KSDLIVENEWS

Real news for everyone

കോവിഷീൽഡ് – സ്പുട്നിക് മിക്സിങ്ങിന് കേന്ദ്രം അനുമതി നൽകിയേക്കും

SHARE THIS ON

ന്യൂഡൽഹി: സ്ഫുട്നിക് – കോവിഷീൽഡ് വാക്സിനുകൾ തമ്മിൽ ഇടകലർത്തി നൽകുന്നതിനുള്ള അനുമതി കേന്ദ്ര സർക്കാർ നൽകിയേക്കുമെന്ന് റിപ്പോർട്ട്. അനുമതി ലഭിച്ചാൽ ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് രണ്ടാം ഡോസ് വാക്സിൻ ഏത് വേണമെന്ന് തീരുമാനിക്കാൻ സാധിക്കുമെന്ന് മിന്റ് റിപ്പോർട്ട് ചെയ്യുന്നു.

ഇതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം കൂടുതൽ പരീക്ഷണങ്ങൾക്ക് ശേഷമായിരിക്കും. വാക്സിൻ ഇടകലർത്തി നൽകുന്നത് സുരക്ഷിതം എന്ന് മാത്രമല്ല ശക്തമായ പ്രതിരോധ ശേഷി ഉണ്ടാക്കുന്നുണ്ട്. ഇത്തരത്തിൽ വാക്സിൻ നൽകുന്നതിലൂടെ രാജ്യത്തെ വാക്സിൻ ക്ഷാമത്തെ നേരിടാൻ സാധിക്കും. എന്നാൽ ശാസ്ത്രീയ തെളിവുകൾ പരിഗണിച്ച ശേഷം മാത്രമായിരിക്കും അന്തിമ തീരുമാനം ഉണ്ടാവുക എന്ന് റിപ്പോർട്ടിൽ പറയുന്നു.


നിലവിൽ ഇത്തരത്തിൽ ഇടകലർത്തി വാക്സിൻ ഡോസുകൾ നൽകുന്നതിനെ സർക്കാർ അനുകൂലിക്കുന്നില്ലെന്ന് എൻ.ടി.എ.ജി.ഐ ചെയർമാൻ എൻ.കെ. അറോറ പറഞ്ഞു.

രണ്ടാം ഡോസ് വാക്സിൻ പെട്ടെന്ന് ലഭിക്കാത്തവർക്കും ആദ്യം എടുത്ത വാക്സിൻ തന്നെ രണ്ടാം ഡോസായി ലഭിക്കാത്തവർക്കും ഇത്തരത്തിൽ ഇടകലർത്തി ഡോസുകൾ സ്വീകരിക്കാൻ അനുമതി നൽകുന്നത് ഏറെ സഹായകരമാകുമെന്ന് അറോറ കൂട്ടിച്ചേർത്തു.


കോവിഷീൽഡും – കോവാക്സിനും തമ്മിൽ ഇടകലർത്തി നൽകുന്നതിന് സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ സബ്ജക്ട് എക്സ്പെർട്ട് കമ്മിറ്റി അനുകൂലമാണെന്ന് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു. ഇതിന് വേണ്ടി ക്ലിനിക്കൽ ട്രയൽ നടത്താൻ വെല്ലൂരിലെ ക്രിസ്റ്റ്യൻ മെഡിക്കൽ കോളേജിന് അനുമതി നൽകണമെന്ന് ശുപാർശ ചെയ്യുകയും ചെയ്തു.

വാക്സിനുകൾ തമ്മിൽ ഇടകലർത്തി നൽകുന്നത് മികച്ച പ്രതിരോധ ശേഷിയാണ് ഉണ്ടാക്കുന്നതെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. നേരത്തെ ഇത്തരത്തിൽ ഇടകലർത്തി വാക്സിൻ നൽകുന്ന രീതി എബോള, എയ്ഡ്സ് തുടങ്ങിയ രോഗങ്ങൾക്ക് ഉപയോഗിച്ചിരുന്നതായി വിദഗ്ധർ പറയുന്നു.

ജർമൻ ചാൻസിലർ ആഞ്ജല മെർക്കൽ ഇത്തരത്തിൽ ഇടകലർത്തിയാണ് വാക്സിൻ ഡോസ് സ്വീകരിച്ചത്. ആദ്യ ഡോസ് ആസ്ട്ര സെനകയുടെ വാക്സിൻ ആയിരുന്നു സ്വീകരിച്ചത്. എന്നാൽ മൊഡേണയുടെ വാക്സിനാണ് രണ്ടാം ഡോസ് ആയി മെർക്കൽ സ്വീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!