മഞ്ചേശ്വരം കോഴക്കേസ് അന്വേഷണ ഉദ്യോഗസ്ഥനും സ്ഥലം മാറ്റം

കാസര്‍കോട്: ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് എതിരായ മഞ്ചേശ്വരം കോഴ ആരോപണ കേസിലെ അന്വേഷണ ഉദ്യോഗസ്ഥന് സ്ഥലംമാറ്റം. കാസര്‍കോട് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി സതീഷ് കുമാര്‍ ആലക്കാലിനെ കണ്ണൂര്‍ ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി ആയാണ് മാറ്റിയത്. പകരം തിരഞ്ഞെടുപ്പിന് മുമ്ബ് വയനാട്ടിലേക്ക് സ്ഥലം മാറിപോയിരുന്ന വി.കെ വിശ്വംഭരന്‍ നായരെയാണ് കാസര്‍കോട് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിയായി നിയമനം നല്‍കിയിരിക്കുന്നത്. അതേസമയം പൊതുസ്ഥലംമാറ്റമെന്നാണ് ഔദ്യോഗിക വിശദീകരണം.
കെ. സുരേന്ദ്രന്റെ നിര്‍ദ്ദേശ പ്രകാരം സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ രണ്ടര ലക്ഷം രൂപയും മൊബൈല്‍ ഫോണും നല്‍കിയെന്ന് വെളിപ്പെടുത്തിയ കെ.
സുന്ദരയുടെ രഹസ്യമൊഴി ഹൊസ്ദുര്‍ഗ് ജെ.എഫ്.സി.എം കോടതിയില്‍ രേഖപ്പെടുത്തിയ ദിവസം തന്നെയാണ് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റികൊണ്ടുള്ള ഉത്തരവും ഇറങ്ങിയത്. കേസിന്റെ അന്വേഷണ പുരോഗതിയെ ഇത് ബാധിക്കുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. എന്നാല്‍ അന്വേഷണം ശക്തമായി തന്നെ തുടരുമെന്നാണ് ഔദ്യോഗിക വിശദീകരണം.
അതേസമയം സുന്ദര ചൊവ്വാഴ്ച ഹൊസ്ദുര്‍ഗ് കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയില്‍ പഴയ നിലപാടുകള്‍ ആവര്‍ത്തിച്ചുവെന്നാണ് അറിയുന്നത്. തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയാണ് പത്രിക പിന്‍വലിച്ചതെന്ന് മജിസ്‌ട്രേറ്റിന് മുന്നിലും മൊഴി നല്‍കിയതായി പുറത്തുവന്ന സുന്ദര പറഞ്ഞിരുന്നു. കേസില്‍ പുതിയ വകുപ്പുകള്‍ ചേര്‍ത്ത് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ജില്ലാ ക്രൈംബ്രാഞ്ചിന് ഇത് സഹായകമാകും. സുന്ദര, പണം ബാങ്കില്‍ നിക്ഷേപിച്ച സുഹൃത്ത്, ഈയാളുടെ ഭാര്യ എന്നിവരാണ് രഹസ്യമൊഴി നല്‍കിയിരിക്കുന്നത്.

