KSDLIVENEWS

Real news for everyone

ദേശീയപാത വികസനം ; ആറുവരിയാക്കൽ എൻഎച്ച് 66 പൊയ്നാച്ചിയിൽ ദിശമാറും; 2.378 ഹെക്ടർ പുതിയ സ്ഥലം ഏറ്റെടുക്കാൻ നിർദേശം

SHARE THIS ON

കാസർകോട് ദേശീയപാത 66 ആറുവരി പാത വികസനത്തിനു ചട്ടഞ്ചാൽ – പൊയ്നാച്ചിക്കടുത്ത് 55–ാം മൈലിൽ നേരത്തെ അക്വയർ ചെയ്ത സ്ഥലം ഒഴിവാക്കാൻ നിർദേശം. പകരം നിലവിലുള്ള റോഡിൽ നിന്നു പടിഞ്ഞാറ് 50 മീറ്റർ മാറി 2.378 ഹെക്ടർ ഭൂമി ഏറ്റെടുക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ആരാധനാലയത്തിനു പിറകിലായിട്ടായിരിക്കും റോഡ് നിർമാണം. നേരത്തെ തീരുമാനിച്ച അലൈൻമെന്റ് ദേശീയപാത അതോറിറ്റി നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾക്ക് ഉതകുന്നതല്ലെന്നും വാഹനാപകടം ഉണ്ടാക്കുമെന്നാണു നിഗമനം. അടുത്തിടെ പണിത വലിയ വീട്, പണിതു വരുന്ന പുതിയ വീട് തുടങ്ങിയവ ഉൾപ്പെടുന്ന ഭാഗത്താണു നിർദിഷ്ട സ്ഥലം. ദേശീയപാത അതോറിറ്റി ആദ്യഘട്ടത്തിൽ രേഖപ്പെടുത്തിയ അലൈൻമെന്റ് പിന്നീടു മാറ്റുകയായിരുന്നു. പുതിയ സ്ഥലം അക്വയർ ചെയ്യുന്നതിനു മേയ് 13നു വിജ്ഞാപനവും പുറപ്പെടുവിച്ചു. നേരത്തെ തീരുമാനിച്ച സ്ഥലം ദേശീയപാത വികസനം ഭൂമി ഏറ്റെടുക്കൽ വിഭാഗം അധികൃതർ ദേശീയപാത അതോറിറ്റിക്കു കൈമാറി ഉടമകൾക്കു പണം നൽകിയതാണ്. ഈ സ്ഥലവും നിലനിർത്തി പുതിയ സ്ഥലം ഏറ്റെടുക്കൽ നടപടികൾ ഉടൻ പൂർത്തിയാക്കി കൈമാറണമെന്നാണ് ഇപ്പോൾ നിർദേശിച്ചിട്ടുള്ളത്. പുതിയ സ്ഥലം ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാകാനുള്ള കാലതാമസം പാത വികസനം വൈകാൻ ഇടയാക്കുമെന്ന് അധികൃതർ പറയുന്നു. നിർമാണ കരാർ ഏറ്റെടുത്ത കൺസ്ട്രക്‌ഷൻ കമ്പനിയുടെ പരിശോധനയിലാണ് അലൈൻമെന്റ് വ്യത്യാസം ശ്രദ്ധയിൽപ്പെട്ടത്. ഇതനുസരിച്ച് ദേശീയപാത അതോറിറ്റി പുതിയ അലൈൻമെന്റിൽ തന്നെ വികസനം വേണമെന്നു നിർബന്ധം പിടിച്ചു. അതേ സമയം നേരത്തെ തീരുമാനിച്ച അലൈൻമെന്റിൽ തന്നെ റോഡ് വികസനം മതിയെന്നും പുതിയ സ്ഥലം ഏറ്റെടുക്കേണ്ടതില്ലെന്നുമുള്ള രാഷ്ട്രീയ ഇടപെടലും നടക്കുന്നുമുണ്ട്. ജില്ലയിൽ മറ്റു ചിലയിടങ്ങളിലും അലൈൻമെന്റിൽ ചെറിയ വ്യത്യാസങ്ങൾ വരുത്തി ആവശ്യമായ സ്ഥലം അക്വയർ ചെയ്യുന്നതിന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇങ്ങനെ 1.893 ഹെക്ടർ സ്ഥലം അധികമായി അക്വയർ ചെയ്യാനും വിജ്ഞാപനം ഇറങ്ങി. രേഖകൾ ലഭ്യമാകുന്നില്ല;ഉടമകൾ‌ പ്രതിസന്ധിയിൽ ദേശീയപാത വികസനത്തിനു ഭൂമി വിട്ടുകൊടുത്തവർക്കുള്ള നഷ്ടപരിഹാരം കിട്ടുന്നതിനു ഹാജരാക്കേണ്ട രേഖകൾ ലോക്ഡൗൺ കാരണം ലഭ്യമാവാത്തതു സ്ഥലമുടമകളെ ദുരിതത്തിലാക്കുന്നു. സബ് റജിസ്ട്രാർ ഓഫിസുകളിൽ നിന്നുള്ള മുൻ പ്രമാണങ്ങളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ലാൻഡ് ട്രൈബ്യൂണൽ, തഹസിൽദാർ ഓഫിസ്, വില്ലേജ് ഓഫിസ് എന്നിവിടങ്ങളിൽ നിന്നുള്ള രേഖകൾ, വായ്പയ്ക്കും മറ്റുമായി ബാങ്കിൽ പണയപ്പെടുത്തിയ രേഖകൾ തുടങ്ങിയവ ലഭിക്കുന്നതിലാണു പ്രയാസം അനുഭവപ്പെടുന്നത്.നേരത്തെ അക്വയർ ചെയ്ത ഭൂമിയിലെ മുന്നൂറോളം ഉടമകൾക്കു നഷ്ടപരിഹാരം അടക്കം ഭൂമിയുടെ വില നൽകുന്നതിനുള്ള നടപടികൾ ഉടൻ പൂർത്തിയാക്കാൻ കലക്ടർ നിർദേശിച്ചിട്ടുണ്ട്. 157 കോടിയോളം രൂപയാണ് ഇവർക്കു നൽകാനുള്ളത്. കോടതികളിൽ കേസുള്ളതുൾപ്പെടെ കഴിഞ്ഞ 5 മാസമായി 700 കോടിയിലേറെ രൂപയാണ് ഉടമകൾക്കു കൈമാറാതെ കിടക്കുന്നത്. ഇതര ജില്ലകളിലും ഇതര സംസ്ഥാനങ്ങളിലും താമസിക്കുന്ന ചില ഉടമകൾക്കും കൂട്ടുകുടുംബാംഗങ്ങൾക്കും ലോക്ഡൗണിൽ ഇവിടെ എത്താനുള്ള അസൗകര്യവും പ്രതിസന്ധിയാണ്. ഇതിനിടെ ദേശീയപാത വികസനം ഭൂമി അക്വിസിഷൻ വിഭാഗം സ്പെഷൽ ഡപ്യൂട്ടി കലക്ടർ ഉൾപ്പെടെ ഏതാനും ഉദ്യോഗസ്ഥർ കോവിഡ് പോസിറ്റീവ് ആയതും സ്ഥലം ഏറ്റെടുക്കൽ നടപടികളെ ബാധിച്ചു. ബന്ധപ്പെട്ട രേഖകൾ സമർപ്പിച്ചിട്ടും നഷ്ടപരിഹാരത്തുക ഉൾപ്പെടെ കിട്ടാതെ പ്രയാസം അനുഭവിക്കുന്നവരുമുണ്ട്. ദേശീയപാത വികസനത്തിനു വേണ്ടി സ്ഥലവും വീടും കെട്ടിടവും വിട്ടുകൊടുത്തവർ ഉടൻ പണം ലഭിക്കുമെന്നു കരുതി പകരം ഭൂമിയും വീടും വാങ്ങുന്നതിനു മുൻകൂർ പണം നൽകിയവരുണ്ട്. ഇവരെല്ലാം പ്രതിസന്ധിയിലാണ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!