്തിരഹിതവുമാണെന്നും കോടതി തുറന്നടിച്ചു. സര്‍ക്കാര്‍ നയം ജനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളിന്മേലുള്ള കടന്നുകയറ്റമാകുമ്പോള്‍ കോടതിക്കു നിശ്ശബ്ദമായിരിക്കാനാകില്ലെന്നും ഓര്‍മിപ്പിച്ചു.
കേന്ദ്ര നയത്തെ പ്രതിക്കൂട്ടിലാക്കി കോവിഡ് വാക്‌സീന്‍ നയം പുനഃപരിശോധിക്കണമെന്ന് ഇടക്കാല ഉത്തരവും പുറപ്പെടുവിച്ചു. ഇതോടെ വാക്‌സീന്‍ നയം മാറ്റുകയല്ലാതെ മോദി സര്‍ക്കാരിന് മറ്റു മാര്‍ഗമുണ്ടായില്ല. എല്‍. നാഗേശ്വര റാവു, എസ്. രവീന്ദ്ര ഭട്ട് എന്നിവരായിരുന്നു ബെഞ്ചിലെ മറ്റ് അംഗങ്ങള്‍.
എൽ. നാഗേശ്വര റാവു, ഡി.വൈ. ചന്ദ്രചൂഡ്, രവീന്ദ്ര ഭട്ട്.
കേന്ദ്ര സര്‍ക്കാരിനോട് കോടതിയുടെ 3 ചോദ്യങ്ങള്‍
∙ കേന്ദ്ര ബജറ്റില്‍ വാക്‌സീനു നീക്കിവച്ച 35,000 കോടി രൂപ ഇതുവരെ ചെലവിട്ടതെങ്ങനെ ?
∙ കോവിഷീല്‍ഡ്, കോവാക്‌സിന്‍, സ്പുട്‌നിക് വാക്‌സീനുകള്‍ വാങ്ങിയതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ എവിടെ ?
∙ കേന്ദ്ര മാനദണ്ഡപ്രകാരം എത്രപേര്‍ സൗജന്യ വാക്‌സീന് അര്‍ഹരാണ്; ഇതുവരെ അതില്‍ എത്രപേര്‍ക്കു നല്‍കി ?
‘നന്ദി ജസ്റ്റിസ് ചന്ദ്രചൂഢ്’
75 ശതമാനം വാക്‌സീന്‍ കേന്ദ്രം സംഭരിക്കുമെന്നും 18 വയസ്സിനു മുകളിലുള്ളവര്‍ക്ക് സൗജന്യമായി വിതരണം ചെയ്യുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചപ്പോള്‍ ട്വിറ്ററില്‍ ട്രെന്‍ഡിങ് ആയത് ‘നന്ദി ജസ്റ്റിസ് ചന്ദ്രചൂഢ്’ എന്നതായിരുന്നു. വാക്‌സീന്‍ വിഷയത്തില്‍ കേന്ദ്രം നടത്തുന്ന ഒളിച്ചുകളിയേയും കോവിഡ് വ്യാപനത്തെ നേരിടുന്നതിലുണ്ടായ അലംഭാവത്തേയും മുന്‍പും കോടതി നിശിതമായി വിമര്‍ശിച്ചിരുന്നു. എന്നാല്‍ നയം മാറ്റാനോ വാക്‌സീന്‍ വിതരണത്തിൽ വ്യക്തത വരുത്താനോ കേന്ദ്രം തയാറായില്ല. മാത്രമല്ല, കോടതി അമിത ആവേശം കാണിക്കേണ്ടതില്ല എന്നും സര്‍ക്കാര്‍ പറഞ്ഞു. വില നിര്‍ണയത്തിലടക്കം കോവിഡ് വാക്‌സീന്‍ നയത്തില്‍ സുപ്രീം കോടതി ഇടപെടേണ്ടെന്നും അറിയിച്ചു.
കേന്ദ്ര സര്‍ക്കാരിന്റെ വാക്‌സീന്‍ നയവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ജസ്റ്റിസ് ചന്ദ്രചൂഢ് രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. എല്ലാവര്‍ക്കും വാക്‌സീന്‍ ലഭിക്കാന്‍ ദൈവത്തോട് പ്രാര്‍ഥിക്കുന്നുവെന്നും ചന്ദ്രചൂഡ് പറഞ്ഞു. സൗജന്യമായി വാക്‌സീന്‍ നല്‍കാന്‍ നീക്കമൊന്നും സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകാതെ വന്നതോടെയാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. കോടതി ശക്തമായി നിലപാടെടുത്തതോടെ നയം മാറ്റി സര്‍ക്കാര്‍ തടിയൂരുകയായിരുന്നു.
മുൻ ചീഫ് ജസ്റ്റിസുമാരായ എസ്.എ. ബോബ്ഡെ, രഞ്ജൻ ഗൊഗോയ് എന്നിവർക്കൊപ്പം ഡി.വൈ. ചന്ദ്രചൂഡ്
ഭരണഘടന മുറുകെ പിടിച്ച ന്യായാധിപന്‍
മുന്‍ ചീഫ് ജസ്റ്റിസ് വൈ.വി. ചന്ദ്രചൂഢിന്റെ മകനാണ് ഡോ. ധനഞ്ജയ യശ്വന്ത് ചന്ദ്രചൂഢ്. ഇന്ത്യയിലും വിദേശത്തുമായി നിയമ പഠനം പൂര്‍ത്തിയാക്കി. മുംബൈ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും പ്രാക്ടീസ് ചെയ്ത ചന്ദ്രചൂഢ് 1998 ല്‍ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ ആയി നിയമിക്കപ്പെട്ടു. 2000 മാര്‍ച്ചില്‍ ബോംബെ ഹൈക്കോടതി അഡീഷനല്‍ ജഡ്ജിയായി. 2013 ല്‍ അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിതനായി. 2016 ലാണ് സുപ്രീം കോടതി ജഡ്ജിയായത്. 2022 നവംബര്‍ മുതല്‍ 2024 വരെ, ചീഫ് ജസ്റ്റിസ് ആകേണ്ടത് ചന്ദ്രചൂഢ് ആണ് . വ്യക്തിസ്വാതന്ത്ര്യത്തിനും പൗരാവകാശങ്ങള്‍ക്കും വലിയ വില കല്‍പിക്കുന്ന അദ്ദേഹത്തിന്റെ വിധികൾ ഹാദിയ കേസ്, ശബരിമല യുവതീ പ്രവേശം തുടങ്ങിയവയില്‍ നിര്‍ണായകമായിരുന്നു. ലൗ ജിഹാദ് ആരോപിച്ച് ഏറെ കോളിളക്കം സൃഷ്ടിച്ചതായിരുന്നു ഹാദിയയുടേയും ഷെഫിന്‍ ജഹാന്റേയും വിവാഹം. ലൗ ജിഹാദ് വാദം തള്ളിക്കളഞ്ഞ് കോടതി ഇരുവരുടേയും വിവാഹം സാധുവാണെന്ന് വിലയിരുത്തി.
മാധ്യമങ്ങളുടെ എത്ര കടുത്ത വിമർശനവും രാജ്യദ്രോഹമല്ല
ആരാധാനാകേന്ദ്രങ്ങളില്‍നിന്നു സ്ത്രീകളെ മാറ്റിനിര്‍ത്താന്‍ ഭരണഘടന അനുശാസിക്കുന്നില്ലെന്നാണ് ചന്ദ്രചൂഡ് ശബരിമല വിഷയത്തില്‍ നിലപാടെടുത്തത്. ശാരീരികമായ പ്രത്യേകതകള്‍ കാരണം സ്ത്രീകളെ അകറ്റി നിര്‍ത്താന്‍ സാധിക്കില്ല. സ്ത്രീക്കും പുരുഷനും തുല്യ അവകാശമാണ് ഭരണഘടന നല്‍കുന്നതെന്നും വിധിയില്‍ അദ്ദേഹം കുറിച്ചു. പുരുഷന്‍മാര്‍ക്ക് തുല്യമായ എല്ലാ ആനുകൂല്യങ്ങളോടെയും അവകാശങ്ങളോടെയും സൈന്യത്തില്‍ സ്ത്രീകളെയും നിയമിക്കണമെന്നും അദ്ദേഹം ഉത്തരവിട്ടു. അര്‍ണബ് ഗോസ്വാമി കേസിലും വ്യക്തിസ്വാതന്ത്ര്യം ചൂണ്ടിക്കാണിച്ച് ചന്ദ്രചൂഢ് ജാമ്യം നല്‍കിയത്. പണം നല്‍കാനുണ്ടെന്നത് എങ്ങനെ ആത്മഹത്യാ പ്രേരണയാകുമെന്ന് ചന്ദ്രചൂഡ് ചോദിച്ചു. ജാമ്യം നിഷേധിച്ച ഹൈക്കോടതിയെ ചന്ദ്രചൂഢ് വിമര്‍ശിക്കുകയും ചെയ്തു. ‘ഹര്‍ജിക്കാരന്‍ ആരെന്നതല്ല കാര്യം. നിങ്ങള്‍ അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രം ഇഷ്ടപ്പെടുന്നില്ലായിരിക്കാം. ഞാന്‍ അദ്ദേഹത്തിന്റെ ചാനല്‍ കാണാറുപോലുമില്ല. ചാനല്‍ ഇഷ്ടമില്ലെങ്കില്‍ കാണാതിരിക്കുക. സാങ്കേതിക കാരണങ്ങള്‍ പറഞ്ഞു വ്യക്തിസ്വാതന്ത്ര്യം നിഷേധിക്കരുത്’-ചന്ദ്രചൂഢ് പറഞ്ഞു.
ഡി.വൈ. ചന്ദ്രചൂഡ്
രാജ്യദ്രോഹക്കുറ്റം: പരിധി നിര്‍വചിക്കേണ്ടി വരും
എന്തിനും ഏതിനും രാജ്യദ്രോഹക്കുറ്റം ചുമത്തി ആളുകളെ ജയിലിലാക്കുന്നതു വര്‍ധിച്ചതോടെയാണ് നിയമത്തിന് പരിധി നിര്‍വചിക്കേണ്ടി വരുമെന്ന് ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വിലയിരുത്തിയത്. ആന്ധ്രപ്രദേശില്‍ 2 ചാനലുകള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്ത നടപടി തടഞ്ഞു കൊണ്ടായിരുന്നു അത്. ആന്ധ്രാ പൊലീസിന്റെ നടപടി പ്രഥമദൃഷ്ട്യാ മാധ്യമ സ്വാതന്ത്ര്യത്തിന് കടിഞ്ഞാണിടാനുള്ള ശ്രമമാണെന്നും ബെഞ്ച് വിലയിരുത്തി.
വിമര്‍ശനങ്ങളോടുള്ള അസഹിഷ്ണുതയ്ക്കെതിരെയും അദ്ദേഹം പ്രതികരിച്ചു. ‘ഉത്തര്‍പ്രദേശില്‍ മൃതദേഹം നദിയിലേക്കു വലിച്ചെറിയുന്ന ദൃശ്യം കാണിച്ച ടിവി ചാനലിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയോ എന്നറിയില്ല’ എന്നാണ് ചന്ദ്രചൂഢ് പറഞ്ഞത്. നിയമങ്ങള്‍ വളച്ചൊടിക്കുന്നതിനെയും സ്വാര്‍ഥ താല്‍പര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിനെയും ചന്ദ്രചൂഢ് നിശിതമായി വിമര്‍ശിക്കുന്നുമുണ്ട്.
സുപ്രീം കോടതി
തിരിച്ചുപിടിക്കപ്പെടുന്ന വിശ്വാസം
മുന്‍ ചീഫ് ജസ്റ്റിസുമാരായിരുന്ന എസ്.എ. ബോബ്‌ഡെ, രഞ്ജന്‍ ഗൊഗോയ്, ദീപക് മിശ്ര എന്നിവര്‍ക്കു നേരേ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. ദീപക് മിശ്ര ചീഫ് ജസ്റ്റിസായിരുന്ന സമയത്താണ് ജുഡീഷ്യറിയിലെ വീഴ്ചകള്‍ ചൂണ്ടിക്കാണിച്ച് ജസ്റ്റിസുമാരായ രഞ്ജന്‍ ഗൊഗേയ്, ചെലമേശ്വര്‍, മദന്‍ ബി.ലോക്കൂര്‍, കുര്യന്‍ ജോസഫ് എന്നിവര്‍ രംഗത്തെത്തിയത്. പിന്നീട് ചീഫ് ജസ്റ്റിസായ രഞ്ജന്‍ ഗൊഗോയിയും ആരോപണ വിധേയനായി. എസ്.എ. ബോബ്‌ഡെയ്‌ക്കെതിരെ മുതിര്‍ന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷന്‍ രൂക്ഷ വിമര്‍ശനമാണ് നടത്തിയത്. കേസെടുത്ത കോടതി ഒരു രൂപ പിഴയടച്ച് ശിക്ഷയില്‍നിന്ന് ഒഴിവാകാനാണ് പ്രശാന്ത് ഭൂഷനോട് ആവശ്യപ്പെട്ടത്.
അത്തരമൊരു സാഹചര്യത്തിലാണ് ഭരണഘടനയും ഇന്ത്യന്‍ ശിക്ഷാ നിയമങ്ങളും ഉയര്‍ത്തിപ്പിടിച്ച് ഡി.വൈ. ചന്ദ്രചൂഢ് വിധികൾ പ്രസ്താവിക്കുന്നത് പ്രതീക്ഷയും വിശ്വാസവും നല്‍കുന്നത്.

