പ്രതികളുടെ ഭാര്യമാർക്ക് നിയമനം: സമരവുമായി മുന്നോട്ടെന്ന് യൂത്ത് കോൺഗ്രസ്

കാസർകോട് ∙ പെരിയ കൊലക്കേസ് പ്രതികളുടെ ഭാര്യമാർക്ക് നിയമനം നൽകിയ സംഭവത്തിൽ യുഡിഎഫ് കൊണ്ടുവന്ന പ്രമേയം ചർച്ച ചെയ്യാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി ജില്ലാ പഞ്ചായത്ത് ഓഫിസിലേക്കു മാർച്ച് നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റേത് ഏകാധിപത്യ നടപടികളാണെന്ന് യൂത്ത് കോൺഗ്രസ് ഭാരവാഹികൾ പറഞ്ഞു. അതിനാലാണ് പ്രമേയം ചർച്ച പോലും ചെയ്യാതെ തള്ളിയതെന്നും ഭാരവാഹികൾ ആരോപിച്ചു. ഓഫിസിലേക്കു നടത്തിയ പ്രതിഷേധം പൊലീസ് തടഞ്ഞു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബി.പി.പ്രദീപ്കുമാർ, ഭാരവാഹികളായ കാർത്തികേയൻ പെരിയ, ഇസ്മായിൽ ചിത്താരി, മാത്യു ബദിയടുക്ക, രതീഷ് ഇരിയ, സന്തോഷ് ക്രസ്റ്റ, മഹേഷ് കെ.കെ പുറം തുടങ്ങിയവർ പ്രതിഷേധത്തിൽ പങ്കെടുത്തു. പൊലീസ് തടഞ്ഞപ്പോൾ പ്രവർത്തകർ ജില്ലാ പഞ്ചായത്ത് വരാന്തയിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. ഇവർ അകത്തേക്ക് തള്ളിക്കയറാൻ ശ്രമിച്ചപ്പോൾ പൊലീസ് ബലമായി തടയുകയും പിടിച്ചുമാറ്റുകയുമായിരുന്നു. നിയമനത്തിനെതിരെ ശക്തമായ സമരങ്ങളുമായി മുന്നോട്ട് പോകുമെന്നും കോടതിയിൽ നിയമപരമായി പോരാടുമെന്നും യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബി.പി പ്രദീപ്കുമാർ പറഞ്ഞു.

