KSDLIVENEWS

Real news for everyone

ജില്ലാ പഞ്ചായത്ത്‌ യോഗം : ജില്ലാ ആസ്പത്രിയിലെ വിവാദനിയമനം യു.ഡി.എഫ്. പ്രമേയം ചർച്ചചെയ്തില്ല

SHARE THIS ON

കാഞ്ഞങ്ങാട് ജില്ലാ ആസ്പത്രിയിൽ താത്കാലിക നിയമനം നൽകിയ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ യു.ഡി.എഫ്. അവതരിപ്പിച്ച പ്രമേയം ചർച്ചചെയ്യാതെ തള്ളി. യു.ഡി.എഫ്. അംഗം ജോമോൻ കെ.ജോസ് അവതരിപ്പിച്ച പ്രമേയമാണ് ഭരണസമിതി യോഗത്തിൽ വോട്ടിനിട്ട് തള്ളിയത്. 11-നെതിരേ 12 വോട്ടുകൾക്കാണ് പ്രമേയം ചർച്ച ചെയ്യേണ്ടതില്ലെന്ന് തീരുമാനിച്ചത്. കേസിലെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുന്ന ജനപ്രതിനിധിയുടെ വോട്ട് ഉൾപ്പെടെയാണ് പ്രമേയം തള്ളിയത്. ജില്ലാ ആസ്പത്രിയിൽ നടത്തിയ താത്കാലിക നിയമനം ജില്ലാ മെഡിക്കൽ ഓഫീസറോ ജില്ലാപഞ്ചായത്ത് ഭരണസമിതിയോ അറിയാതെയാണ് നടത്തിയിരിക്കുന്നത്. ഈ നിയമനം സംബന്ധിച്ച് ഭരണസമിതിയിൽ ചർച്ചചെയ്യാത്തത് പഞ്ചായത്ത് രാജ് ചട്ടം എട്ടിന്റെ ലംഘനമാണ്. അതിനാൽ നിയമനങ്ങൾ റദ്ദ് ചെയ്ത് പുതിയ നിയമനം നടത്തണമെന്നാണ് പ്രമേയം ആവശ്യപ്പെട്ടത്. എന്നാൽ നിയമനം നടത്തിയത് എച്ച്.എം.സി. (ഹോസ്പിറ്റൽ മാനേജ്‌മെന്റ് കമ്മിറ്റി) ആണെന്നും ഇത്തരം നിയമനങ്ങൾക്ക് ഭരണസമിതിയുടെ അംഗീകാരം വേണ്ടെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ മറുപടി നൽകി. ഭരണഘടന പ്രകാരം സ്വതന്ത്രമായി പ്രവർത്തിക്കാൻ സാധിക്കുന്ന ഒരു സംവിധാനമാണത്. എല്ലാ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളും അടങ്ങുന്നതാണ് ആ കമ്മിറ്റിയെന്നും അവർ പറഞ്ഞു. ജില്ലാ ആസ്പത്രിയിൽ നിയമനമോ സ്ഥലം മാറ്റമോ ജില്ലാ പഞ്ചായത്തിന്റെ ഉത്തരവാദിത്വമല്ല. അവിടെ ആവശ്യമുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുകയാണ് ജില്ലാപഞ്ചായത്തിന്റെ കടമയെന്നും പ്രസിഡന്റ് കൂട്ടിച്ചേർത്തു. തുടർന്നാണ് പ്രമേയം ചർച്ചചെയ്യണമോ എന്ന കാര്യത്തിൽ വോട്ടെടുപ്പ് നടന്നത്. പ്രതിരോധം തീർത്ത് ചീമേനി മാതൃഭൂമിയുടെ ഒന്നാംതാളിൽ വന്ന വാർത്ത വായിച്ചാണ് ജോമോൻ കെ.ജോസ് പ്രമേയാവതരണം തുടങ്ങിയത്. തുടക്കത്തിൽത്തന്നെ ഇടപെട്ട പ്രസിഡന്റ് വാർത്തയല്ല പ്രമേയം വായിക്കു എന്ന് ആവശ്യപ്പെട്ടു. തുടർന്ന് ചില അംഗങ്ങളും ബഹളംവച്ചു. രംഗം ശാന്തമായി വീണ്ടും പ്രമേയാവതരണം തുടർന്നു. അവതരണത്തിനുശേഷം പ്രമേയത്തിൽ പെരിയ ഇരട്ടക്കൊലക്കേസുമായി ബന്ധപ്പെട്ട് രാഷ്ട്രീയമാണ് ജില്ലാ പഞ്ചായത്തംഗം പറയുന്നത് എന്നാരോപിച്ച് ഇടതുപക്ഷ അംഗങ്ങൾ പ്രമേയത്തെ പ്രതിരോധിച്ചത് 1987-ലെ ചീമേനി കൂട്ടക്കൊലപാതകവുമായി ബന്ധപ്പെടുത്തിയാണ്. അതിലെ പ്രതിക്കും എച്ച്.എം.സി. നിയമനം വഴി ജോലി ലഭിച്ചിട്ടുണ്ടെന്ന്‌ അവർ വാദിച്ചു. 2021-ലെ കാര്യം ചർച്ചചെയ്യുമ്പോൾ ചരിത്രത്തിലേക്ക് പോവുന്നത് എന്തിനാണെന്ന് ചോദിച്ച് കൊണ്ടാണ് യു.ഡി.എഫ്. ഈ വാദത്തെ ഖണ്ഡിച്ചത്. ചൂടേറിയ വാദപ്രതിവാദങ്ങൾക്ക് ഒടുവിൽ പ്രസിഡന്റ് ഇടപെട്ടാണ് ചർച്ച വേണമോ എന്ന കാര്യത്തിൽ വോട്ടെടുപ്പ് നടത്തി തീരുമാനമെടുത്തത്. ആലോചിച്ച് തുടർനടപടി പ്രമേയം ചർച്ച ചെയ്യാത്തതിൽ പ്രതിഷേ ധിച്ച് യു.ഡി.എഫ്. അംഗങ്ങൾ മുദ്രാവാക്യം വിളികളോടെയാണ് ജില്ലാപഞ്ചായത്ത് യോഗം കഴിഞ്ഞ് പുറത്തേക്ക് വന്നത്. പ്രമേയം ചർച്ച ചെയ്യാത്തത് ഭരണകക്ഷിയുടെ ഏകാധിപത്യ നടപടിയാണെന്നും യു.ഡി.എഫ്‌ . ജില്ലാ നേതൃത്വവുമായി ആലോചിച്ച് നിയമപരമായും രാഷ്ട്രീയപരമായും അതിനെ നേരിടുമെന്നും യു.ഡി.എഫ്. ജില്ലാ പഞ്ചായത്തംഗങ്ങൾ പ്രതികരിച്ചു. പ്രമേയം പരാജയപ്പെടുത്തിയത് കൊലക്കേസ് പ്രതിയുടെ വോട്ടിന്റെ സഹായത്താൽ- ഹക്കിം കുന്നിൽ കാസർകോട്: ജില്ലാ പഞ്ചായത്തിൽ അവതരിപ്പിച്ച പ്രമേയം എൽ.ഡി.എഫ്. പരാജയപ്പെടുത്തിയത് കൊലക്കേസ് പ്രതിയുടെ വോട്ട് കൊണ്ടാണെന്ന് ഡി.സി.സി. പ്രസിഡന്റ് ഹക്കിം കുന്നിൽ പറഞ്ഞു. ആദ്യഘട്ടത്തിൽ സി.പി.എം. ജില്ലാ സെക്രട്ടറി എം.വി. ബാലകൃഷ്ണൻ പറഞ്ഞിരുന്നത് ജില്ലാ ആസ്പത്രിയിലെ നിയമനവുമായി ബന്ധപ്പെട്ട് പാർട്ടിക്ക് അറിവില്ലെന്നായിരുന്നു. എന്നിട്ടും എന്തുകൊണ്ട് പ്രമേയം ചർച്ചയ്ക്കെടുക്കേണ്ട എന്ന നിലപാടിനെ അനുകൂലിച്ച് വോട്ട് ചെയ്തുവെന്ന് വ്യക്തമാക്കണം. പെരിയ കൊലക്കേസ് നടന്നതുമുതൽ പ്രതികളെയും പ്രതികളുടെ കുടുംബത്തെയും സഹായിക്കുന്ന നിലപാടാണ് പാർട്ടിയെടുത്തത്. ഭൂരിപക്ഷമുപയോഗിച്ച് പ്രമേയത്തെ പരാജയപ്പെടുത്തിയെങ്കിലും പൊതുസമൂഹത്തിന് മുമ്പിൽ പ്രതികളെ സംരക്ഷിച്ചതിന് ഉത്തരം പറയേണ്ടിവരുമെന്നും ഹക്കിം കുന്നിൽ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!