മൂന്ന് തീരദേശ സ്റ്റേഷനുകളിലും ബോട്ട് അനുവദിക്കണം -മുഖ്യമന്ത്രിക്ക് കത്തയച്ച് രാജ്മോഹൻ ഉണ്ണിത്താൻ എം.പി

കാസർകോട്:കീഴൂരിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് മൂന്ന് മത്സ്യത്തൊഴിലാളികൾ മരിച്ച സാഹചര്യത്തിൽ ജില്ലയിലെ മൂന്ന് തീരദേശ സ്റ്റേഷനുകളിലും രക്ഷാപ്രവർത്തന ബോട്ടുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്മോഹൻ ഉണ്ണിത്താൻ എം.പി. മുഖ്യമന്ത്രിക്ക് കത്തയച്ചു.
കാസർകോട് അഴിമുഖത്തെ പുലിമുട്ടിന്റെ അപാകം പരിഹരിക്കണമെന്നും
അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബത്തിനും പരിക്ക് പറ്റിയവർക്കും നഷ്ടപരിഹാരം നൽകണമെന്നും എം.പി. ആവശ്യപ്പെട്ടു.
തീരസുരക്ഷാസേന ഉണ്ടായിരുന്നെങ്കിൽ അപകടത്തിൽപ്പെട്ടവരെ രക്ഷപ്പെടുത്താൻ സാധിക്കുമായിരുന്നു. തീരസുരക്ഷാസേനയ്ക്കുവേണ്ടി 55 ലക്ഷം രൂപ ചെലവിൽ കാഞ്ഞങ്ങാട് നിർമിച്ച കെട്ടിടം അനാഥമായി കിടക്കുകയാണ്. തീരരക്ഷാസേനയുടെ പ്രവർത്തനം ആരംഭിക്കണമെന്നും എം.പി. ആവശ്യപ്പെട്ടു.
മത്സ്യബന്ധന ബോട്ട് മറിഞ്ഞു മരണപ്പെട്ട കസബ കടപ്പുറത്തെ സന്ദീപ്, രതീഷ്, കാർത്തിക്ക് എന്നിവരുടെ വീടുകളിൽ രാജ്മോഹൻ ഉണ്ണിത്താൻ എംപി സന്ദർശിച്ചു. ഒട്ടേറെ മത്സ്യത്തൊഴിലാളികളുടെ മരണത്തിനിടയാക്കിയ കാസർകോട് അഴിമുഖത്തെ അശാസ്ത്രീയ പുലിമുട്ടിന്റെ അപാകത പരിഹരിക്കൽ, തീരദേശ പൊലീസ് സ്റ്റേഷനുകളിൽ രക്ഷാ പ്രവർത്തന ബോട്ടുകൾ എന്നിവയ്ക്കായി ഇടപെടുമെന്ന് എംപി അറിയിച്ചു.

