ഒളിംപിക്സില്‍ സ്വര്‍ണം നേടിയാല്‍ മൂന്ന് കോടി, വെള്ളിക്ക് രണ്ട് കോടി: തമിഴ് താരങ്ങള്‍ക്ക് വന്‍ വാഗ്ദാനവുമായി സ്റ്റാലിന്

അടുത്ത മാസം തുടങ്ങുന്ന ടോക്കിയോ ഒളിംപിക്സിൽ മെഡൽ നേടുന്ന തമിഴ്നാടു സ്വദേശികളായ കായിക താരങ്ങൾക്കുള്ള സംസ്ഥാന സർക്കാരിന്റെ പാരിതോഷികം പ്രഖ്യാപിച്ചു മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. സ്വർണ മെഡൽ നേടുന്ന താരങ്ങൾക്കു 3 കോടി, വെള്ളി മെഡലിനു 2 കോടി, വെങ്കല മെഡലിന് ഒരു കോടി എന്നിങ്ങനെയാണു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.
2012 ലണ്ടൻ ഒളിംപിക്സിൽ 10 മീറ്റർ എയർ റൈഫിൾ പുരുഷ വിഭാഗത്തിൽ വെങ്കലം നേടിയ ഗഗൻ നരംഗ് മാത്രമാണ് ഇതുവരെ ഇന്ത്യയ്ക്കായി മെഡൽ നേടിയിട്ടുള്ള തമിഴ്നാട് സ്വദേശി. നേരത്തെ, ഒളിംപിക് മെഡൽ നേടുന്ന ഹരിയാന സ്വദേശികൾക്ക് കായികവകുപ്പിൽ ജോലി നൽകുമെന്ന് ഒളിംപിക് ദിനത്തോട് അനുബന്ധിച്ച് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ പ്രഖ്യപിച്ചിരുന്നു.
14 വിഭാഗത്തിലായി 102 ഇന്ത്യൻ താരങ്ങൾ ഇതുവരെ ടോക്കിയോ ഒളിംപിക്സിനു യോഗ്യത നേടിക്കഴിഞ്ഞു. 2012 ലണ്ടൻ ഒളിംപിക്സിലാണ് ഇന്ത്യ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തത്. 2 വെള്ളിയും 4 വെങ്കലവും അടക്കം 6 മെഡലുകളാണ് ഇന്ത്യ നേടിയത്. 2016 റിയോ ഒളിംപിക്സിൽ 2 മെഡലുകളാണ് (ഒരു വെള്ളി, ഒരു വെങ്കലം) ഇന്ത്യയ്ക്കു ലഭിച്ചത്.

