മെഡല്‍ സ്വീകരിച്ചപ്പോള്‍ പോലും ഇത്രയ്ക്ക് വിറച്ചിട്ടില്ല; മമ്മൂട്ടിയുടെ സന്ദര്‍ശനത്തില്‍ ശ്രീജേഷ്

കിഴക്കമ്പലം: മമ്മൂട്ടി അപ്രതീക്ഷിതമായി വീട്ടിലെത്തിയപ്പോൾ ഞെട്ടിപ്പോയെന്ന് ടോക്യോ ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീം ഗോൾകീപ്പർ പി.ആർ ശ്രീജേഷ്. വ്യാഴാഴ്ച രാവിലെയാണ് മമ്മൂട്ടി ശ്രീജേഷിന്റെ കിഴക്കമ്പലം പള്ളിക്കരയിലെ വീട്ടിൽ നേരിട്ടെത്തി അഭിനന്ദനം അറിയിച്ചത്. ശ്രീജേഷിന് ബൊക്കെ സമ്മാനിച്ച മമ്മൂട്ടി 49 വർഷങ്ങൾക്കു ശേഷം ഒരു ഒളിമ്പിക് മെഡൽ കേരളത്തിലെത്തിച്ച താരത്തെ പ്രശംസിക്കുകയും ചെയ്തു. അതേസമയം ഒളിമ്പിക്സ് മെഡൽ സ്വീകരിച്ചപ്പോൾ പോലും കൈ ഇങ്ങനെ വിറച്ചിട്ടില്ലെന്നായിരുന്നു മമ്മൂക്കയിൽ നിന്ന് ബൊക്കെ ഏറ്റുവാങ്ങുമ്പോൾ ശ്രീജേഷിന്റെ പ്രതികരണം. ”മമ്മൂക്ക വരുന്ന വിവരം പറഞ്ഞിരുന്നില്ല. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രതിനിധികൾ വരുന്നു എന്നാണ് അറിയിച്ചിരുന്നത്. മമ്മുക്കയെ കണ്ടപ്പോൾ ശരിക്കും ഞെട്ടി. വീട്ടിനകത്തേക്ക് വന്നപ്പോൾ വിശ്വസിക്കാനായില്ല. ടെൻഷൻ ക്കൊണ്ട് കൈ ഒക്കെ വിറയ്ക്കുന്നുണ്ടായിരുന്നു.” – ശ്രീജേഷ് പറഞ്ഞു. ശ്രീജേഷിന്റെ കുടുംബാംഗങ്ങളും അപ്രതീക്ഷിതമായി മമ്മൂട്ടി വീട്ടിലേക്കെത്തിയതിന്റെ ഞെട്ടലിലായിരുന്നു. നിർമാതാവ് ആന്റോ ജോസഫ്, പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ എന്നിവരും മമ്മൂട്ടിക്കൊപ്പമുണ്ടായിരുന്നു.

