KSDLIVENEWS

Real news for everyone

മാനസയുടെ കോളേജിനടുത്ത് വാടകയ്ക്ക് മുറിയെടുത്തു; കൊലപാതകം ഒരു മാസത്തോളം നീണ്ട നിരീക്ഷണത്തിന് ശേഷം

SHARE THIS ON

കൊച്ചി: നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ മാനസയെ കൊലപ്പെടുത്തിയത് ഒരു മാസത്തോളം നീണ്ടുനിന്ന നിരീക്ഷണത്തിനു ശേഷം. മാനസ പഠിച്ചിരുന്ന കോളേജില്‍ അടുത്തുതന്നെ രഖില്‍ വാടകയ്ക്ക് മുറിയെടുത്തു. ഇവിടെനിന്ന് നോക്കിയാല്‍ മാനസ കോളേജിലേക്ക് പോകുന്നതും ക്ലാസ് കഴിഞ്ഞു തിരികെ മടങ്ങുന്നതും രഖിലിന് കാണാന്‍ സാധിക്കുമായിരുന്നു.

മാനസ താമസിച്ചിരുന്ന വീടിന് 100 മീറ്റര്‍ അടുത്ത് തന്നെയാണ് രഖിലിന്റെയും മുറി. ഇങ്ങനെ മാനസിയുടെ ഓരോ നീക്കവും രഖില്‍ തുടര്‍ച്ചയായി നിരീക്ഷിച്ചു. അതിനുശേഷമാണ് മുന്‍കൂട്ടി കൊലപാതകം ആസൂത്രണം ചെയ്തത്. ഫൈനല്‍ ഇയര്‍ വിദ്യാര്‍ഥിനിയായ മാനസയ്ക്ക് ഇന്നലെ ക്ലാസ് ഉണ്ടായിരുന്നില്ല.

സുഹൃത്തുക്കള്‍ക്കൊപ്പം കോളേജിനു സമീപം വാടകയ്ക്ക് എടുത്ത വീട്ടിലാണ് താമസിച്ചിരുന്നത്. മുറിയില്‍ നിന്നും മാനസ പുറത്ത് പോയിട്ടില്ല എന്ന് രഖില്‍ ഉറപ്പാക്കി. അതിനുശേഷമാണ് ഇവര്‍ താമസിക്കുന്ന സ്ഥലത്തേക്ക് കയറിയത്.

ഈ സമയം മാനസയും മൂന്നു സുഹൃത്തുക്കളും ഭക്ഷണം കഴിക്കുകയായിരുന്നു. രഖിലിനെ കണ്ട് മാനസ നീ എന്തിന് ഇങ്ങോട്ട് വന്നു എന്ന് ചോദിച്ചു. തുടര്‍ന്ന് മാനസയും കൂട്ടുകാരും മുറിക്കു പുറത്തിറങ്ങി. എന്നാല്‍ രഖില്‍ മുറിക്കുള്ളിലേക്ക് കയറി. ഇതിനെത്തുടര്‍ന്നാണ് മാനസയും മുറിക്കുള്ളിലേക്ക് കടന്നത്. ഉടന്‍തന്നെ രഖില്‍ വാതില്‍ കുറ്റിയിട്ടു. സംസാരത്തിനിടെ വാക്കുതര്‍ക്കമുണ്ടായി. വീട്ടുടമയെ വിളിക്കാന്‍ സുഹൃത്തുക്കള്‍ പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് വെടിയൊച്ച കേട്ടത്. മാനസയുടെ തലയിലും നെഞ്ചിന് താഴെയും വെടിയുതിര്‍ത്തു. ഇതിനുശേഷം രഖില്‍ സ്വയം വെടിവെച്ച്‌ മരിക്കുകയായിരുന്നു. 7.62 പിസ്റ്റല്‍ ആണ് രഖില്‍ വെടിവെക്കാന്‍ ഉപയോഗിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഏഴ് റൗണ്ട് വരെ വെടിയുതിര്‍ക്കാന്‍ ഇതിലൂടെ സാധിക്കും.

പെരുമ്ബാവൂരിലെ സ്വകാര്യ ആശുപത്രിയിലാണ് ഇരുവരുടെയും മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. 11 മണിയോടെ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടം നടക്കും. അതിനുശേഷം ബന്ധുക്കള്‍ക്ക് മൃതദേഹം വിട്ടുനല്‍കും. മാനസയുടെ മൃതദേഹം സ്വദേശമായ കണ്ണൂരില്‍ എത്തിച്ച്‌ സംസ്കരിക്കും.

രഖില്‍ മുറിയെടുത്ത ശേഷം കുറച്ചു ദിവസം നെല്ലിക്കുഴിയില്‍ ഉണ്ടായിരുന്നില്ല. മാനസയെ കൊലപ്പെടുത്താനായി തോക്കു വാങ്ങുന്നതിനടക്കമാണ് ഇവിടെ നിന്ന് രഖില്‍ പോയതായാണ് പോലീസ് സംശയിക്കുന്നത്. രഖിലിന്റെ സുഹൃത്തുകളില്‍ നിന്നടക്കം പോലീസ് വിവരങ്ങള്‍ തേടിയിട്ടുണ്ട്. ഫോണ്‍ കോളുകളും പൊലീസ് പരിശോധിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!