കാഞ്ഞങ്ങാട്ടും വാക്സീൻ എടുക്കാൻ ജനം ഇരച്ചെത്തി; ഒടുവിൽ പൊലീസെത്തി പിരിച്ചുവിട്ടു

കാഞ്ഞങ്ങാട് ∙ വാക്സീൻ സ്വീകരിക്കാൻ ജനങ്ങൾ കൂട്ടത്തോടെ എത്തിയതോടെ കോവിഡ് നിയന്ത്രണങ്ങൾ പാളി. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിക്ക് കീഴിൽ ബല്ലാ ഹയർസെക്കൻഡറി സ്കൂളിൽ പ്രവർത്തിക്കുന്ന വാക്സിനേഷൻ കേന്ദ്രത്തിലാണു ഇന്നലെ ജനങ്ങൾ ഇരച്ചെത്തിയത്. കോവാക്സീൻ ആണ് ഇന്നലെ നൽകിയത്. കോവാക്സീൻ ആവശ്യത്തിന് ലഭിക്കാതെ വന്നതോടെ പലരുടെയും രണ്ടാം ഡോസ് എടുക്കേണ്ട കാലാവധി കഴിഞ്ഞിരുന്നു. ഇന്നലെ ഓൺലൈൻ റജിസ്ട്രേഷനും സ്പോട്ട് റജിസ്ട്രേഷനും ഉണ്ടായിരുന്നു. ഇത് അറിഞ്ഞാണു സ്പോട്ട് റജിസ്ട്രേഷൻ എടുക്കാനായി ആയിരത്തിലധികം ആളുകൾ എത്തിയത്. ഓൺലൈൻ റജിസ്ട്രേഷൻ 150, സ്പോട്ട് റജിസ്ട്രേഷൻ 350 എന്നിങ്ങനെ ആണ് ഇന്നലെ അനുവദിച്ചത്. എന്നാൽ വാക്സീൻ സ്വീകരിക്കാൻ എത്തിയത് ആയിരത്തിലധികം പേർ. പുലർച്ചെ തന്നെ ജില്ലയുടെ പല ഭാഗത്ത് നിന്നും വാക്സീൻ സ്വീകരിക്കാൻ ആളുകൾ എത്തിയിരുന്നു. പിന്നീട് നീണ്ട വരി തന്നെ രൂപപ്പെട്ടു. ആളുകൾ കൂടിയതോടെ വരിയിൽ തിക്കും തിരക്കുമായി. ഇതോടെ കോവിഡ് നിയന്ത്രണങ്ങൾ പാളി. ഒടുവിൽ അധികൃതർ പൊലീസിന്റെ സഹായം തേടി. തിരക്ക് കൂടിയതോടെ ആളുകൾ പിരിഞ്ഞു പോകണമെന്നും ഇന്ന് വാക്സിനേഷന് സൗകര്യം ഏർപ്പെടുത്തുമെന്നും പൊലീസ് അറിയിച്ചതോടെ ജനങ്ങൾ പിരിഞ്ഞു പോകുകയായിരുന്നു.

