KSDLIVENEWS

Real news for everyone

സുധാകരന്‍ തുടങ്ങുന്നു, പാഠം ഒന്ന്, അച്ചടക്കം; ആദ്യമായി പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നവര്‍ക്കെതിരേ നടപടിയെടുക്കാനായി സ്‌ഥിരം സമിതി

SHARE THIS ON

കോട്ടയം : സംസ്‌ഥാന, ജില്ലാ തലങ്ങളില്‍ അച്ചടക്ക സമിതി പ്രഖ്യാപിച്ചുകൊണ്ട്‌ കെ.പി.സി.സി. അധ്യക്ഷപദവിയില്‍ പ്രവര്‍ത്തനം തുടങ്ങാന്‍ കെ. സുധാകരന്‍ തയാറെടുക്കുന്നു. നാളെ ചുമതലയേറ്റാല്‍ വൈകാതെ പ്രഖ്യാപനം നടത്താനാണ്‌ ഒരുങ്ങുന്നത്‌. പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നവര്‍ക്കെതിരേ നടപടിയെടുക്കാനായി സമിതി രുപീകരിക്കാറുണ്ടെങ്കിലും സംസ്‌ഥാനത്തു സ്‌ഥിരം സമിതി ആദ്യമായാണ്‌. ദേശീയതലത്തില്‍ കോണ്‍ഗ്രസിന്‌ എ.കെ. ആന്റണി അധ്യക്ഷനായ അച്ചടക്ക സമിതിയുണ്ട്‌.

പാര്‍ട്ടിയെ സെമി കേഡര്‍ സ്വഭാവത്തിലേക്കു മാറ്റുമെന്ന പ്രഖ്യാപനത്തിന്റെ ആദ്യപടിയായാണ്‌ പാര്‍ട്ടിക്കുള്ളില്‍ അച്ചടക്കം ഉറപ്പാക്കാനുള്ള നീക്കത്തിനു സുധാകരന്‍ തുടക്കമിടുന്നത്‌.

കെ.പി.സി.സി. ഭാരവാഹികളെയും ജില്ലാ കോണ്‍ഗ്രസ്‌ അധ്യക്ഷന്‍മാരെയും തെരഞ്ഞെടുക്കാനായുള്ള അഞ്ചംഗ പുനഃസംഘടനാ കമ്മിറ്റിയുടെ പ്രഖ്യാപനവും നാളെ ഉണ്ടായേക്കും.

സുധാകരന്‍, കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി താരിഖ്‌ അന്‍വര്‍, സെക്രട്ടറിമാരായ വിശ്വനാഥ്‌ പെരുമാള്‍, ഐവാന്‍ ഡിസൂസ, മോഹന്‍ മോഹന്‍ എന്നിവരാകും പുനഃസംഘടനാ സമിതിയിലുണ്ടാകുക എന്നാണു സൂചന.

സുധാകരന്‍, താരിഖ്‌ അന്‍വര്‍ എന്നിവര്‍ക്കു പുറമേ കെ.പി.സി.സി. വര്‍ക്കിങ്‌ പ്രസിഡന്റുമാരായ കൊടിക്കുന്നില്‍ സുരേഷ്‌, പി.ടി. തോമസ്‌, ടി. സിദ്ദിഖ്‌ എന്നിവരും ചേര്‍ന്ന സമിതിയെന്ന സാധ്യതയും പരിഗണിക്കുന്നു.

പുനഃസംഘടന ഈ മാസംതന്നെ പൂര്‍ത്തിയാക്കാനാണു ശ്രമം. ഇതിന്റെ ഭാഗമായി എ.ഐ.സി.സി. ഭാരവാഹികള്‍ എല്ലാ ജില്ലകളിലും പര്യടനം നടത്തും. സംസ്‌ഥാന തലത്തിലെ പുനഃസംഘടനയ്‌ക്കു പിന്നാലെ ജില്ലാ കോണ്‍ഗ്രസ്‌ കമ്മിറ്റികളും പുനഃസംഘടിപ്പിക്കും. നിയോജക മണ്ഡലം കമ്മറ്റികള്‍ പുനഃസ്‌ഥാപിക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. അതിനു വേണ്ടി നിലവിലുളള ബ്ലോക്ക്‌ കമ്മിറ്റികള്‍ പിരിച്ചുവിടും. നിയോജകമണ്ഡലം ഭാരവാഹികളെ ജില്ലാ തലത്തില്‍ രൂപീകരിക്കുന്ന സമിതി നിശ്‌ചയിക്കും.

നിയമസഭാംഗങ്ങളെയും ത്രിതല പഞ്ചായത്ത്‌ ജനപ്രതിനിധികളെയും ഈ തെരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ടവരെയും ഡി.സി.സി. പ്രസിഡന്റ്‌ സ്‌ഥാനത്തേക്കും കെ.പി.സി.സി. ഭാരവാഹിത്വത്തിലേക്കും പരിഗണിക്കരുതെന്നഭ്യര്‍ഥിച്ച്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ നേതാക്കള്‍ ഹൈക്കമാന്‍ഡിനു കത്തുനല്‍കി.

ഡി.സി.സി. പ്രസിഡന്റുമാരുടെ സാധ്യതാപട്ടിക

തിരുവനന്തപുരം: കെ.എസ്‌. ശബരീനാഥന്‍, മണക്കാട്‌ സുരേഷ്‌, ശരത്‌ചന്ദ്ര പ്രസാദ്‌
കൊല്ലം: സി.ആര്‍. മഹേഷ്‌, ജ്യോതികുമാര്‍ ചാമക്കാല, ജി. രതികുമാര്‍,
ആലപ്പുഴ: അനില്‍ ബോസ്‌, കെ.പി. ശ്രീകുമാര്‍, കെ.ആര്‍. മുരളീധരന്‍
പത്തനംതിട്ട: പഴകുളം മധു, സുരേഷ്‌ കുമാര്‍, അനില്‍ തോമസ്‌
കോട്ടയം: ഫില്‍സണ്‍ മാത്യൂസ്‌, ജാന്‍സ്‌ കുന്നപ്പള്ളി, അഡ്വ. സിബി ചേനപ്പാടി.
ഇടുക്കി: സിറിയക്‌ തോമസ്‌, തോമസ്‌ രാജന്‍, മാത്യു
എറണാകുളം: മുഹമ്മദ്‌ ഷിയാസ്‌, ഐ.കെ. രാജു, ദീപ്‌തി മേരി വര്‍ഗീസ്‌
തൃശൂര്‍: അനില്‍ അക്കര, ടി.വി. ചന്ദ്രമോഹന്‍, ടി.യു. രാധാകൃഷ്‌ണന്‍.
പാലക്കാട്‌: വി.ടി. ബല്‍റാം, എ. തങ്കപ്പന്‍, പി. ഹരിഗോവിന്ദന്‍
മലപ്പുറം: ആര്യാടന്‍ ഷൗക്കത്ത്‌, വി. ബാബുരാജ്‌
കോഴിക്കോട്‌: കെ.പി. അനില്‍കുമാര്‍, പി.എം. നിയാസ്‌, കെ. പ്രവീണ്‍ കുമാര്‍
വയനാട്‌: കെ.കെ. ഏബ്രഹാം, ടി.ജെ. ഐസക്‌, പി.കെ. ജയലക്ഷ്‌മി
കണ്ണൂര്‍: സുമ ബാലകൃഷ്‌ണന്‍, സജീവ്‌ മാറോളി, മാര്‍ട്ടിന്‍ ജോര്‍ജ്‌.
കാസര്‍ഗോഡ്‌: പി.കെ. ഫൈസല്‍, ഖാദര്‍ മങ്ങാട്‌.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!