‘വള്ളക്കടവിൽ കറൻസി മാറ്റി, ഡോളർ നിറച്ചത് സിഗററ്റ് പായ്ക്കറ്റില്; മസ്കത്തു വരെ സ്വപ്ന.

കണ്ണൂർ ∙ തിരുവനന്തപുരം യുഎഇ കോൺസുലേറ്റിലെ ഫിനാൻസ് വിഭാഗം മുൻ തലവൻ ഖാലിദ് അലി ഷൗക്രി തിരുവനന്തപുരം വിമാനത്താവളം വഴി കടത്തിയ 1.9 ലക്ഷം യുഎസ് ഡോളർ ഒളിപ്പിച്ചിരുന്നതു 3 ബാഗുകളിലായാണെന്നും മസ്കത്ത് വിമാനത്താവളത്തിൽ വച്ച് ഇത് സിഗരറ്റ് പായ്ക്കറ്റിലേക്കു മാറ്റിയതായും ഡോളർ കടത്ത് കേസിലെ പ്രതി സ്വപ്നയുടെ മൊഴി. കേസിലെ കാരണം കാണിക്കൽ നോട്ടിസിലാണ് ഇക്കാര്യം പറയുന്നത്.
‘ട്രോളി ബാഗ്, ബാക്പാക്, സൈഡ് ബാഗ് എന്നിവയിലായാണു ഖാലിദ് അലി ഷൗക്രി 1.90 ലക്ഷം ഡോളർ ഒളിപ്പിച്ചത്. കോൺസുലേറ്റിലെ എക്സ്റേ മെഷീനിൽ ബാഗുകളെല്ലാം ആദ്യം പരിശോധിച്ച് ഉറപ്പു വരുത്തിയിരുന്നു. ഖാലിദ്, ബാഗ് എക്സ്റേ മെഷീനിലിട്ട് പല ആംഗിളുകളിൽനിന്നു പരിശോധിക്കുന്നത് മുൻപും ഞാൻ കണ്ടിട്ടുണ്ട്. വിമാനത്താവളത്തിലെ പരിശോധനയിൽ, തീരെ സംശയം തോന്നാത്ത രീതിയിൽ ഒളിപ്പിക്കാൻ വേണ്ടിയുള്ള മുൻകരുതലായിരുന്നു ഇത്. അന്നു മസ്കത്ത് വിമാനത്താവളത്തിലെത്തിയ ശേഷം, ട്രാൻസിറ്റ് ലൗഞ്ചിലെ ഹോട്ടലിൽ ഖാലിദ് അലി ഷൗക്രി മുറിയെടുത്തു. ഡ്യൂട്ടി ഫ്രീ ഷോപ്പിൽനിന്ന് വലിയ പായ്ക്കറ്റ് സിഗരറ്റ് വാങ്ങിയിരുന്നു.
swapna-suresh-1
സ്വപ്ന സുരേഷ്
ബാഗുകളിൽനിന്നുള്ള വിദേശ കറൻസി, മുറിയിൽ വച്ച് സിഗരറ്റ് പായ്ക്കറ്റുകളിലേക്കു മാറ്റി. ഇതിനു വേണ്ടി, വലിയ പായ്ക്കറ്റിൽനിന്നു മാറ്റിയ ചെറിയ പായ്ക്കറ്റുകൾ സരിത്തിനു നൽകി. ഇതിനു ശേഷം ഞാനും സരിത്തും ദുബായിലേക്കും ഖാലിദ് അലി ഷൗക്രി കെയ്റോയിലേക്കും യാത്ര തുടർന്നു. ഇതിനു മുൻപു ഖാലിദ് മൂന്നോ നാലോ തവണ വൻതോതിൽ വിദേശ കറൻസി കെയ്റോയിലേക്ക് ഒളിപ്പിച്ചു കടത്തിയിട്ടുണ്ട്. സരിത്തും കോൺസൽ ജനറലിന്റെ ഗൺമാൻ ജയഘോഷുമാണു തിരുവനന്തപുരം വിമാനത്താവളത്തിൽ വേണ്ട സൗകര്യം ചെയ്തു കൊടുത്തിരുന്നത്. ഒരു തവണ, വിദേശ കറൻസിയുമായി ഖാലിദിനെ വിദേശ വിമാനത്താവളത്തിൽ പിടികൂടിയിരുന്നു. ഇത്, കെയ്റോയിലാണോ കുവൈത്തിലാണോയെന്നു വ്യക്തമല്ല.’– മൊഴിയിൽ പറയുന്നു.
കറൻസി കടത്തിൽ മറ്റ് നയതന്ത്ര ഉദ്യോഗസ്ഥരും
യുഎഇ കോൺസുലേറ്റിലെ മറ്റു ചില മുൻ ഉദ്യോഗസ്ഥരും വിദേശ കറൻസി കടത്തിയെന്ന് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം വ്യക്തമാക്കുന്നു. ഡോളർ കടത്തു കേസിലെ കാരണം കാണിക്കൽ നോട്ടിസിലാണ്, മുൻ കോൺസൽ ജനറൽ ജമാൽ ഹുസൈൻ അൽസാബി, മുൻ അഡ്മിൻ അറ്റാഷെ റാഷിദ് അൽ മുസാഖിരി, ഫിനാൻസ് വിഭാഗം മുൻ തലവൻ ഖാലിദ് ഷൗക്രി എന്നിവർക്കു പുറമെ യുഎഇ കോൺസുലേറ്റിലെ മറ്റു ചില ഉദ്യോഗസ്ഥർ കൂടി വിദേശത്തേക്കു കറൻസി കടത്തിൽ സജീവമായിരുന്നുവെന്നു സ്വപ്നയുടെയും സരിത്തിന്റെയും മൊഴികളെ അടിസ്ഥാനമാക്കി കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പറയുന്നത്.
നയതന്ത്ര പ്രതിനിധികളായ അബ്ദുല്ല സാദ് അൽ ഖുഹ്താനി, അഹമ്മദ് അൽ ദൗഖി എന്നിവരും ഡോളർ കടത്തിലുണ്ടായിരുന്നുവെന്നാണ് ഇരുവരുടെയും മൊഴിയിലുള്ളത്. യുഎഇ കോൺസുലേറ്റ് ഫിനാൻസ് വിഭാഗം മുൻ തലവൻ ഖാലിദ് അലി ഷൗക്രി 2019 ഓഗസ്റ്റ് 7ന് 1.90 ലക്ഷം ഡോളർ തിരുവനന്തപുരം വിമാനത്താവളം വഴി മസ്കത്തിലേക്കും അവിടെനിന്നു കെയ്റോയിലേക്കും കടത്തിയെന്നാണു ഡോളർ കടത്ത് കേസ്. അന്നു ഖാലിദിന്റെ നിർബന്ധ പ്രകാരം താനും സരിത്തും മസ്കത്തു വരെ ഖാലിദിനൊപ്പം യാത്ര ചെയ്തിരുന്നുവെന്നും സ്വപ്നയുടെ മൊഴിയിലുണ്ട്.
‘മുൻ കോൺസൽ ജനറൽ ജമാൽ ഹുസൈൻ അൽസാബിയും ഇതുപോലെ പലതവണ ബാഗുകൾ കോൺസുലേറ്റിൽ വച്ച് എക്സ്റേ പരിശോധനയ്ക്കു വിധേയമാക്കിയിട്ടുണ്ടെന്നു ഖാലിദ് എന്നോടു പറഞ്ഞിട്ടുണ്ട്. ബാഗിൽ വിദേശ കറൻസി ഒളിപ്പിക്കുന്നതു ഗൺമാൻ ജയഘോഷിനും സരിത്തിനും അറിയാമായിരുന്നു. കോൺസുലേറ്റുമായി ബന്ധപ്പെട്ട കരാറുകളിൽ കൂടുതൽ കമ്മിഷൻ ലഭിക്കാൻ വേണ്ടി കോൺസൽ ജനറലും ഖാലിദ് അലി ഷൗക്രിയും ജീവനക്കാരിൽ നിരന്തരം സമ്മർദം ചെലുത്തിയിരുന്നു’– മൊഴിയിൽ പറയുന്നു.
കറൻസി മാറ്റം തിരുവനന്തപുരം വള്ളക്കടവിൽ വച്ച്
വൻതോതിൽ വിദേശ കറൻസിയുമായാണു താൻ യാത്ര ചെയ്യാറുള്ളതെന്നും ചെക്ക് ഇൻ ബാഗേജ് കസ്റ്റംസ് തുറന്നു നോക്കാൻ സാധ്യതയുണ്ടോയെന്നും കോൺസുലേറ്റിലെ നയതന്ത്ര ഉദ്യോഗ്സഥൻ അബ്ദുല്ല സാദ് അൽ ഖുഹ്താനി തന്നോടു പറഞ്ഞതായി സരിത്തിന്റെ മൊഴിയിലുണ്ട്. ‘ഒരു തവണ, തന്റെ ചെക്ക് ഇൻ ബാഗേജ് തുറക്കാൻ എയർൈലൻ സുരക്ഷാ ജീവനക്കാരൻ ആവശ്യപ്പെട്ടിരുന്നുവെന്നും അബ്ദുല്ല പറഞ്ഞിട്ടുണ്ട്. കോൺസുലേറ്റിലെ ഇന്റീരിയർ ജോലികളുമായി ബന്ധപ്പെട്ടു ലഭിക്കുന്ന കമ്മിഷനാണ് വിദേശ കറൻസിയിലേക്കു മാറ്റി കടത്തുന്നത്. തിരുവനന്തപുരം വള്ളക്കടവിൽ വച്ചാണ് ഇയാൾ അനധികൃതമായി കറൻസി മാറ്റം നടത്തുന്നത്. കോൺസുലേറ്റിലെ എല്ലാ അനധികൃത ഇടപാടുകളുടെയും ആസൂത്രകൻ ഖാലിദാണ്.’ – സരിത്തിന്റെ മൊഴിയിൽ

