രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയാകും; തീരുമാനം വി.ഡി. സതീശനുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ

തിരുവനന്തപുരം: വി.ഡി. സതീശൻ മന്ത്രിസഭയിൽ രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയാകും. ചെന്നിത്തലയുമായി നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് തീരുമാനം. സതീശൻ ധനമന്ത്രിസ്ഥാനം ഏറ്റെടുക്കാനാണ് സാധ്യത.
മുഖ്യമന്ത്രി സ്ഥാനം വി.ഡി. സതീശന് നൽകിക്കൊണ്ട് ഹൈക്കമാൻഡിന്റെ അറിയിപ്പ് വന്നതോടെ ചെന്നിത്തല കടുത്ത അതൃപ്തി അറിയിച്ചിരുന്നു. ചെന്നിത്തല മന്ത്രിസഭയിലേക്കില്ലെന്ന തരത്തിൽ അഭ്യൂഹങ്ങളുയർന്നു. ദീപാദാസ് മുൻഷിയും വി.ഡി. സതീശനും ഉൾപ്പെടെ പിന്നീട് ചെന്നിത്തലയെ വീട്ടിലെത്തി കണ്ട് മഞ്ഞുരുക്കത്തിന് ശ്രമം നടത്തി. തുടർന്ന് മന്ത്രിസഭയിലേക്ക് വരണമെങ്കിൽ ആഭ്യന്തരംതന്നെ വേണമെന്ന് ചെന്നിത്തല നിലപാടെടുത്തതായി വാർത്ത പുറത്തുവന്നിരുന്നു.
ആഭ്യന്തരം വിട്ടുനൽകുന്ന കാര്യത്തിൽ വി.ഡി. സതീശൻ പൂർണ തൃപ്തനല്ലെങ്കിലും മുഖ്യമന്ത്രിപദം ലഭിച്ച സ്ഥിതിക്ക് ആഭ്യന്തരം ചെന്നിത്തലയ്ക്ക് കൊടുക്കാൻ അദ്ദേഹം നിർബന്ധിതനാകുകയായിരുന്നു. തനിക്ക് ആഭ്യന്തരമില്ലെങ്കിൽ ധനകാര്യം വേണമെന്ന് സതീശൻ നിലപാടെടുത്തെന്നാണ് റിപ്പോർട്ട്.
ആഭ്യന്തര മന്ത്രിസ്ഥാനത്തിന് പുറമേ ഒരു മന്ത്രിസ്ഥാനംകൂടി താൻ നിർദേശിക്കുന്ന ആൾക്ക് ലഭിക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടതായാണ് അടുത്ത വൃത്തങ്ങളിൽനിന്ന് ലഭിക്കുന്ന സൂചന. അൻവർ സാദത്ത്, ഐ.സി. ബാലകൃഷ്ണൻ എന്നീ പേരുകളാണ് ഈ സ്ഥാനത്തേക്ക് ഉയർന്നുകേൾക്കുന്നത്. എന്നാൽ, ഇക്കാര്യം പരിഗണിക്കുമോ എന്നതിൽ ഉറപ്പില്ല.

