കെ.സുരേന്ദ്രനെതിരേ പട്ടികജാതി സംരക്ഷണനിയമപ്രകാരം കേസെടുക്കണമെന്ന് പരാതി

കാസർകോട്: ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനെതിരേ പട്ടികജാതി, പട്ടികവർഗ അതിക്രമംതടയൽ നിയമപ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി. ആലുവ സ്വദേശി പി.കെ.സുരേഷ്കുമാറാണ് പരാതിനൽകിയത്. കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം സുരേഷ്കുമാറിന്റെ മൊഴിയെടുത്തു.
2021 നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.എസ്.പി. ടിക്കറ്റിലാണ് കെ.സുന്ദര നാമനിർദേശപത്രിക സമർപ്പിച്ചത്. ദേശീയ പാർട്ടിയായതിനാൽ ബാലറ്റിൽ അക്ഷരമാലാക്രമത്തിൽ ബി.ജെ.പി. സ്ഥാനാർഥി കെ.സുരേന്ദ്രന്റെ പേരിന് മുകളിൽ സുന്ദരയുടെ പേര് വരുമെന്നതിനാലാണ് ഇയാളെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പണവും പാരിതോഷികവും നൽകി സ്ഥാനാർഥിത്വം പിൻവലിപ്പിച്ചതെന്ന് പരാതിയിൽ പറയുന്നു.
പട്ടികജാതിക്കാരനെ തട്ടിക്കൊണ്ടുപോയി തടങ്കലിൽവെച്ച് ഭീഷണിപ്പെടുത്തി സ്ഥാനാർഥിത്വം പിൻവലിപ്പിച്ചത് പട്ടികജാതി, പട്ടികവർഗ സംരക്ഷണ നിയമപ്രകാരമുള്ള കുറ്റകൃത്യമാണെന്നും പട്ടികജാതിക്കാരനായ പരാതിക്കാരൻ ആരോപിച്ചു.

