പോലീസ് സേനയെ പുല്ലെന്നും തെമ്മാടിയെന്നും വിളിച്ച മുന്‍ ഡി ജി പി ആര്‍ ശ്രീലേഖ കുടുങ്ങി

തിരുവനന്തപുരം: പോലീസ് സേനയെ പുല്ലെന്നും തെമ്മാടികളെന്നും വിളിച്ചു പ്രകടനം നടത്തിയ മുന്‍ ഡി ജി പി ആര്‍ ശ്രീലേഖ കുടുങ്ങി. വിവാദമായ ബി ജെ പിയുടെ വട്ടിയൂര്‍ക്കാവ് സ്റ്റേഷന്‍ മാര്‍ച്ചില്‍ സമരം ഉദ്ഘാനം ചെയ്ത മുന്‍ ഡി ജി പിയും ബി ജെ പി സംസ്ഥാന വൈസ് പ്രസിഡന്റുമായ ആര്‍ ശ്രീലേഖയെ പോലീസ് പ്രതി ചേര്‍ത്തു.
”പോടാ പുല്ലേ പോലീസേ, പിണറായിയുടെ തെമ്മാടികളേ” തുടങ്ങിയ പോലീസിനെതിരേ മുദ്രാവാക്യം വിളിച്ചു സംഘര്‍ഷമുണ്ടാക്കിയ സമരത്തില്‍ ശ്രീലേഖയെ നേരത്തെ ചേര്‍ത്തിരുന്നില്ല. ഇതു വിവാദമായതിന് പിന്നാലെയാണ് ശ്രീലേഖയെ കേസില്‍ പ്രതി ചേര്‍ത്ത് പോലീസ് പ്രത്യേക റിപ്പോര്‍ട്ട് നല്‍കിയത്. ശ്രീലേഖക്കൊപ്പം ഡെപൂട്ടി മേയര്‍ ആശ നാഥനെയും പ്രതിചേര്‍ത്തിട്ടുണ്ട്.
ശ്രീലേഖയെ ഒഴിവാക്കിയതിനെതിരെ വി കെ പ്രശാന്ത് എം എല്‍ എ കമ്മീഷണര്‍ക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ചിരുന്നു. പോലീസ് അവരുടെ ജോലി ചെയ്യട്ടെ എന്നായിരുന്നു ആര്‍ ശ്രീലേഖയുടെ പ്രതികരണം. കമ്മീഷണര്‍ക്കെതിരെ അന്വേഷണം വേണമെന്ന ആവശ്യവുമായി വി കെ പ്രശാന്ത് വീണ്ടും രംഗത്തെത്തി. വിരമിച്ച ഉദ്യോഗസ്ഥരുടെ തിട്ടൂരം വാങ്ങി ഭരിക്കേണ്ടവരല്ല സേനയില്‍ ഉണ്ടാകേണ്ടതെന്നും പോലീസ് സേനയുടെ മനോവീര്യം കെടുത്തുന്ന നടപടിയാണ് കമ്മീഷണറുടെതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വട്ടിയൂര്‍കാവിലെ കഴിഞ്ഞ ദിവസത്തെ സംഘര്‍ഷത്തില്‍ പ്രതിഷേധിച്ചുള്ള ബി ജെ പിയുടെ സ്റ്റേഷന്‍ മാര്‍ച്ചിലായിരുന്നു പോലീസിനെതിരായ മുന്‍ ഡി ജി പിയുടെ മുദ്രാവാക്യം വിളി. കേരളത്തിലെ ആദ്യ വനിത ഡി ജിപി ഇങ്ങനെ പോലീസിനെ വിളിക്കാമോ എന്നാണ് ഐ പി എസ് അസോസിയേഷനിലെ ചോദ്യം. സംഘര്‍ഷത്തില്‍ പ്രതിഷേധിച്ചുള്ള സംഘപരിവാര്‍ സംഘടനകളുടെ മാര്‍ച്ചില്‍ മറ്റൊരു മുന്‍ ഡി ജി പി ടി പി സെന്‍കുമാറും പോലീസിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. മുന്‍ ഡി ജി പിമാരുടെ പരാമര്‍ശങ്ങളില്‍ സേനയില്‍ കടുത്ത അമര്‍ഷവും പ്രതിഷേധമുണ്ട്.
ബിജെപിയുടെ തുടര്‍ച്ചയായ പ്രതിഷേധങ്ങള്‍ക്കിടെ വട്ടിയൂര്‍കാവ് എസ് എച്ച് ഒ മെഡിക്കല്‍ അവധിയില്‍ പോയിരുന്നു. എസ് എച്ച് ഒക്കെതിരെ നടപടി എടുത്തില്ലെങ്കില്‍ കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ സമരം ചെയ്യുമെന്ന് ശ്രീലേഖ ഭീഷണി മുഴക്കി. കമ്മീഷണര്‍ക്ക് അയച്ച സന്ദേശം ശ്രീലേഖ പരസ്യപ്പെടുത്തിയിരുന്നു. ആ നടപടിയെയും ഐ പി എസ് അസോസിയേഷന്‍ കുറ്റപ്പെടുത്തിയിരുന്നു.

