KSDLIVENEWS

Real news for everyone

ജില്ലയിൽ അതിശക്ത മഴ പ്രവചിച്ച് കാലാവസ്ഥാ വകുപ്പ്; ഇന്നും നാളെയും ഓറഞ്ച് അലെർട്ട്; പൊതുജനങ്ങൾക്കുള്ള നിർദേശങ്ങൾ ഇങ്ങനെ…

SHARE THIS ON

കാസർകോട് ∙ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഇന്നും നാളെയും ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. വ്യാഴം, വെള്ളി ദിവസങ്ങളിൽ ജില്ലയിൽ യെലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്ച മുതൽ ജില്ലയിൽ കനത്ത മഴയാണ് ലഭിക്കുന്നത്. സംസ്ഥാനത്തു കൂടുതൽ മഴ പെയ്ത ആദ്യ 3 സ്ഥലങ്ങളിൽ പിലിക്കോടും കുഡ്‌ലുവും ഉണ്ട്. ജില്ലയിലെ മലയോരവും തീരപ്രദേശവും ഉൾപ്പെടെ മിക്ക മേഖലകളിലും ശക്തമായ മഴ ലഭിച്ചു.

ഓറഞ്ച് അലർട്ട് :

24 മണിക്കൂറിനുള്ളിൽ 115.6 മില്ലിമീറ്റർ മുതൽ‍ 204.4 മില്ലിമീറ്റർ വരെയുള്ള മഴയാണ് അതിശക്തമായ മഴ എന്ന വിഭാഗത്തിൽ പെടുന്നത്.

യെലോ അലർട്ട് :

24 മണിക്കൂറിനുള്ളിൽ 64.5 മില്ലിമീറ്റർ മുതൽ 115 മില്ലിമീറ്റർ വരെയുള്ള മഴ. ശക്തമായ മഴ വിഭാഗത്തിൽ പെടുന്നു.

മഴക്കണക്ക്

ഇന്നലെ രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെയുള്ള കണക്കുകൾ പ്രകാരം വെള്ളരിക്കുണ്ടിലാണു ജില്ലയിൽ കൂടുതൽ മഴ ലഭിച്ചത്, 76 മില്ലി മീറ്റർ. കു‍ഡ്‌ലുവിൽ 41 മില്ലിമീറ്റർ‍, പിലിക്കോട് 39 മില്ലി മീറ്റർ എന്നിങ്ങനെയാണു സ്റ്റേഷനുകളിൽ രേഖപ്പെടുത്തിയ കണക്ക്. ഇന്നലെ രാവിലെ 8.30ന് അവസാനിച്ച 24 മണിക്കൂറിനുള്ളിൽ പിലിക്കോട് 117 മില്ലിമീറ്റർ, കുഡ്‌ലുവിൽ 105 മില്ലിമീറ്റർ, ഹോസ്ദുർഗിലും വെള്ളരിക്കുണ്ടിലും 73 മില്ലീമീറ്റർ വീതം മഴ ലഭിച്ചു.

ജാഗ്രതാ നിർദേശം

24 മണിക്കൂറിനിടെ ഹൊസ്ദുർഗിൽ എട്ടും മഞ്ചേശ്വരത്തു മൂന്നും വീടുകൾ ഭാഗികമായി തകർന്നു. കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീ തീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

ദുരിതാശ്വാസ ക്യാംപിന് തയാറെടുപ്പ് നടത്തണം

കഴിഞ്ഞ 3 വർഷങ്ങളിൽ ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം എന്നിവ ഉണ്ടായ മേഖലകളിലുള്ളവർ, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വിദഗ്ധ സമിതിയും അപകട സാധ്യത മേഖലകൾ അഥവാ വാസയോഗ്യമല്ലാത്ത പ്രദേശങ്ങൾ എന്നു കണ്ടെത്തിയ സ്ഥലങ്ങളിൽ താമസിക്കുന്നവരും അവിടങ്ങളിലുള്ള തദ്ദേശ സ്ഥാപനങ്ങളും സർക്കാർ സംവിധാനങ്ങളും അപകട സാധ്യത മുന്നിൽ കണ്ടു തയാറെടുപ്പുകൾ പൂർത്തീകരിക്കണമെന്നും ജില്ലാ തലത്തിൽ നിർദേശമുണ്ട്. കോവിഡ് പശ്ചാത്തലത്തിൽ ദുരിതാശ്വാസ ക്യാംപുകൾ നടത്താൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഓറഞ്ച് ബുക്ക് 2021ൽ നിർദേശിച്ച തരത്തിലുള്ള തയാറെടുപ്പുകളും പൂർത്തീകരിക്കണം.

പൊതുജനങ്ങൾക്കുള്ള നിർദേശങ്ങൾ

∙ അധികൃതരുടെ നിർദേശങ്ങൾ അനുസരിച്ചു മാറിത്താമസിക്കേണ്ട സ്ഥലങ്ങളിലുള്ളവർ അതിനോടു സഹകരിക്കണം.
∙ വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം.
∙ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും വരുംദിവസങ്ങളിലെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ മാറി താമസിക്കാൻ തയാറാവണം.
∙ സ്വകാര്യ-പൊതു ഇടങ്ങളിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ/പോസ്റ്റുകൾ/ബോർഡുകൾ തുടങ്ങിയവ സുരക്ഷിതമാക്കണം.
∙ നദികളിലോ മറ്റു ജലാശയങ്ങളിലോ ഇറങ്ങാൻ പാടില്ല.
∙അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവർ അണക്കെട്ടുകളിൽ നിന്നു വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനുള്ള സാധ്യത മുൻകൂട്ടി കണ്ടു കൊണ്ടുള്ള തയാറെടുപ്പുകൾ നടത്തണം.
∙ മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണമായി ഒഴിവാക്കണം

താലൂക്ക് തല കൺട്രോൾ റൂമുമായി ബന്ധപ്പെടാം

തുടർച്ചയായ ദിവസങ്ങളിൽ അതിശക്ത മഴ പ്രവചിക്കുന്ന സാഹചര്യത്തിൽ അടിയന്തര ഘട്ടങ്ങളിൽ കൺട്രോൾ റൂമുകളുമായി ബന്ധപ്പെടാം. പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ട നടപടികൾ സ്വീകരിക്കുന്നതിന് 24 മണിക്കൂറും സേവനം ലഭ്യമാകുന്ന കൺട്രോൾ റൂമുകൾ താലൂക്കുതലത്തിൽ പ്രവർത്തിക്കുന്നുണ്ട്. പൊതുജനങ്ങൾക്കും സേവനം ആവശ്യമുള്ളവർക്കും ബന്ധപ്പെടാം.

∙ജില്ലാ എമർജൻസി ഓപ്പറേഷൻ സെന്റർ : 04994 257700
∙കാസർകോട് : 04994 230021
∙മഞ്ചേശ്വരം : 0499 8244044
∙ഹോസ്ദുർഗ് : 04672204042, 0467 2206222,
∙വെള്ളരിക്കുണ്ട് : 0467 2242320

മഴ കനത്തു; ജില്ലയിൽ വ്യാപക നാശനഷ്ടം

കനത്ത മഴയിലും കാറ്റിലും ഹൊസ്ദുർഗ്, വെള്ളരിക്കുണ്ട് താലൂക്കുകളിലെ വിവിധ ഭാഗങ്ങളിൽ വ്യാപകമായ നാശനഷ്ടങ്ങളുണ്ടായി. ഇന്നലെ രാവിലെ ഇടത്തോട് കോളിയാറിൽ ശക്തമായ കാറ്റിൽ മരം വീണു വൈദ്യുത തൂൺ തകർന്നു. പല സ്ഥലങ്ങളിലും മരങ്ങളും വൈദ്യുതി തൂണുകളും വീണു ഗതാഗത തടസ്സവും വൈദ്യുതി തടസ്സവുമുണ്ടായി. മടിക്കൈ, കാഞ്ഞങ്ങാട് മേഖലകളിൽ വീടുകൾക്കും നാശനഷ്ടമുണ്ടായി.

ചിത്താരിയിൽ ബേബി ഗോപാലന്റെ വീടിനു മുകളിൽ മരം വീണു ഭാഗികമായി തകർന്നു. അതിഞ്ഞാൽ സി.കെ.അബ്ദുല്ല ഹാജിയുടെ വീടിന്റെ ഓടുകൾ കാറ്റിൽ പറന്നു. കിഴക്കുംകരയിലും വീടുകൾക്കു നാശനഷ്ടമുണ്ട്. ഒടയംചാൽ മൂത്താടിയിൽ പനമരം വീണു വൈദ്യുത തൂൺ തകർന്നു. ഭീമനടി കുന്നുംകൈ റോഡിൽ മരം കടപുഴകി വീണു വൈദ്യുത തൂൺ തകർന്നു. ഇവിടെ ഏറെനേരം ഗതാഗത തടസ്സമുണ്ടായി. പെരിങ്ങോത്തു നിന്ന് അഗ്നിരക്ഷാസേന എത്തിയാണു മരം വെട്ടി നീക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!