KSDLIVENEWS

Real news for everyone

അര്‍ധ സെഞ്ചുറിയുമായി ധവാനും ഇഷാന്‍ കിഷനും; ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം

SHARE THIS ON

കൊളംബോ: ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ശ്രീലങ്കയെ തകർത്ത് ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക ഉയർത്തിയ 263 റൺസ് വിജയലക്ഷ്യം 36.4 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു. ക്യാപ്റ്റനായുള്ള അരങ്ങേറ്റത്തിൽ തന്നെ അർധ സെഞ്ചുറി നേടിയ ക്യാപ്റ്റൻ ശിഖർ ധവാനും ഏകദിന അരങ്ങേറ്റത്തിൽ അർധ നേടിയ ഇഷാൻ കിഷനുമാണ് ഇന്ത്യൻ ജയം എളുപ്പമാക്കിയത്. 95 പന്തിൽ നിന്ന് ഒരു സിക്സും ആറ് ഫോറുമടക്കം 86 റൺസെടുത്ത ധവാനാണ് ഇന്ത്യൻ നിരയിലെ ടോപ് സ്കോറർ. മത്സരത്തിനിടെ ഏകദിനത്തിൽ 6000 റൺസെന്ന നാഴികക്കല്ലും ധവാൻ പിന്നിട്ടു. അരങ്ങേറ്റ മത്സരം കളിച്ച സൂര്യകുമാർ യാദവ് 20 പന്തിൽ നിന്ന് 31 റൺസുമായി ധവാനൊപ്പം പുറത്താകാതെ നിന്നു. 263 റൺസ് പിന്തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്കായി ഓപ്പണർ പൃഥ്വി ഷാ തകർപ്പൻ തുടക്കമാണ് നൽകിയത്. 24 പന്തിൽ നിന്ന് ഒമ്പത് ഫോറടക്കം 43 റൺസെടുത്ത പൃഥ്വി ടീം സ്കോർ 50 പിന്നിട്ട ശേഷമാണ് പുറത്തായത്. തുടർന്ന് ക്രീസിൽ ഒന്നിച്ച ധവാൻ – ഇഷാൻ കിഷൻ സഖ്യം രണ്ടാം വിക്കറ്റിൽ 85 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. 42 പന്തിൽ നിന്ന് രണ്ടു സിക്സും എട്ടു ഫോറുമടക്കം 59 റൺസെടുത്ത കിഷൻ 18-ാം ഓവറിലാണ് പുറത്തായത്. നേരിട്ട ആദ്യ പന്തു തന്നെ സിക്സറിന് പറത്തി തുടങ്ങിയ കിഷൻ വെറും 33 പന്തിൽ 50 തികച്ച് ഏകദിന അരങ്ങേറ്റത്തിൽ ഒരു ഇന്ത്യൻ താരത്തിന്റെ രണ്ടാമത്തെ വേഗമേറിയ അർധ സെഞ്ചുറിയെന്ന നേട്ടവും സ്വന്തമാക്കി. നേരത്തെ ഇന്ത്യയ്ക്കായുള്ള ട്വന്റി 20 അരങ്ങേറ്റത്തിലും ഇഷാൻ കിഷൻ അർധ സെഞ്ചുറി നേടിയിരുന്നു. 26 റൺസെടുത്ത മനീഷ് പാണ്ഡെയാണ് പുറത്തായ മറ്റൊരു താരം. ലങ്കയ്ക്കായി ധനഞ്ജയ ഡിസിൽവ രണ്ടു വിക്കറ്റ് വീഴ്ത്തി. നേരത്തെ ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക നിശ്ചിത 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 262 റൺസെടുത്തിരുന്നു. ഇന്ത്യയ്ക്ക് കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്താനായെങ്കിലും ലങ്കൻ താരങ്ങളുടെ ചെറിയ സംഭാവനകളാണ് ടീമിനെ 262 റൺസിലെത്തിച്ചത്. ലങ്കൻ നിരയിൽ ഒരാൾക്ക് പോലും അർധ സെഞ്ചുറി നേടാനായില്ല. എട്ടാമനായി ഇറങ്ങി 35 പന്തിൽ നിന്ന് 43 റൺസെടുത്ത ചാമിക കരുണരത്നെയാണ് ലങ്കൻ നിരയിലെ ടോപ് സ്കോറർ. ഭുവനേശ്വർ കുമാർ എറിഞ്ഞ അവസാന ഓവറിൽ കരുണരത്നെ 19 റൺസ് അടിച്ചെടുത്തു. ലങ്കയ്ക്കായി ഓപ്പണർമാരായ അവിഷ്ക ഫെർണാണ്ടോയും മിനോദ് ഭാനുകയും ഭേദപ്പെട്ട തുടക്കമാണ് നൽകിയത്. 55 പന്തിൽ 49 റൺസ് ചേർത്ത ശേഷമാണ് ഈ സഖ്യം പിരിഞ്ഞത്. 35 പന്തിൽ 32 റൺസെടുത്ത ഓപ്പണർ അവിഷ്ക ഫെർണാണ്ടോയെ പുറത്താക്കി യൂസ്വേന്ദ്ര ചാഹലാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെ 17-ാം ഓവറിൽ കുൽദീപ് യാദവ് ലങ്കയ്ക്ക് ഇരട്ട പ്രഹരമേൽപ്പിച്ചു. ഓവറിലെ ആദ്യ പന്തിൽ ഭാനുക രജപക്സയെ (24) മടക്കിയ കുൽദീപ് യാദവ്, നാലാം പന്തിൽ മിനോദ് ഭാനുകയേയും (27) പുറത്താക്കി. പിന്നാലെ 14 റൺസെടുത്ത ധനഞ്ജയ ഡിസിൽവയെ ക്രുനാൽ പാണ്ഡ്യ മടക്കി. അഞ്ചാം വിക്കറ്റിൽ ഒന്നിച്ച ചരിത് അസലങ്ക – ദസുൻ ഷാനക സഖ്യം 49 റൺസ് ലങ്കൻ സ്കോറിലേക്ക് ചേർത്തു. 38-ാം ഓവറിൽ അസലങ്കയെ മടക്കി ദീപക് ചാഹറാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 65 പന്തിൽ 38 റൺസെടുത്താണ് താരം മടങ്ങിയത്. 50 പന്തിൽ നിന്ന് 39 റൺസെടുത്ത ദസുൻ ഷാനകയെ 44-ാം ഓവറിൽ ചാഹൽ പുറത്താക്കി. വാനിന്ദു ഹസരംഗ (8), ഇസുരു ഉദാന (8), ദുഷ്മാന്ത ചമീര (13) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങൾ. ഒമ്പതാം വിക്കറ്റിൽ ചാമിക കരുണരത്നെ – ദുഷ്മാന്ത ചമീര സഖ്യം 40 റൺസ് ചേർത്തു. അവസാന ഓവറുകളിൽ തകർത്തടിച്ച കരുണരത്നെയാണ് ലങ്കൻ സ്കോർ 250 കടത്തിയത്. ഇന്ത്യയ്ക്കായി ദീപക് ചാഹർ, യൂസ്വേന്ദ്ര ചാഹൽ, കുൽദീപ് യാദവ് എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ഹാർദിക് പാണ്ഡ്യ, ക്രുനാൽ പാണ്ഡ്യ എന്നിവർ ഓരോ വിക്കറ്റെടുത്തു. നേരത്തെ ടോസ് നേടിയ ശ്രീലങ്ക ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം…

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!