KSDLIVENEWS

Real news for everyone

അന്ന് സമാന മരുന്ന് ഇറക്കുമതി ചെയ്യാന്‍ ആറ് കോടിയുടെ ഇളവ്; മുഹമ്മദിന്റെ കാര്യം അറിഞ്ഞില്ല, മിണ്ടാട്ടമില്ലാതെ മോദി

SHARE THIS ON

ഫെബ്രുവരി 11ന് മുംബൈ സ്വദേശി ടീരാ കമ്മത്ത് എന്ന് ആറ് മാസം പ്രായമുള്ള കുട്ടിക്ക് വേണ്ടി രാജ്യം മുഴുവന്‍ കൈകോര്‍ത്തു. സ്‌പൈനല്‍ മസ്‌ക്യുലാര്‍ അട്രോഫി എന്ന അപൂര്‍വ്വ രോഗബാധിതനായ ടീരയ്ക്ക് വേണ്ടി ആറ് കോടി ഇറക്കുമതി നികുതി ഇനത്തില്‍ ഇളവ് നല്‍കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ഇടപെടുകയും ചെയ്തു. അപൂര്‍വ്വ രോഗത്തിന്റെ മരുന്നിന് ഏതാണ്ട് 16 കോടി രൂപയായിരുന്നു ചിലവ് വേണ്ടിയിരുന്നത്. പ്രധാനമന്ത്രിയുടെ ഇടപെടല്‍ ദേശീയ തലത്തില്‍ വലിയ വാര്‍ത്താ പ്രാധാന്യം നേടുകയും ചെയ്തിരുന്നു. അതേസമയം സമാന രോഗം ബാധിച്ച കേരളത്തില്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ കുട്ടികള്‍ക്ക് വേണ്ടി സമഗ്രമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ബിജെപി സര്‍ക്കാര്‍ തയ്യാറായില്ല. അപൂര്‍വ്വ അസുഖങ്ങള്‍ക്കുള്ള മരുന്നിന്റെ ഇറക്കുമതി നികുതി ഇളവ് നല്‍കിയാല്‍ രോഗികള്‍ക്ക് വലിയ ആശ്വാസമാകുമെന്ന് നേരത്തെ തന്നെ അഭിപ്രായമുയര്‍ന്നിരുന്നെങ്കിലും ഇക്കാര്യത്തിലൊന്നും വ്യക്തമായ നീക്കുപോക്കുകള്‍ നടത്താന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. സര്‍വീസ് ടാക്‌സ്, ഇറക്കുമതി നികുതി തുടങ്ങിയവ ഒഴിവാക്കിയാല്‍ ബ്രിട്ടന്‍, അമേരിക്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നെത്തുന്ന വലിയ തുകയുള്ള മരുന്നുകള്‍ ലഭ്യമാവും. ഇക്കഴിഞ്ഞ മാസം മറ്റൊരു കുട്ടിയുടെ ചികിത്സയ്ക്കാവശ്യമായ മരുന്നെത്തിക്കാനും മോദി ഇടപെടല്‍ നടത്തിയിരുന്നു. കൊയമ്പത്തൂര്‍ സ്വദേശിയായ ബേബി സൈനബ് എന്ന കുട്ടിയുടെ ചികിത്സയ്ക്കായിട്ടാണ് മോദി ഇക്കഴിഞ്ഞ മാസം സഹായഹസ്തം നല്‍കിയത്. സമഗ്രമായ നിയമഭേദഗതി ആവശ്യമുള്ള ഇത്തരം കാര്യങ്ങളില്‍ ഒറ്റപ്പെട്ട സഹായങ്ങളെത്തിക്കുക മാത്രമാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത്. മലയാളിയായ മുഹമ്മദിന്റെ ചികിത്സയ്ക്കായി 18 കോടി രൂപ ദിവസങ്ങള്‍ക്കകം സ്വരൂപിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. പേശികളെ ക്ഷയിപ്പിക്കുന്ന സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി എന്ന അപൂര്‍വ രോഗം ബാധിച്ച മുഹമ്മദിനെ ചികിത്സിക്കാന്‍ സോള്‍ജെന്‍സ്മ എന്ന മരുന്നാണ് വേണ്ടത്. ഈ മരുന്ന് ഇന്ത്യയിലെത്തണമെങ്കില്‍ 18 കോടി രൂപ ചെലവ് വരും. ഇതില്‍ സര്‍ക്കാരുകള്‍ നേരിട്ട് ഇടപെട്ടിരുന്നെങ്കില്‍ നേരത്തെ മരുന്നുകള്‍ ലഭ്യമാവുമായിരുന്നു. മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളാണ് മുഹമ്മദിന് സഹായം ലഭ്യമായത്. നേരത്തെ വിഷയം ബന്ധപ്പെട്ടവരെ അറിയിച്ചെങ്കിലും പണം നേരത്തെ തടസമായി. മുഹമ്മദിന്റെ സഹോദരി അഫ്രയ്ക്കും ഇതേ അട്രോഫി രോഗമാണ്. ഒന്ന് അനങ്ങാനാകാതെ പതിനാല് കൊല്ലമായി വീല്‍ചെയറില്‍ കഴിയുകയാണ്. സര്‍ക്കാര്‍ തലത്തില്‍ നീക്കങ്ങളുണ്ടായിരുന്നെങ്കില്‍ അഫ്രയ്ക്കും മരുന്ന് ലഭ്യമാവുമായിരുന്നു. നികുതിയിളവ് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സര്‍ക്കാരിന് ഇടപെടാന്‍ കഴിയുമെന്നിരിക്കെ മൗനം പാലിക്കുന്നത് വിമര്‍ശനത്തിനും കാരണമായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!