KSDLIVENEWS

Real news for everyone

പെഗാസസ് പ്രതിഷേധം: ആറ് തൃണമൂല്‍ എംപിമാരെ രാജ്യസഭയില്‍ നിന്ന് സസ്‌പെന്റ് ചെയ്തു

SHARE THIS ON

ന്യൂഡൽഹി: പെഗാസസ് വിഷയത്തിലെ പ്രതിഷേധത്തിന്റെ പേരിൽ ആറ് തൃണമൂൽ കോൺഗ്രസ് എംപിമാരെ രാജ്യസഭയിൽ നിന്ന് സസ്പെന്റ് ചെയ്തു. സഭയിൽ പ്ലക്കാർഡുകൾ ഉയർത്തി പ്രതിഷേധിച്ചതിനാണ് നടപടി. ഡോള സെൻ, നദീമുൾ ഹക്ക്, അബീർ രഞ്ജൻ ബിശ്വാസ്, ശാന്ത ഛേത്രി, അർപിത ഘോഷ്, മൗസം നൂർ എന്നിവർക്കെതിരേയാണ് നടപടി.

പെഗാസസ് പ്രശ്നം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് തൃണമൂൽ അംഗങ്ങൾ ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾ സഭയിൽ പ്ലക്കാർഡുകൾ ഉയർത്തി പ്രതിഷേധിച്ചിരുന്നു. പ്രതിഷേധിച്ച എംപിമാരോട് അവരുടെ സീറ്റുകളിലേക്ക് മടങ്ങാൻ രാജ്യസഭാ ചെയർമാൻ വെങ്കയ്യ നായിഡു ആവശ്യപ്പെട്ടു. തുടർന്ന് പ്ലക്കാർഡുകൾ ഉയർത്തി പ്രതിഷേധിച്ചവർക്കെതിരേ റൂൾ 255 പ്രകാരം നടപടി എടുക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.


അംഗങ്ങളെ സസ്പെന്റ് ചെയ്തതിന് പിന്നാലെ പ്രതിപക്ഷ എംപിമാർ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് തൃണമൂൽ എംപി ഡെറിക് ഒബ്രിയാൻ ട്വീറ്റ് ചെയ്തു. മോദി-ഷാ സ്വേച്ഛാധിപത്യത്തിനെതിരെ മുഴുവൻ പ്രതിപക്ഷവും ഒന്നിക്കുന്നത് കാണാൻ ഇന്ന് രണ്ട് മണിക്ക് രാജ്യസഭയിലേക്ക് വരൂ എന്നാണ് അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്.

പാർലമെന്റിന്റെ വർഷകാല സമ്മേളനം ആരംഭിച്ചതുമുതൽ തുടരുന്ന പ്രതിഷേധത്തിൽ രാജ്യസഭയും ലോക്സഭയും നിരന്തരമായി തടസപ്പെടുകയാണ്. വർഷകാല സമ്മേളനം സുഗമമായി നടത്താൻ അനുവദിക്കുന്നില്ലെന്നാരോപിച്ച് പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയിരുന്നു. സഭ തടസ്സപ്പെടുത്തുന്ന പ്രതിപക്ഷ നടപടി ഭരണഘടനയേയും ജനാധിപത്യത്തേയും പാർലമെന്റിനേയും ജനങ്ങളേയും അപമാനിക്കലാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!