സംവരണം: സംവാദ വേദിയായി കേരള മുസ്ലിം ജമാഅത്ത് വെബിനാര്‍
പിന്നോക്ക ന്യൂനപക്ഷങ്ങളെ ഉയര്‍ത്തിക്കൊണ്ട് വരുന്നത് രാജ്യത്തെ ശാക്തീകരിക്കും;
സി ഫൈസി

കാസര്‍കോട്: പിന്നോക്ക ന്യൂനപക്ഷ വിഭാഗങ്ങളെ ഉയര്‍ത്തിക്കൊണ്ട് വരുന്നതിനുള്ള സംവരണവും മറ്റാനുകൂല്യങ്ങളും രാജ്യത്തെ മൊത്തം ശാക്തീകരിക്കുന്നതിന് സഹായകമാവുമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്മാന് സി മുഹമ്മദ് ഫൈസി അഭിപ്രായപ്പെട്ടു. കേരളാ മുസ്ലിം ജമാഅത്ത് കാസറഗോഡ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഓണ്‍ലൈന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംവരണം ഒരിക്കലും വിവേചനമല്ല, ഭരണ ഘടന ഉറപ്പ് നല്കുന്ന തുല്ല്യ നീതി ഉറപ്പാക്കലാണത്. പാര്‍ലമെന്റും കോടതിയും എല്ലാവര്ക്കും തുല്ല്യ നീതി ഉറപ്പാക്കാനാണ് നില കൊള്ളുന്നത്.
നിലവില്‍ വിവാദമായ സ്കോളര്‍ഷിപ്പ് സച്ചാര്‍ കമ്മിറ്റി ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ പാലോളി കമ്മിറ്റിയുടെ കണ്ടെത്തല്‍ അനുസരിച്ചുള്ളതാണ്. മുസ്ലിം പിന്നാക്കാവസ്ഥ മാറ്റാന്‍ ഉണ്ടാക്കിയ പദ്ധതികളുടെ ആനുകൂല്യം ആ വിഭാഗത്തിന് തന്നെ കിട്ടേണ്ടതാണെന്ന സാമാന്യ യുക്തിയെ നിരാകരിച്ചാണ് വര്‍ഗീയ ധ്രുവീകരണത്തിന് ഒരു വിഭാഗം ശ്രമിക്കുന്നതെന്നും സി ഫൈസി പറഞ്ഞു.
ജില്ലാ പ്രസിഡന്റ് ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി അദ്ധ്യക്ഷത വഹിച്ചു. എസ് വൈ എസ് ജില്ലാ ഉപാദ്ധ്യക്ഷന്‍ സയ്യിദ് സൈനുല്‍ ആബിദീന്‍ അല്‍ അഹ്ദല്‍ കണ്ണവം തങ്ങള്‍ പ്രാര്‍ത്ഥന നിർവ്വഹിച്ചു . എസ് എസ് എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി എന്‍ ജഹ്ഫർ സാദിഖ് ചര്‍ച്ച അവതരിപ്പിച്ചു.
സംവരണ വിഷയത്തിൽ നടന്ന വെബിനാർ വ്യത്യസ്ഥ രാഷ്ട്രീയ നേതാക്കളുടെ സംവാദ വേദിയായി മാറി. അഡ്വ. സി എച്ച് കുഞ്ഞമ്പു എം എല്‍ എ, കണ്ണൂര്‍ യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ഖാദര്‍ മാങ്ങാട്, പ്രമുഖ മാധ്യമ പ്രവര്‍ത്തകനും ഐ എന്‍ എല്‍ സംസ്ഥാന സെക്രട്ടറിയുമായ കാസിം ഇരിക്കൂര്‍, കെ പി സി സി സെക്രട്ടറി ബാലകൃഷ്ണന് പെരിയ, മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി അംഗവും ജില്ലാ മൈനോറിറ്റി സമിതി സെക്രട്ടറിയുമായ സി മുഹമ്മദ് കുഞ്ഞി, കേരളാ കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം രാഘവന് ചേരാല്‍, റിയാസ് അമനടുക്കം,മുസ്ലിം ജമാഅത്ത് ജില്ലാ ജനറല്‍ സെക്രട്ടറി പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, എസ് വൈ എസ് സംസ്ഥാന സെക്രട്ടറി ബഷീര്‍ പുളിക്കൂര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. സമസ്ത കേന്ദ്ര മുശാവറ അംഗം മുഹമ്മദലി സഖാഫി തൃകരിപ്പൂര് മോഡറേറ്റര്‍ ആയിരുന്നു. ജില്ലാ സംഘടനാകാര്യ പ്രസിഡന്റ് സുലൈമാന്‍ കരിവെള്ളൂര്‍ സ്വാഗതവും സാംസ്കാരിക സമിതി പ്രസിഡന്റ് സി എല്‍ ഹമീദ് ചെമ്മനാട് നന്ദിയും പറഞ്ഞു.

