ദാരുണമായി ജീവൻ കാർന്നിട്ടും പ്രഹസനം പോലൊരു കുഴിയടയ്ക്കൽ : ബേക്കൽ പാലത്തിനടുത്തെ ചതിക്കുഴി ഇപ്പോഴും പഴയപടി

ഉദുമ: ബേക്കൽപാലത്തിനടുത്തെ കെ.എസ്.ടി.പി. റോഡിലെ കുഴിയടയ്ക്കൽ പ്രഹസനമായി. കോൺക്രീറ്റ് മിശ്രിതം ഉപയോഗിച്ച് കഴിഞ്ഞ ബുധനാഴ്ച രാവിലെ അടച്ച കുഴി അല്പംകഴിഞ്ഞ് പെയ്ത മഴയിൽ ഒലിച്ചുപോയി. ഈ കുഴി ഒഴിവാക്കാനുള്ള ശ്രമത്തിൽ ലോറിക്കടിയിൽപ്പെട്ട് ബൈക്ക് യാത്രക്കാരൻ മരിച്ചയുടനെയാണ് കെ.എസ്.ടി.പി.യുടെ തൊഴിലാളികൾ സിമിന്റിട്ട് കുഴിയടച്ചത്.
കോൺക്രീറ്റ് പെട്ടന്ന് ഉറക്കാനുള്ള മിശ്രിതം ചേർക്കാതിരിക്കുകയും മഴവെള്ളത്തിൽ ഒലിച്ചുപോകാതെ കുഴിയിലിട്ട കോൺക്രീറ്റ് മിശ്രിതം സംരക്ഷിക്കാനുള്ള സംവിധാനമുണ്ടാക്കാതെയുമാണ് ജോലിക്കാർ നേർച്ചപോലെ കുഴി അടച്ചു പോയതെന്ന് നാട്ടുകാർ പറഞ്ഞു. കുഴിയുടെ സമീപം ഇപ്പോൾ ഒരു കോൺ റിഫ്ലക്ടർ വെച്ചിട്ടുണ്ട്.
ബേക്കൽ പാലത്തോട് ചേർന്നുള്ള അപകടക്കുഴി ഒഴിവാക്കാൻ ശ്രമിക്കവേ ബൈക്ക് യാത്രക്കാരനായ ബേക്കൽ ചിറമ്മലിലെ ബാബുരാജ് (45)കഴിഞ്ഞ ബുധനാഴ്ച ഇവിടെ ലോറികയറി മരിച്ചിരുന്നു. മത്സ്യത്തൊഴിലാളിയും ഇടസമയങ്ങളിൽ മജീഷ്യനുമായിരുന്ന ബാബു മരിച്ച ഉടൻ ജനരോഷം ഒഴിവാക്കാനാണ് കെ.എസ്.ടി.പി. കുഴി അടയ്ക്കാനെത്തിയത്.

