മുളിയാർ ബ്ലോക്ക് സിഎച്ച്സി പേരിലൊതുങ്ങി; ചികിത്സാ സമയം ഉച്ചയ്ക്ക് 2 വരെ മാത്രം

ബോവിക്കാനം ∙ ബ്ലോക്ക് സിഎച്ച്സി പേരിൽ മാത്രം; മുളിയാർ സിഎച്ച്സിയിൽ ചികിത്സാ സമയം പിഎച്ച്സിക്കു തുല്യം. മെഡിക്കൽ ഓഫിസർ ഉൾപ്പെടെ 5 ഡോക്ടർമാരുണ്ടായിട്ടും ഉച്ചയ്ക്കു 2 മണി വരെയാണ് നിലവിൽ ആശുപത്രി പ്രവർത്തിക്കുന്നത്. ഞായറാഴ്ചകളിൽ അതും ഉണ്ടാകാറില്ലെന്ന പരാതിയുണ്ട്. 5 ഡോക്ടർമാരുണ്ടായിട്ടും ഇന്നലെ ഒരു ഡോക്ടർ മാത്രമേ ഡ്യൂട്ടിയിലുണ്ടായിരുന്നുള്ളൂ. കോവിഡ് വന്നതിനു ശേഷം സിഎച്ച്സിയിൽ മറ്റു രോഗങ്ങൾക്ക് എത്തുന്നവരുടെ എണ്ണം കുത്തനെ കുറഞ്ഞു. ഇതിനോട് ചേർന്ന് പനി ക്ലിനിക് ആരംഭിക്കുക കൂടി ചെയ്തതോടെ ഒരു ദിവസം 20-25 രോഗികൾ മാത്രമാണ് ഒപി ചികിത്സ തേടുന്നത്. ഇതു ഒരു ഡോക്ടർക്കു പരിശോധിക്കാവുന്നതേ ഉള്ളൂ. പനി ക്ലിനിക്കിൽ ബ്ലോക്ക് പഞ്ചായത്ത് താൽക്കാലികാടിസ്ഥാനത്തിൽ 3 ഡോക്ടർമാരെ നിയമിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ സിഎച്ച്സിയിലെ ഡോക്ടർമാരെ രണ്ടു ഷിഫ്റ്റാക്കി തിരിച്ച് പരിശോധന സമയം വൈകിട്ട് 6 വരെയെങ്കിലും നീട്ടണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. മുളിയാറിനു പുറമേ ദേലംപാടി, കാറഡുക്ക പഞ്ചായത്തുകളിലെ രോഗികൾക്കും ഇതു ഗുണമാകും. ഉച്ചയ്ക്കു 2 മണി കഴിഞ്ഞാൽ പിന്നെ സ്വകാര്യ ആശുപത്രികളെയോ കാസർകോട് ഗവ. ജനറൽ ആശുപത്രിയെയോ ആണ് ഇവർ ഇപ്പോൾ ആശ്രയിക്കുന്നത്. പണ്ടു പിഎച്ച്സി ആയിരുന്നപ്പോഴും 2 മണിവരെ ഡോക്ടർമാർ ഉണ്ടായിരുന്നു. സിഎച്ച്സി ആയി ഉയർത്തി വർഷങ്ങൾ കഴിഞ്ഞിട്ടും ഡോക്ടർമാരുടെയും അനുബന്ധ ജീവനക്കാരുടെയും എണ്ണം വർധിച്ചിട്ടും സ്ഥിതി പഴയതു തന്നെ. കോവിഡിനു ശേഷം കാറഡുക്ക ബ്ലോക്ക് പഞ്ചായത്തും ജില്ലാ മെഡിക്കൽ ഓഫിസും ചേർന്നു ഒരുപാട് സൗകര്യങ്ങൾ ഇവിടെ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ പ്രയോജനം പൂർണതോതിൽ ജനങ്ങൾക്കു കിട്ടണമെങ്കിൽ ഒപി സമയം നീട്ടണം. സിഎച്ച്സി ആയിരുന്ന ഈ ആശുപത്രി മാസങ്ങൾക്കു മുൻപാണ് കിടത്തി ചികിത്സാ സൗകര്യമുള്ള ബ്ലോക്ക് സിഎച്ച്സി ആയി സംസ്ഥാന സർക്കാർ ഉയർത്തിയത്. കിടത്തി ചികിത്സ ഇല്ലെങ്കിലും ഒപി സമയമെങ്കിലും നീട്ടാൻ ബ്ലോക്ക് പഞ്ചായത്തും എംഎൽഎ അടക്കമുള്ള ജനപ്രതിനിധികളും ഇടപെടണമെന്ന ആവശ്യമാണ് വിവിധ സംഘടനകൾ ഉയർത്തുന്നത്.

