KSDLIVENEWS

Real news for everyone

5 വർഷം, സ്ത്രീധന പീഡനങ്ങളിൽ കൊല്ലപ്പെട്ടത് 60ലേറെ സ്ത്രീകൾ; ജില്ലയിൽ‌ വിട്ടുവീഴ്ചയില്ലാത്ത സുരക്ഷയുമായി അധികൃതർ

SHARE THIS ON

കാസർകോട് ∙ നിയമം മൂലം നിരോധിച്ച സ്ത്രീധനത്തെ തുടർന്നുണ്ടായ പീഡനങ്ങളിൽ സംസ്ഥാനത്ത് 5 വർഷത്തിനിടെ കൊല്ലപ്പെട്ട സ്ത്രീകളുടെ എണ്ണം അറുപതിലേറെ. ഭർതൃ വീട്ടുകാരുടെ ഉപദ്രവത്തെ തുടർന്നുള്ള കേസുകൾ സംസ്ഥാനത്ത് 5 വർഷത്തിനിടെ റജിസ്റ്റർ ചെയ്തത് പതിനയ്യായിരത്തിലേറെ. 60 വർഷം മുൻപ് സ്ത്രീധനം നിയമം മൂലം നിരോധിച്ചതാണ്. കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ സംഭവങ്ങളെ തുടർന്ന് സ്ത്രീ സുരക്ഷയിൽ വിട്ടുവീഴ്ചയില്ലാതെ മുന്നോട്ടു പോകാനാണ് ജില്ലാ തലത്തിലും അധികൃതരുടെ തീരുമാനം. പദ്ധതികൾ പലത്,പക്ഷേ… വീടുകൾ, തൊഴിൽശാലകൾ, പൊതു ഇടങ്ങൾ, മറ്റു സ്ഥലങ്ങളിൽ നിന്നായി ശാരീരിക–മാനസിക പീഡനത്തിനും അവഹേളനത്തിനും വിധേയരാകുന്നവരാണോ നിങ്ങൾ? പരാതികൾ നൽകാൻ മടിയാണോ? നിങ്ങളെ സഹായിക്കാൻ സംസ്ഥാന വനിത–ശിശുവികസന വകുപ്പിന്റെ കീഴിൽ ഒട്ടേറെ പദ്ധതികളുണ്ട്. ജില്ലയിൽ പലയിടങ്ങളിലും ഇത്തരത്തിലുള്ള  പീഡനങ്ങളും പ്രയാസങ്ങളും ഏറെയുണ്ടെങ്കിലും പരാതി നൽകാൻ സ്ത്രീകളും പെൺകുട്ടികളും തയ്യാറാവുന്നില്ലെന്നാണ് അധികൃതർ പറയുന്നത്. കേസിനു പിന്നാലെ പോകാനുള്ള പ്രയാസം, അല്ലെങ്കിൽ പരാതി നൽകിയതിനെ തുടർന്നുള്ള ഒറ്റപ്പെടുത്തലുകൾ ഉൾപ്പെടെയുള്ളവയാണ് ഇതിനു കാരണമായി പറയുന്നത്. സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾക്കെതിരെ നടപടിയെടുക്കാൻ ജില്ലാ പൊലീസ് ആസ്ഥാനത്ത് വനിത സെൽ പ്രവർത്തിക്കുന്നുണ്ട്. കാസർകോട്, കാഞ്ഞങ്ങാട് എന്നിവിടങ്ങളിലായി പിങ്ക് പൊലീസിന്റെ സേവനവും ലഭ്യമാണ്. സ്ത്രീകളെ കേൾക്കാൻ ‘കാതോർത്ത്’ സ്ത്രീകൾക്കും പെൺകുട്ടികൾക്കുമായി  ഓൺലൈനായി കൗൺസലിങ്, നിയമ–പൊലീസ് സഹായം എന്നിവ നൽകുന്ന പദ്ധതിയാണു ‘കാതോർത്ത്’. സംസ്ഥാന വനിത ശിശുവികസന വകുപ്പിന്റെ മഹിളാ ശക്തി കേന്ദ്രം വഴിയാണു ഇതു നടപ്പാക്കുന്നത്. സ്ത്രീകളും പെൺകുട്ടികളും അവരുടെ പ്രശ്നങ്ങൾ  കാതോർത്ത് ഓൺലൈൻ സേവനം തേടാം.ഒരാൾ സേവനം ആവശ്യപ്പെട്ടാൽ  48 മണിക്കൂറിനുള്ളിൽ പൊലീസ്–നിയമ സഹായങ്ങൾക്കു പുറമേ കൗൺസലിങും നൽകും. സേവനം ആവശ്യമായ സ്ത്രീകൾ  പദ്ധതിക്കായി പ്രത്യേകം രൂപീകരിച്ച പോർട്ടലിൽ റജിസ്റ്റർ ചെയ്യണം. കൗൺസലിങ്, നിയമസഹായം, പൊലീസ് സഹായം എന്നിവ അടിസ്ഥാനമാക്കി തരം തിരിച്ച് ബന്ധപ്പെട്ട കൺസൽറ്റന്റുമാർക്ക് കൈമാറും. ജില്ലയിൽ ഇതുവരെ 26 അപേക്ഷകളാണ് കാതോർത്ത് പോർട്ടിൽ റജിസ്റ്റർ ചെയ്തിട്ടുള്ളത്.http://kathorthu.wcd.kerala.gov.in/ . 94000 88166. അടിയന്തര ഘട്ടത്തിൽ താമസ സൗകര്യം ആവശ്യമെങ്കിൽ –സർക്കാർ മഹിളാ മന്ദിരം, പരവനടുക്കം.–0499235201 –സ്നേഹസദൻ, ഷെൽട്ടർ  ഹോം, പടന്നക്കാട്–04762200884 (ഗാർഹിക പീഡനം അനുഭവിക്കുന്ന സ്ത്രീകൾക്കു മാത്രമായി) –സ്ത്രീകൾക്കെതിരെ അതിക്രമങ്ങൾ തടയുന്നതിനു വൺ സ്റ്റോപ്പ് സെന്റർ വിദ്യാനഗർ–ഫോൺ–9400088573(ഇവിടെ  താമസ സൗകര്യം–വൈദ്യസഹായം കൗൺസലിങ് എന്നിവ നൽകുന്നു) പൊൻ വാക്ക് ശൈശവ വിവാഹം  തടയുന്നതിനുള്ള പദ്ധതിയാണ് പൊൻ വാക്ക്. പൊതുജന പങ്കാളിത്തത്തോടുകൂടി ശൈശവ വിവാഹം പൂർണമായി നിരോധിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ശൈശവ വിവാഹം നടക്കുന്നത് മുൻകൂട്ടി വിവരം നൽകുന്ന വ്യക്തിക്ക്  2500 രൂപ  പാരിതോഷികമായി നൽകും. വിവരം നൽകുന്ന വ്യക്തിയുടെയുടെ പേര് വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും. ജില്ലയിലെ 12 ഐസിഡിഎസ് ഓഫിസുകളിലെ ശിശു വികസന പദ്ധതി ഓഫിസർമാരാണു ശൈശവ വിവാഹ നിരോധന നിയമം നടപ്പാക്കുന്നത്. പരാതികൾ അറിയിക്കാം. ponvakkukzd@gmail.com.2020 ഏപ്രിൽ 1 മുതൽ 2021 മാർച്ച് 31 വരെ സംസ്ഥാനത്ത് 145 ശൈശവ വിവാഹ കേസുകളാണുള്ളത്. കാസർകോട് ഉൾപ്പെടെയുള്ള  സംസ്ഥാനത്തെ 3 ജില്ലകളിൽ  പരാതികളില്ല.  രക്ഷാദൂത് സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾ തടയുക, അവരുടെ അവകാശങ്ങൾ സംരക്ഷിക്കുക,  മാനസികാരോഗ്യം ഉറപ്പുവരുത്തുക, തുടങ്ങിയ ലക്ഷ്യത്തോടെയുള്ള പുതിയ പദ്ധതിയാണ് രക്ഷാദൂത്. ഗാർഹിക പീഡനത്തിൽ നിന്നു വനിതകളെ സംരക്ഷിക്കാൻ  സംസ്ഥാന വനിതാ ശിശു വികസന വകുപ്പ് തപാൽ വകുപ്പുമായി ചേർന്ന് നടപ്പാക്കുന്ന പദ്ധതിയാണ് രക്ഷാദൂത്.അടുത്തുള്ള  തപാൽ ഓഫിസിലെത്തി തപാൽ എന്ന് കോഡ്  പറഞ്ഞാൽ പോസ്റ്റ്മാസ്റ്റർ സഹായത്തോടെ മേൽവിലാസവും പിൻകോഡ് സഹിതം പേപ്പറിൽ എഴുതി ലെറ്റർ  ബോക്സിൽ നിക്ഷേപിക്കാം. അല്ലെങ്കിൽ അതിക്രമം അനുഭവിക്കുന്ന സ്ത്രീക്കോ കുട്ടിക്കോ ഇതു ചെയ്യുന്നതിനായി ഒരു വെള്ള പേപ്പറിൽ പൂർണമായ മേൽവിലാസം എഴുതി ലെറ്റർ ബോക്സ് നിക്ഷേപിക്കുമ്പോൾ കവറിനു പുറത്ത് തപാൽ എന്ന് എഴുതിയാൽ മതി. ഇപ്രകാരം ലഭിക്കുന്ന പരാതികൾ ഇമെയിൽ വഴി വനിതാശിശു വകുപ്പിന് അയച്ചു കൊടുക്കുകയും അതുവഴി അതത് ജില്ലകളിലെ വനിതാ സംരക്ഷണ ഓഫിസർമാരും കുട്ടികളുടെ  പരാതികൾ ജില്ലാ ശിശു സംരക്ഷണ  ഓഫിസർമാരും അന്വേഷിച്ച് നടപടികൾ സ്വീകരിക്കും. വനിതാ പൊലീസ് സ്റ്റേഷൻ ജില്ലയിലെ ആദ്യത്തെ വനിത പൊലീസ് സ്റ്റേഷൻ കാസർകോട് ടൗൺ സ്റ്റേഷനോട് ചേർന്നാണ് പ്രവർത്തിക്കുന്നത്. ഒരു വർഷത്തിലേറെയായി ഇതു ഉദ്ഘാടനം ചെയ്തിട്ടുണ്ട്. സ്റ്റേഷൻ ഹൗസ് ഓഫിസറായ ഒരു സിഐ ഉൾപ്പെടെയുള്ള വനിത പൊലീസുകാർ ഇവിടെയുണ്ട്. സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങളെക്കുറിച്ചുള്ള പരാതികൾ ആണ് ഇവിടെ റജിസ്റ്റർ ചെയ്തു വനിതാ പൊലീസ് അന്വേഷിക്കുന്നത്. ഇതുവരെയായി ചുരുക്കം കേസുകൾ മാത്രമാണ് റജിസ്റ്റർ ചെയ്തിട്ടുള്ളത്. 9497987223, 0499–4257591 ഗാർഹിക അതിക്രങ്ങളിൽ നിന്നു വനിതകളെ സംരക്ഷിക്കുന്ന നിയമ പ്രകാരം ജില്ലയിൽ ലഭിക്കുന്ന സേവനങ്ങൾ നിയമത്തിൽ അനുശാസിക്കുന്ന നിർവഹണ ഉദ്യോഗസ്ഥവുമൺ പ്രൊട്ടക്‌ഷൻ ഓഫിസർ,വുമൺ പ്രൊട്ടക്‌ഷൻ ഓഫിസ്, സിവിൽ സ്റ്റേഷൻ, വിദ്യാനഗർ, കാസർകോട്–04994256266,ഗവ.മഹിളാമന്ദിരം, പരവനടുക്കം,04994235201,മുജാഹിദ് എജ്യുക്കേഷൻ ട്രസ്റ്റ്, ചെന്നിക്കര, നുള്ളിപ്പാടി–9946573186 കുടുംബശ്രീയുടെ സ്നേഹിത  കുടുംബശ്രീയുടെ നേതൃത്വത്തിൽ 2018ൽ കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനടുത്തു തുടങ്ങിയ സ്നേഹിത ജെൻഡർ സഹായ കേന്ദ്രത്തിലേക്ക് ഇതുവരെയായി എത്തിയത് 1380 പരാതികൾ. ഇതിലേറെയും പരിഹരിക്കപ്പെട്ടു. 24 മണിക്കൂറും പ്രവർത്തിക്കുന്ന കേന്ദ്രത്തിൽ നിലവിൽ 8 ജീവനക്കാരുണ്ട്. സ്ത്രീകൾക്കും പെൺകുട്ടികൾക്കുമായി കൗൺസലിങ്, പുനരധിവാസ സഹായ കേന്ദ്രം,ബോധവൽക്കരണ ക്ലാസുകൾ, ഉപജീവനത്തിനായി വഴി കണ്ടെത്താനുള്ള മാർഗങ്ങൾ ഉൾപ്പെടെയുള്ള സഹായങ്ങളാണ് ഇവിടെ നിന്നു നൽകുന്നത്. എല്ലാം വെള്ളിയാഴ്ചകളിലും ഉച്ചയ്ക്കു ശേഷം നിയമ സഹായവും നൽകുന്നു. അലഞ്ഞു തിരിയുന്നതും  വിവിധ സാഹചര്യങ്ങളിൽ വീട്ടിൽ നിന്നിറങ്ങുന്ന സ്ത്രീകൾക്കും കുട്ടികൾക്കുമായി  താൽക്കാലിക അഭയകേന്ദ്രം കൂടിയാണ് ഈ സ്നേഹിത. ബ്ലോക്ക്–പഞ്ചായത്ത് തലങ്ങളിലുമായി ഇതിന്റെ സബ് സെന്ററുകൾ പ്രവർത്തിക്കുന്നുണ്ട്.ഫോൺ–04672201205 വനിതാ കമ്മിഷനു ജില്ലയിൽ നിന്നു ലഭിച്ചത് 142 പരാതികളാണ്.  ഇതിലേറെയും ഗാർഹിക പീഡനമാണ്. തിരഞ്ഞെടുപ്പുകളും ലോക്ഡൗണുകളും ആയതിനാൽ ജില്ലയിൽ ഒരു വർഷത്തോളമായി അദാലത്ത് ചേരുന്നില്ല. 32 പരാതികളായിരുന്നു അവസാനം അദാലത്ത് നടക്കുമ്പോൾ ജില്ലയിൽ ഉണ്ടായിരുന്നത്. ലോക്ഡൗണിൽ പൂർണമായി ഇളവുകൾ ലഭിക്കുന്നതോടെ 2 ദിവസം ക്യാപ് ചെയ്തു പരാതികളിൽ തീർപ്പുണ്ടാക്കും. ഷാഹിദ കമാൽ, വനിതാ കമ്മിഷൻ അംഗം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!