KSDLIVENEWS

Real news for everyone

ദിവസങ്ങളായി ഒളിവില്‍; വ്യാജ അഭിഭാഷക സെസി സേവ്യര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയില്‍

SHARE THIS ON

കൊച്ചി: ആലപ്പുഴയിലെ വ്യാജ അഭിഭാഷക സെസി സേവ്യർ മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചു. തനിക്കെതിരേ ചുമത്തിയ വഞ്ചനാക്കുറ്റമടക്കം നിലനിൽക്കില്ലെന്ന വാദവുമായാണ് ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്. ഇവരുടെ ഹർജി ഉടൻ പരിഗണിച്ചേക്കും. കേസിൽ പോലീസിനും കോടതിയിൽ നിലപാട് അറിയിക്കേണ്ടതായിവരും.

നേരത്തെ ആലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സെസി സേവ്യർ ജാമ്യാപേക്ഷ നൽകിയിരുന്നെങ്കിലും ജാമ്യം കിട്ടില്ലെന്നറിഞ്ഞതോടെ മുങ്ങുകയായിരുന്നു. തന്റെ ജാമ്യാപേക്ഷ വേഗത്തിൽ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടാണ് സെസി അന്ന് കോടതിയിലെത്തിയത്. ആൾമാറാട്ടം അടക്കം ചുമത്തിയതിനാൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലേക്ക് കേസ് കൈമാറുകയായിരുന്നു. ഇതോടെ ജാമ്യം കിട്ടില്ലെന്ന് മനസിലാക്കിയ പ്രതി കോടതിയുടെ പിൻവശത്തെ ഗേറ്റിലൂടെ മുങ്ങുകയായിരുന്നു.


കേസെടുത്ത് ദിവസങ്ങൾ കഴിഞ്ഞിട്ടും, ഒളിവിൽ കഴിയുന്ന സെസി സേവ്യറിനെ പിടികൂടാൻ കഴിയാത്തതിൽ പോലീസിനെതിരെയും വിമർശനം ഉയരുന്നുണ്ട്. ചേർത്തലയിലടക്കം സെസിയെ കണ്ടതായി വിവരം ലഭിച്ചിരുന്നെങ്കിലും പോലീസിന് ഇവരെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല.

മതിയായ യോഗ്യതകളില്ലാതെ രണ്ടര വർഷത്തോളമാണ് സെസി സേവ്യർ ആലപ്പുഴയിലെ കോടതികളിൽ പ്രാക്ടീസ് ചെയ്തിരുന്നത്. ഇതിനിടെ, സെസിക്ക് യോഗ്യതയില്ലെന്ന് ചൂണ്ടിക്കാണിച്ച് ഒരു കത്ത് ബാർ അസോസിയേഷന് ലഭിക്കുകയായിരുന്നു. അസോസിയേഷൻ നടത്തിയ അന്വേഷണത്തിൽ സെസിക്ക് യോഗ്യതയില്ലെന്നും നേരത്തെ സമർപ്പിച്ച റോൾ നമ്പർ മറ്റൊരാളുടേതാണെന്നും ബോധ്യപ്പെട്ടു. തുടർന്നാണ് ഇവർക്കെതിരേ അസോസിയേഷൻ ആലപ്പുഴ നോർത്ത് പോലീസിൽ പരാതി നൽകിയത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!