ഇൻഡോർ സ്റ്റേഡിയം നിർമാണത്തിന് ഒച്ചിഴയും വേഗം-

കാഞ്ഞങ്ങാട് ∙ പണിതിട്ടും പണിതിട്ടും പണി തീരാതെ ഇൻഡോർ സ്റ്റേഡിയം. അലാമിപ്പള്ളി പുതിയ ബസ് സ്റ്റാൻഡിന്റെ പിറകിലായി നിർമിക്കുന്ന ഇൻഡോർ സ്റ്റേഡിയമാണ് നിർമാണം തുടങ്ങി മാസങ്ങൾ പിന്നിട്ടിട്ടും തറയിലും തൂണിലും ആയി നിൽക്കുന്നത്. കാസർകോട് വികസന പാക്കേജിൽ പെടുത്തി 6 കോടിയാണ് ഇൻഡോർ സ്റ്റേഡിയത്തിന് അനുവദിച്ചത്. പണി തുടങ്ങിയപ്പോൾ തന്നെ മെല്ലെപ്പോക്ക് ആയിരുന്നു. പണിക്ക് വേഗം പോരെന്ന് തോന്നിയതോടെ വികസന പാക്കേജ് അധികൃതർ തന്നെ കരാറുകാരന് താക്കീത് നൽകി.
എന്നിട്ടും പണിക്ക് വേഗം കൂടിയില്ല. ഇതോടെ കരാറുകാരനു കരാർ അവസാനിപ്പിക്കാനുള്ള നോട്ടിസ് തന്നെ അധികൃതർ നൽകി. ഇതോടെ 2021 ഡിസംബറിന് മുൻപ് പണി തീർക്കാമെന്ന ഉറപ്പ് കരാറുകാരൻ അധികൃതർക്ക് നൽകുകയായിരുന്നു. എന്നാൽ, ഇനിയുള്ള ചുരുങ്ങിയ മാസങ്ങൾക്കുള്ളിൽ പണി തീർക്കാൻ കഴിയുമോയെന്ന കാര്യത്തിൽ ഇപ്പോഴും ആശങ്കയുണ്ട്. നിലവിൽ കെട്ടിടത്തിന്റെ തൂണും തറയും മാത്രമേ പൂർത്തിയായിട്ടുള്ളൂ. മറ്റൊരു ഭാഗത്ത് ഗാലറിയുടെ നിർമാണം ആരംഭിച്ചിട്ടുണ്ട്.
തറയിൽ മണ്ണു നിറയ്ക്കുന്നത് അടക്കമുള്ള പണികൾ ഇപ്പോഴും ബാക്കിയാണ്. സ്റ്റേഡിയത്തിന്റെ താഴത്തെ നിലയിൽ 7 വരി ഗാലറി നിർമിക്കണം. കൂടാതെ ബാസ്കറ്റ് ബോൾ, വോളിബോൾ, ഹാൻഡ് ബോൾ, ബാഡ്മിന്റൻ കോർട്ടുകളും വേണം. മുകളിലത്തെ നിലയിലായി വിഐപി ഗാലറി, ജിംനേഷ്യം, കളിക്കാർക്ക് വസ്ത്രം മാറാനുള്ള മുറി എന്നിവ വേണം. ഇതൊക്കെ ഡിസംബറിന് മുൻപായി പൂർത്തിയാക്കാൻ കഴിയുമോ എന്നാണ് നാട്ടുകാർ ചോദിക്കുന്നത്.
പ്രതിഷേധവുമായി യുഡിഎഫ്
അലാമിപള്ളി ബസ് സ്റ്റാൻഡിന് അകത്തെ മുഴുവൻ സ്ഥലവും അക്വയർ ചെയ്ത് തുറന്ന സ്റ്റേഡിയവും ഇൻഡോർ സ്റ്റേഡിയവും നിർമിക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് കൗൺസിലർമാരുടെ നേതൃത്വത്തിൽ 2ന് 11ന് ആലാമിപ്പള്ളി പുതിയ ബസ് സ്റ്റാൻഡ് ധർണ നടത്തും. കൗൺസിലിന്റെ അംഗീകാരമില്ലാതെ ആണ് ഇൻഡോർ സ്റ്റേഡിയം പണി തുടങ്ങിയത്. മുഴുവൻ സ്ഥലവും അക്വയർ ചെയ്ത് ഓപ്പൺ സ്റ്റേഡിയം അടക്കം വരേണ്ട സ്ഥലത്താണ് ഇപ്പോൾ ഇൻഡോർ സ്റ്റേഡിയം മാത്രം നിർമിക്കുന്നത്.
ഇതുവഴി ഭൂമാഫിയകളെ സഹായിക്കുകയാണ് ലക്ഷ്യം. യോഗത്തിൽ പാർലമെന്ററി പാർട്ടി ലീഡർ കെ.കെ.ജാഫർ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി കെ.മുഹമ്മദ് കുഞ്ഞി, മണ്ഡലം പ്രസിഡന്റ് എം.പി.ജാഫർ, മുസ്ലിം ലീഗ് മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് എൻ.എ.ഖാലിദ്, ജനറൽ സെക്രട്ടറി സി.കെ.റഹ്മത്തുല്ല, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.പി.ബാലകൃഷ്ണൻ, കെ.കുഞ്ഞിക്കൃഷ്ണൻ,
യുഡിഎഫ് നഗരസഭ കൗൺസിലർമാരായ ടി.കെ.സുമയ്യ, സി.കെ.അഷ്റഫ്, ടി.മുഹമ്മദ് കുഞ്ഞി, സെവൻ സ്റ്റാർ അബ്ദുൽ റഹ്മാൻ, വി.വി.ശോഭ, സി.എച്ച്.സുബൈദ, ഹസീന റസാഖ്, അസ്മ മാങ്കുൽ, റസിയ ഗഫൂർ, ആയിഷ, അനീസ എന്നിവർ പ്രസംഗിച്ചു.

