തീ തുപ്പുന്ന പന്തുകളുമായി ഇനിയില്ല; ഡെയ്ല്‍ സ്റ്റെയ്ന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു

ജൊഹാനസ്ബർഗ്: ദക്ഷിണാഫ്രിക്കൻ പേസർ ഡെയ്ൽ സ്റ്റെയ്ൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ചൊവ്വാഴ്ച ട്വിറ്ററിൽ പങ്കുവെച്ച കുറിപ്പിലാണ് താരം പ്രഖ്യാപനം നടത്തിയത്.
രാജ്യാന്തര ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച പേസർമാരിൽ ഒരാളാണ് സ്റ്റെയ്ൻ.
16 വർഷം നീണ്ട കരിയറിൽ 93 ടെസ്റ്റുകളും 125 ഏകദിനങ്ങളും 47 ട്വന്റി 20-കളും താരം കളിച്ചിട്ടുണ്ട്. എല്ലാ ഫോർമാറ്റിൽ നിന്നുമായി 699 വിക്കറ്റുകളും താരം നേടിയിട്ടുണ്ട്.
2004 ഡിസംബർ 17-നാണ് താരം ദക്ഷിണാഫ്രിക്കയ്ക്കായി അരങ്ങേറ്റം കുറിച്ചത്. 2020 ഫെബ്രുവരി 21-നായിരുന്നു അവസാന മത്സരം.
93 ടെസ്റ്റിൽ നിന്ന് 439 വിക്കറ്റുകളും 125 ഏകദിനങ്ങളിൽ നിന്ന് 196 വിക്കറ്റുകളും 47 ട്വന്റി 20-യിൽ നിന്ന് 64 വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്.
2008 മുതൽ 2014 വരെ തുടർച്ചയായി 263 ആഴ്ചകൾ ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനം നിലനിർത്തിയ താരമാണ് സ്റ്റെയ്ൻ.

