KSDLIVENEWS

Real news for everyone

നിയമസഭാ കയ്യാങ്കളി കേസ്; സര്‍ക്കാരിന്‍റെ അപ്പീല്‍ സുപ്രീംകോടതി വിധി പറയാന്‍ മാറ്റി, രൂക്ഷ വിമര്‍ശനം

SHARE THIS ON

ന്യൂഡല്‍ഹി: നിയമസഭാ കയ്യാങ്കളി കേസിലെ സര്‍ക്കാരിന്‍റെ അപ്പീല്‍ സുപ്രീംകോടതി വിധി പറയാന്‍ മാറ്റി. കേസ് പിന്‍വലിക്കണമെന്ന സര്‍ക്കാരിന്‍റെ അപ്പീലില്‍ വിശദ വാദം പൂര്‍ത്തിയായി. കേസ് പിന്‍വലിക്കാന്‍ പ്രോസിക്യൂട്ടര്‍ നല്‍കിയ അപേക്ഷയേയും കോടതി വിമര്‍ശിച്ചു. അപേക്ഷയിലെ വാദങ്ങള്‍ മനസിലാകുന്നില്ലെന്നും പ്രധാനപ്പെട്ട കോസായതിനാലാണ് വിശദമായി വാദം കേട്ടതെന്നും കോടതി വ്യക്തമാക്കി.

നിയമസഭയിലെ കയ്യാങ്കളിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിക്കേണ്ടത് സഭയാണെന്ന് കേരളത്തിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രഞ്ജിത് കുമാര്‍ വാദിച്ചപ്പോള്‍, ഒരു എം എല്‍ എ തോക്കെടുത്ത് വന്ന് വെടിവച്ചാല്‍ സഭയ്ക്കാണോ അവിടെ പരമാധികാരമെന്ന് ജസ്റ്റിസ് ചന്ദ്രചൂഢ് ചോദിച്ചു.

ഇത് പൊതുതാത്പര്യപ്രകാരമുള്ള ഹര്‍ജിയാണെന്ന് സര്‍ക്കാര്‍ വാദിച്ചപ്പോള്‍, സഭയിലെ വസ്‌തുക്കള്‍ നശിപ്പിച്ച കേസില്‍ എന്ത് പൊതുതാത്പര്യമാണുള്ളതെന്നായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഢിന്‍റെ മറുചോദ്യം.

ജനാധിപത്യത്തിന്‍റെ ശ്രീകോവിലാണ് നിയമസഭയെന്നും, അതിലെ വസ്‌തുക്കള്‍ തല്ലിത്തകര്‍ക്കുന്നതിന് എന്ത് ന്യായീകരണമാണുള്ളതെന്നും ജസ്റ്റിസ് ചന്ദ്രചൂഢ് ചോദിച്ചു. ജസ്റ്റിസ് ചന്ദ്രചൂഡിനൊപ്പം എം ആര്‍ ഷായും അംഗമായ ബഞ്ചാണ് കേസ് പരിഗണിച്ചത്.

അതേസമയം, കെ എം മാണിക്ക് എതിരായ പരാമര്‍ശമെന്ന നിലപാട് സുപ്രീംകോടതിയില്‍ സംസ്ഥാനസര്‍ക്കാര്‍ തിരുത്തി. സര്‍ക്കാരിനെതിരായ പ്രതിഷേധമായിരുന്നു അതെന്നും വനിതാ എം എല്‍ എമാര്‍ക്ക് അടക്കം അന്ന് പരിക്കേറ്റിരുന്നുവെന്നും വനിതാ അംഗങ്ങളെ പുറത്തേക്ക് കൊണ്ടുപോയതിന് ശേഷമാണ് സംഘര്‍ഷമുണ്ടായതെന്നും രഞ്ജിത് കുമാര്‍ കോടതിയില്‍ പറ‌ഞ്ഞു.

ഇതിന് മറുപടിയായി, കോടതിയില്‍ ചൂടേറിയ വാദപ്രതിവാദങ്ങളുണ്ടാകാറുണ്ട്. എന്നുവച്ച്‌ കോടതിയിലെ വസ്‌തുക്കള്‍ തല്ലിത്തകര്‍ത്താല്‍ അതിന് ന്യായീകരണമുണ്ടോയെന്ന് ജസ്റ്റിസ് ചന്ദ്രചൂഢ് ചോദിച്ചു.നിങ്ങള്‍ പ്രതികള്‍ക്ക് വേണ്ടിയല്ല ഹാജരാകുന്നത് എന്നോര്‍ക്കണം. കേസ് തള്ളണോ വേണ്ടയോ എന്ന് മാത്രമാണ് ഇവിടെ വാദം നടക്കുന്നതെന്നും ജസ്റ്റിസ് ചന്ദ്രചൂഢ് വാദത്തിന്‍റെ ഒരു ഘട്ടത്തില്‍ അഭിഭാഷകനോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!