KSDLIVENEWS

Real news for everyone

കരിപ്പൂർ സ്വർണക്കവർച്ച: അർജുൻ ആയങ്കിയെ അപകടപ്പെടുത്താൻ ടിപ്പറുമായി വന്ന സംഘത്തിലെ പ്രധാനി പിടിയിൽ

SHARE THIS ON

കൊണ്ടോട്ടി: കരിപ്പൂർ സ്വർണക്കവർച്ചക്കേസിൽ അർജുൻ ആയങ്കിയെയും സംഘത്തെയും അപായപ്പെടുത്താൻ ടിപ്പറുമായി വന്ന താമരശ്ശേരി ക്വട്ടേഷൻ സംഘത്തിലെ മുഖ്യ പ്രതി പിടിയിൽ. കൂടത്തായി കുടുക്കിൽമാരം കുന്നംവള്ളി ശിഹാബ് (37)നെയാണ് ഡിവൈ.എസ്.പി. കെ. അഷ്റഫിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം പിടികൂടിയത്. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം 19 ആയി.

താമരശ്ശേരി അടിവാരത്തുള്ള ഒളിത്താവളത്തിൽനിന്നാണ് ശിഹാബിനെ പിടിച്ചത്. ആർജുൻ ആയങ്കി വരുന്ന വാഹനത്തെ ടിപ്പർ ലോറി ഉപയോഗിച്ച് ആക്രമിക്കാൻ താമരശ്ശേരി സംഘത്തിൽ നിന്ന് ക്വട്ടേഷൻ കിട്ടിയതുപ്രകാരമാണ് കഴിഞ്ഞ 21-ന് പുലർച്ചെ ഇയാളും സംഘവും കരിപ്പൂരിലെത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു.

വിമാനത്താവളത്തിൽനിന്ന് പുറപ്പെട്ട അർജുൻ ആയങ്കി കാറിന്റെ ഹെഡ്ലൈറ്റ് ഓഫാക്കി വളരെ വേഗത്തിൽ പോയതോടെ ക്വട്ടേഷൻ സംഘത്തിന്റെ പദ്ധതി പാളി. ആയങ്കിയുടെ വാഹനത്തെ പിന്തുടർന്ന് പോയ സംഘത്തിൽ ഉൾപ്പെട്ട ചെർപ്പുളശ്ശേരി സംഘത്തിന്റെ വാഹനം അപകടത്തിൽപ്പെട്ടാണ് അഞ്ചു യുവാക്കൾ മരിച്ചത്.

ശിഹാബിന്റെ സംഘത്തിൽപ്പെട്ട താമരശ്ശേരി കുടുക്കിൽമാരം അരയറ്റുംചാലിൽ അബ്ദുൾ നാസറിനെ അഞ്ചുദിവസം മുമ്പ് താമരശ്ശേരിയിൽനിന്ന് പ്രത്യേക അന്വേഷണസംഘം പിടികൂടിയിരുന്നു. ഇതറിഞ്ഞ ശിഹാബ് ഒളിവിൽപ്പോയി.

സംഭവത്തിൽ ഉൾപ്പെട്ട ടിപ്പർ വയനാട്ടിലേക്ക് കടത്തുന്നതിനുള്ള ശ്രമം നടത്തുന്നതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചതിനെത്തുടർന്ന് കൂടത്തായിയിൽനിന്ന് കഴിഞ്ഞദിവസം പിടികൂടിയിരുന്നു. ശിഹാബിനെ വിശദമായി ചോദ്യംചെയ്തതിൽ ഇവരുടെ സംഘത്തിൽ ഉൾപ്പെട്ട മുഴുവൻ ആളുകളെയും വാഹനങ്ങളെയും കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായി ഡിവൈ.എസ്.പി. കെ. അഷ്റഫ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!