അഫ്ഗാനിലെ സാഹചര്യങ്ങള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നത തല യോഗം

ന്യൂഡൽഹി: താലിബാന്റെ നിയന്ത്രണത്തിലായ അഫ്ഗാനിസ്ഥാനിലെ സാഹചര്യങ്ങൾ വിലയിരുത്താൻ പ്രധാനമന്ത്രിയുടെ അധ്യക്ഷയിൽ യോഗം. ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ധനമന്ത്രി നിർമല സീതാരാമൻ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. പ്രധാനമന്ത്രി തുടർച്ചയായി അഫ്ഗാനിലെ സ്ഥിതിഗതികൾ വിലയിരുത്തിവരികയാണെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. ഇന്ത്യക്കാരെ തിരികെയെത്തിക്കുന്നത് അടക്കമുള്ള കാര്യങ്ങളിലുള്ള തുടർ നടപടികൾ സംബന്ധിച്ച് യോഗം ചർച്ചചെയ്യും. ഇന്ത്യക്കാരായ 1650 പേർ അഫ്ഗാനിസ്താനിൽ നിന്ന് തിരികെയെത്തുന്നതിന് അപേക്ഷ നൽകിയിട്ടുണ്ട്. കാബൂളിലെ എംബസിയിൽനിന്നുള്ള ജീവനക്കാരെ ഇന്ന് ഇന്ത്യ തിരിച്ചെത്തിച്ചിരുന്നു. എംബസി ഉദ്യോഗസ്ഥർ, ഇന്തോ-തിബറ്റൻ ബോർഡർ പോലീസുകാർ തുടങ്ങിയവരെയാണ് വ്യോമസേനയുടെ വിമാനത്തിൽ ഇന്ന് തിരിച്ചെത്തിച്ചത്. കാബൂളിലെ ഇന്ത്യൻ എംബസി ഇതുവരെ അടച്ചിട്ടില്ല. അഫ്ഗാൻ ജീവനക്കാർ എംബസിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

