KSDLIVENEWS

Real news for everyone

കെ.എസ്.ആർ.ടി.സി.യിൽ സ്ത്രീകൾക്ക് സൗജന്യയാത്ര ഓർഡിനറിയിൽ മാത്രമാകും; വരുമാനപരിധി ഉണ്ടാകില്ല

SHARE THIS ON

തിരുവനന്തപുരം: യു.ഡി.എഫ്. പ്രഖ്യാപിച്ച ഇന്ദിരാഗാരന്റിപ്രകാരം കെ.എസ്.ആർ.ടി.സി.യിൽ സ്ത്രീകൾക്കുള്ള സൗജന്യയാത്ര ഓർഡിനറി ബസുകളിൽ മാത്രമാകും ലഭ്യമാകുക. വരുമാനപരിധിയില്ലാതെ എല്ലാ സ്ത്രീകൾക്കും സൗജന്യയാത്ര അനുവദിക്കും.
കർണാടക, പഞ്ചാബ്, തെലങ്കാന, ആന്ധ്ര എന്നിവിടങ്ങളിൽ സ്വദേശികളായ സ്ത്രീകൾക്ക് ഓർഡിനറി ബസുകളിൽ സൗജന്യയാത്ര നടപ്പാക്കിയപ്പോൾ പ്രത്യേക കാർഡുകൾ ഏർപ്പെടുത്തിയിരുന്നു. എന്നാൽ, കേരളത്തിൽ ഇതില്ലാതെ സൗജന്യയാത്ര അനുവദിക്കും. തമിഴ്‌നാട്ടിലും ഇതേ മാതൃകയാണ്.

സംസ്ഥാനത്താകെ 4700-ഓളം കെ.എസ്.ആർ.ടി.സി. ബസുകളാണുള്ളത്. ഇതിൽ മൂവായിരത്തോളം ഓർഡിനറിയാണ്. ഇവയിൽ 300 സിറ്റി ഫാസ്റ്റുകളൊഴികെയുള്ള ബസുകളിലാകും സൗജന്യയാത്ര. 1400 സൂപ്പർ ക്ലാസുകളും 300 ഫാസ്റ്റുകളുമുണ്ട്. നിലവിൽ ഒരു ഓർഡിനറി ബസിൽ ദിവസം 700 മുതൽ 1000 വരെ പേരാണ് യാത്രചെയ്യുന്നത്.

പ്രവർത്തനച്ചെലവ് കൂടിയ ഡീസൽ ബസുകൾ ഉപയോഗിച്ച് സൗജന്യയാത്ര അനുവദിക്കുന്നത് പ്രായോഗികമല്ല. ഇലക്‌ട്രിക് ബസുകൾ പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്ര സർക്കാർ പദ്ധതികളുണ്ട്. രണ്ടാം പിണറായി സർക്കാർ ഇത് പ്രയോജനപ്പെടുത്തിയിരുന്നില്ല.

സൗജന്യയാത്ര നടപ്പാക്കിയാൽ മാസം 90 കോടിയോളം രൂപ അധികബാധ്യതയുണ്ടാകും. നിലവിൽ ശമ്പളത്തിന് 50 കോടിയും പെൻഷന് 80 കോടിയും സർക്കാർ നൽകുന്നുണ്ട്. ഇന്ധനവില വർധനമൂലം മാസം മൂന്നുകോടിയുടെ അധികബാധ്യതയും ഉണ്ടാകും. സൗജന്യയാത്രകൂടിയാകുമ്പോൾ 220 കോടി നൽകേണ്ടിവരും. സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കുമ്പോൾ കുടുംബാംഗങ്ങളായ പുരുഷന്മാരും യാത്രചെയ്യുമെന്നും ഇത് അധികവരുമാനമുണ്ടാക്കുമെന്നുമാണ് കെ.എസ്.ആർ.ടി.സി. കരുതുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!