കാഞ്ഞങ്ങാട് നഗരത്തിൽ വീണ്ടും മോഷണം; 10 ലക്ഷം രൂപയുടെ മൊബൈൽ ഫോണുകളും 60,000 രൂപയും കവർന്നു

കാഞ്ഞങ്ങാട് ∙ നഗരത്തിൽ വീണ്ടും മോഷണം. മൊബൈൽ കട കുത്തിത്തുറന്ന് 10 ലക്ഷം രൂപയുടെ ഫോണുകളും ലാപ്ടോപ്പുകളും കവർന്നു. മെഡിക്കൽ ഷോപ് കുത്തിത്തുറന്ന് 60,000 രൂപയും കവർന്നു. സംഭവത്തിൽ ഹൊസ്ദുർഗ് പൊലീസ് അന്വേഷണം ഊർജിതമാക്കി. നയാബസാറിൽ പ്രവർത്തിക്കുന്ന മടിക്കൈ കാഞ്ഞിരപ്പൊയിൽ സ്വദേശി സത്താറിന്റെ ഉടമസ്ഥതയിലുള്ള മജസ്റ്റിക് കമ്യൂണിക്കേഷൻ എന്ന കടയിലാണു മോഷണം നടന്നത്.
ഷട്ടറിന്റെ പൂട്ട് തകർത്ത് അകത്തു കടന്ന കള്ളൻ മൊബൈൽ ഫോണുകൾ, ലാപ്ടോപ്പുകൾ, പ്രൊജക്ടറുകൾ എന്നിവ കവർന്നു. 10 ലക്ഷം രൂപയുടെ ഉപകരണങ്ങൾ പോയെന്നാണ് വിലയിരുത്തൽ. സർവീസിന് ഏൽപിച്ച ഫോണുകളും മോഷണം പോയതിലുണ്ട്. കടയിലെ ജീവനക്കാരൻ കെ.എം.ഷാദുലിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു.
ആലാമിപ്പള്ളി പുതിയ ബസ് സ്റ്റാൻഡിലെ നീതി മെഡിക്കൽ ഷോപ്പിലും കള്ളൻ കയറി. കടയുടെ ഷട്ടർ കുത്തിത്തുറന്നു മേശയിൽ ഉണ്ടായിരുന്ന 60,000 രൂപ കവർന്നു. രാവിലെ 5ന് ഇതുവഴി പോയവരാണു ഷട്ടർ തുറന്നു കിടക്കുന്നതു കണ്ടു പൊലീസിനെ വിവരമറിയിച്ചത്. രണ്ട് കവർച്ചയ്ക്കു പിന്നിലും ഒരേ സംഘം തന്നെയാണെന്നാണു പൊലീസിന്റെ നിഗമനം.
വിവരമറിഞ്ഞു ഡിവൈഎസ്പി ഡോ.വി.ബാലകൃഷ്ണൻ, സിഐ ഷൈൻ, എസ്ഐ കെ.പി.സതീശൻ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി. കഴിഞ്ഞ ദിവസം നഗരത്തിലെ കടകളിൽ മോഷണം നടത്തിയ സംഭവത്തിൽ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ സംഘത്തിൽ പെട്ട രണ്ടു പേരെ പിടികൂടാൻ ഉണ്ടെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. ഇവരാണോ മോഷണത്തിന് പിന്നിലെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.

