ഗവര്‍ണറെ കാണാന്‍ 24 എംഎല്‍എമാരെത്തിയില്ല; തൃണമൂലിലേക്കുള്ള തിരിച്ചുപോക്ക് തടയാനാകാതെ ബിജെപി

കൊൽക്കത്ത: ബംഗാളിൽ തൃണമൂൽ കോൺഗ്രസിലേക്കുള്ള നേതാക്കളുടെ തിരിച്ചുപോക്ക് തടയാനുള്ള ബിജെപി ശ്രമങ്ങൾക്ക് തിരിച്ചടി. പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ എംഎൽഎമാർ ഗവർണറുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഒരുവിഭാഗം എംഎൽഎമാർ വിട്ടുനിന്നു. ഇതോടെ കൂടുതൽ എംഎൽഎമാർ ബിജെപി വിട്ട് തൃണമൂലിലേക്ക് മടങ്ങിയേക്കുമെന്നാണ് അഭ്യൂഹം.
ബംഗാൾ ഗവർണർ ജഗ്ദീപ് ധൻകറുമായി തിങ്കളാഴ്ച വൈകീട്ട് നടന്ന കൂടിക്കാഴ്ചയിൽ 74 ബിജെപി എംഎൽഎമാരിൽ 24എംഎൽഎമാരാണ് വിട്ടുനിന്നത്. ബംഗാളിൽ അരങ്ങേറുന്ന അക്രമങ്ങളും മറ്റ് അനിഷ്ടസംഭവങ്ങളും ഗവർണറെ അറിയിക്കാനും ചർച്ച ചെയ്യാനുമായിരുന്നു കൂടിക്കാഴ്ച.null
24 എംഎൽഎമാരുടെ അസാന്നിധ്യം കൂടുതൽ നേതാക്കൾ പാർട്ടി വിടുമെന്ന അഭ്യൂഹങ്ങൾക്കൊപ്പം സുവേന്ദു അധികാരിയുടെ നേതൃത്വത്തെ അംഗീകരിക്കാൻ എല്ലാ ബിജെപി എംഎൽഎമാരും തയ്യാറായിട്ടില്ലെന്ന സൂചനയും നൽകുന്നു. ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പായി കഴിഞ്ഞ ഡിസംബറിലാണ് മമതയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് സുവേന്ദു അധികാരി തൃണമൂൽ വിട്ട് ബിജെപിയിലെത്തിയത്.
ബിജെപി ദേശീയ ഉപാധ്യക്ഷനായിരുന്ന മുകുൾ റോയിയും മകൻ ശുഭ്രാംശു റോയിയും ദിവസങ്ങൾക്ക് മുമ്പാണ് തൃണമൂലിൽ തിരിച്ചെത്തിയത്. രജീബ് ബാനർജി, ദിപേന്ദു ബിശ്വാസ് തുടങ്ങിയ നേതാക്കളും ബിജെപി വിട്ടേക്കുമെന്നാണ് റിപ്പോർട്ടുകൾ. അടുത്തിടെ പാർട്ടിവിട്ട് ബിജെപിയിലെത്തിയ നിരവധി നേതാക്കൾ തൃണമൂൽ നേതൃത്വവുമായി ചർച്ചകൾ നടത്തിയിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

