ജൂണ്‍ 30 അവകാശദിനം ; സര്‍ക്കാര്‍ ഉറപ്പ് പാലിക്കണമെന്ന് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി

കാസര്‍കോട്: ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ അതിജീവനത്തിനായുള്ള പോരാട്ടങ്ങള്‍ നിലച്ചിട്ടില്ലെന്നും സര്‍ക്കാര്‍ നല്കിയ ഉറപ്പുകള്‍ പാലിക്കാന്‍ കുഞ്ഞുങ്ങളെയും കൊണ്ട് തെരുവിലിറങ്ങേണ്ട ഗതികേടിലാണ് ദുരിതബാധിതര്‍ ഇപ്പോഴുമെന്ന് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഈ നാടിനെ വിഷം തീറ്റിച്ചതിന്റെ ഉത്തരവാദിത്വം മാറി മാറി വന്ന സര്‍ക്കാറുകളുടേതാണ്. അവരത് നിറവേറ്റുന്നില്ലെങ്കില്‍ കേരളീയ പൊതുസമൂഹം ആ മനുഷ്യരുടെ ശബ്ദമാകണം. തങ്ങളുടെതല്ലാത്ത കുറ്റം കൊണ്ട് ജീവിതം നഷ്ടമായവരെ ഇനിയും തെരുവിലേക്കെറിയരുത്. മതിയായ ചികിത്സ ജില്ലയില്‍ തന്നെ ഉറപ്പ് വരുത്തുകയും സര്‍ക്കാര്‍ നല്കിയ ഉറപ്പുകള്‍ പാലിക്കുകയും ചെയ്യണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
അന്യ സംസ്ഥാനങ്ങളിലേക്കും മറ്റു ജില്ലകളിലേക്കും ചികിത്സക്കായി കുട്ടികളെയും എടുത്ത് ഓടേണ്ടുന്ന അവസ്ഥ ഒഴിവാക്കണം. 2017ലെ സുപ്രീംകോടതി വിധിയനുസരിച്ച് പട്ടികയിലുള്ള 6727 പേര്‍ക്കും അഞ്ചു ലക്ഷം രൂപ നല്‍കണം. ഇതില്‍ കോടതിയലക്ഷ്യത്തിന് സുപ്രീം കോടതിയെ സമീപച്ചതിലൂടെ നാല് അമ്മമാര്‍ അഞ്ചു ലക്ഷം നേടിയതടക്കം 1446 പേര്‍ക്ക് 5 ലക്ഷം കിട്ടി. 1568 പേര്‍ക്ക് 3 ലക്ഷം ലഭിച്ചു. കോടതി വിധി പ്രകാരം 3717 പേര്‍ക്ക് ഇനിയും അഞ്ചു ലക്ഷവും 1568 പേര്‍ക്ക് രണ്ടു ലക്ഷവും കിട്ടണം. പ്രായോഗികവും ശാസ്ത്രീയവുമായ പുനരധിവാസം നടപ്പാക്കുക. ദുരിതബാധിത കുടുംബത്തെ സര്‍ക്കാര്‍ ഏറ്റെടുക്കുക. മുഴുവന്‍ ദുരിതബാധിതരുടെയും കടങ്ങള്‍ എഴുതിതള്ളുക തുടങ്ങിയ ആവശ്യങ്ങളും ദുരിതബാധിതര്‍ ഉന്നയിക്കുന്നു. ജൂണ്‍ 30 ന് അവകാശദിനമായി ആചരിക്കുകയാണെന്നും ഭാരവാഹികള്‍ പറഞ്ഞു. പ്രസിഡന്റ് മുനീസ അമ്ബലത്തറ, കണ്‍വീനര്‍ അമ്ബലത്തറ കുഞ്ഞികൃഷ്ണന്, അരുണി ചന്ദ്രന് കടകം, സിസ്റ്റര്‍ ജയ ആന്റോ മംഗലത്ത് തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

