ജമ്മുവിലെ വ്യോമസേന താവളത്തില്‍ ഡ്രോണ്‍ പ്രതിരോധ സംവിധാനം സ്ഥാപിച്ചു

ശ്രീനഗർ: ജമ്മുവിലെ വ്യോമസേനാ താവളത്തിൽ ആന്റി ഡ്രോൺ (ഡ്രോൺ പ്രതിരോധ) സംവിധാനം സ്ഥാപിച്ചു. ഇവിടെ കഴിഞ്ഞ ദിവസം സ്ഫോടക വസ്തു പിടിപ്പിച്ച ഡ്രോണുകൾ ഉപയോഗിച്ച് ഭീകരാക്രമണം നടത്തിയതിന് പിന്നാലെയാണിത്.
നാഷണൽ സെക്യൂരിറ്റി ഗാർഡ് (എൻ.എസ്.ജി) ആണ് വ്യോമസേനാ സ്റ്റേഷനിൽ ഡ്രോൺ പ്രതിരോധ സംവിധാനം സ്ഥാപിച്ചത്. പുതിയ ആക്രമണ ഭീഷണികൾ കണക്കിലെടുത്ത് ഇവിടുത്തെ മറ്റു സുരക്ഷാ സംവിധാനങ്ങളും വിപുലീകരിച്ചിട്ടുണ്ട്. റേഡിയോ ഫ്രീക്വൻസി ഡിറ്റക്ടറും സോഫ്റ്റ് ജാമറും ഡ്രോൺ വിരുദ്ധ തോക്കുകളും സ്ഥാപിച്ചിട്ടുണ്ട്.null
ഞായറാഴ്ച ഉണ്ടായ ആക്രമണത്തിന് പിന്നാലെ കടുത്ത ജാഗ്രതയിലാണ് ഇവിടെ സുരക്ഷാസേന. വ്യോമസേനയിലെ രണ്ട് ഉദ്യോഗസ്ഥർക്ക് ആക്രമണത്തിൽ പരിക്കേറ്റിരുന്നു.
പാകിസ്താൻ അതിർത്തിയിൽനിന്ന് 14 കിലോമീറ്റർ വ്യോമ അകലമുള്ള സത്വാരിയിലാണ് അതിസുരക്ഷയുള്ള ഈ വിമാനത്താവളം. സിവിലിയൻ വിമാനത്താവളമാണെങ്കിലും റൺവേയും എയർ ട്രാഫിക് കൺട്രോളും വ്യോമസേനയുടെ നിയന്ത്രണത്തിലാണ്.null
ഇവിടുത്തെ ആക്രമണത്തിന് ശേഷം തിങ്കളാഴ്ച ജമ്മുവിലെ രത്നുചക്-കാലൂചക് സൈനിക താവളത്തിന് നേരെ ഡ്രോൺ ഉപയോഗിച്ച് ആക്രമണം നടത്താനുള്ള പദ്ധതി സൈന്യം പരാജയപ്പെടുത്തിയിരുന്നു. തുടർച്ചയായി നാലാം ദിവസവും ജമ്മുവിലെ വ്യത്യസ്ത മേഖലകളിൽ ഡ്രോണുകൾ കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്.

